14ല്‍ 11 ഉം ഒന്നാമന്‍! ട്രെന്‍ഡ് തുടരുമോ ഈ സീസണും? ചരിത്രം ആവര്‍ത്തിച്ചാല്‍ കന്നി കിരീടം ചിന്നസ്വാമിയിലെത്തും
IPL
14ല്‍ 11 ഉം ഒന്നാമന്‍! ട്രെന്‍ഡ് തുടരുമോ ഈ സീസണും? ചരിത്രം ആവര്‍ത്തിച്ചാല്‍ കന്നി കിരീടം ചിന്നസ്വാമിയിലെത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd June 2025, 2:40 pm

ഐ.പി.എല്‍ 2025ലെ ചാമ്പ്യന്മാരെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ടൂര്‍ണമെന്റിന്റെ അവസാന അങ്കത്തില്‍ ശക്തരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സും ഏറ്റുമുട്ടുമ്പോള്‍ പുതിയ കിരീടാവകാശിയെത്തും. ഇരു ടീമുകളില്‍ ആരാണ് 18 വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് അറുതി വരുത്തുകയെന്നാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്.

ഒന്നാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനും കണ്ണീരിനും അന്ത്യം കുറിച്ച് കന്നി കിരീടം ഉയര്‍ത്തുകയാണ് പ്ലേ ബോള്‍ഡ് ആര്‍മിയുടെ ലക്ഷ്യം. പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ കീഴില്‍ സീസണിലുടനീളം നടത്തിയ പ്രകടനം ടീമിന്റെ നാലാം ഫൈനലിലും തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

അതേസമയം, പഞ്ചാബ് കിങ്സ് രണ്ടാം ക്വാളിഫയറില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് ഫൈനലിലേക്ക് എന്‍ട്രി നടത്തിയത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് 11 വര്‍ഷത്തിന് ശേഷം പഞ്ചാബിന് ഒരു ഫൈനല്‍ പ്രവേശനം സമ്മാനിച്ചത്. വലിയ താരങ്ങളില്ലാതെ യുവനിരയുടെ കരുത്തുമായി ഇറങ്ങുന്ന പഞ്ചാബിന്റെയും ഉന്നം കന്നി കിരീടം തന്നെ.

പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് ബെംഗളൂരുവും വിരാടും ആദ്യ കിരീടം നേടുമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, മികച്ച ഫോമില്‍ തുടരുന്ന ശ്രേയസ് അയ്യര്‍ പഞ്ചാബിനെ കിരീടമണിയിച്ച് ചരിത്രം സൃഷ്ടിക്കുമെന്നാണ് മറ്റൊരു വിഭാഗം കരുതുന്നത്.

ഐ.പി.എല്‍ ഫൈനലുകളിലെ ചരിത്രം പരിശോധിക്കുമ്പോള്‍ കിരീടപ്പോരില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് നേരിയ മുന്‍തൂക്കമുണ്ട്. 2011ന് ശേഷം കളിച്ച 14 ഫൈനലുകളില്‍ 11ലും ടൂര്‍ണമെന്റ് ജേതാക്കളായത് ഒന്നാം ക്വാളിഫയറിലെ വിജയികളാണ്.

ചരിത്രത്തിലെ മറ്റൊരു ട്രെന്‍ഡും ബെംഗളൂരുവിന്റെ കിരീട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. 2018 മുതല്‍ 2024 വരെയുള്ള സീസണുകളിലെ എല്ലാ ജേതാക്കളും ഒന്നാം ക്വാളിഫയറില്‍ വിജയിച്ചാണ് കിരീടമണിഞ്ഞത്.

ഐ.പി.എല്‍ ഫൈനലുകളില്‍ ക്വാളിഫയര്‍ ഒന്നില്‍ വിജയിച്ച് കിരീടം നേടിയവര്‍, വര്‍ഷം (2018 – 2024)

ചെന്നൈ സൂപ്പര്‍ കിങ്സ് – 2018 , 2021, 2023

മുംബൈ ഇന്ത്യന്‍സ് – 2019, 2020

ഗുജറാത്ത് ടൈറ്റന്‍സ് – 2022

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2024

2016ന് ശേഷം ഇതാദ്യമായാണ് ബെംഗളൂരു ഫൈനലില്‍ എത്തുന്നത്. അതേസമയം 2014ന് ശേഷമാണ് പഞ്ചാബും മറ്റൊരു ഫൈനല്‍ കാണുന്നത്. അതുകൊണ്ടുതന്നെ ആരാധകര്‍ക്ക് വൈകാരികവും തീവ്രതയേറിയതുമായ ഒരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

ചരിത്രവും കണക്കുകളും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്‍തൂക്കം നല്‍കുന്നുവെങ്കിലും ആരാവും ക്രിക്കറ്റ് മാമാങ്കത്തിന്റെ അവസാന നിമിഷം വെന്നിക്കൊടി പാറിക്കുകയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.

Content Highlight: IPL 2025: RCB vs PBKS: History favors Royal Challengers Bengaluru  for winning IPL title ongoing season