ഐ.പി.എല്‍ 2025ലെ തങ്ങളുടെ അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 228 റണ്‍സിന്റെ വിജയലക്ഷ്യവുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. സ്വന്തം തട്ടകമായ ലഖ്‌നൗവിലെ എകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ സെഞ്ച്വറി കരുത്തിലാണ് സൂപ്പര്‍ ജയന്റ്‌സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
61 പന്ത് നേരിട്ട താരം പുറത്താകാതെ 118 റണ്‍സ് നേടി. എട്ട് സിക്‌സറും 11 ഫോറും അടക്കം 193.44 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു പന്തിന്റെ ബാറ്റിങ്. സീസണില്‍ പന്തിന്റെ ആദ്യ സെഞ്ച്വറിയും ഐ.പി.എല്‍ ചരിത്രത്തില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയും ടി-20 ഫോര്‍മാറ്റില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറിയുമാണിത്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡിലേക്ക് പന്ത് കാലെടുത്തുവെച്ചു. ഐ.പി.എല്ലില്‍ ഒരു വിക്കറ്റ് കീപ്പറിന്റെ ഏറ്റവും മികച്ച സ്‌കോറിന്റെ പട്ടികയില്‍ ആറാം സ്ഥാനത്താണ് പന്തിന്റെ ഈ ഇന്നിങ്‌സ് ഇടം നേടിയത്. ഈ ലിസ്റ്റില്‍ നാലാം സ്ഥാനത്തും പന്തിന്റെ ഇന്നിങ്‌സാണ് ഇടം നേടിയിരിക്കുന്നത്.
ഒരു വശത്ത് നിന്ന് മാര്‍ഷും മറുവശത്ത് നിന്ന് പന്തും ആര്‍.സി.ബി ബൗളര്‍മാരെ പഞ്ഞിക്കിട്ടു. നേരിട്ട 29ാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പന്ത് ഗോഡ് മോഡിലാണ് കളം നിറഞ്ഞാടിയത്.
ഇതിനിടെ 37 പന്തില്‍ 67 റണ്‍സുമായി മാര്‍ഷ് തിരിച്ചുനടന്നു. സീസണിലെ ആറാം ഫിഫ്റ്റിയുമായാണ് മാര്‍ഷ് തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്.
നാലാം നമ്പറിലെത്തിയ നിക്കോളാസ് പൂരന് തന്റെ ബ്രൂട്ടല്‍ ഹിറ്റിങ് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ റോളും പന്ത് ഏറ്റെടുത്തു. പൂരനെ സാക്ഷിയാക്കി ബൗണ്ടറിയടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി താരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അല്‍പ്പം വൈകിയാണെങ്കിലും നല്‍കി.
ഒടുവില്‍ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റില്‍ 227ലെത്തി. പന്ത് 61 പന്തില്‍ 118 റണ്‍സും അബ്ദുള്‍ സമദ് ഒരു പന്തില്‍ ഒരു റണ്ണും നേടി പുറത്താകാതെ നിന്നു.
റോയല്‍ ചലഞ്ചേഴ്സിനായി നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Content Highlight: IPL 2025: RCB vs LSG: Rishabh Pant once again joined the elite list of highest Score by wicket keeper in IPL