തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം സ്റ്റേഡിയമായ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 റണ്‍സിന്റെ പരാജയമാണ് ഗെയ്ക്വാദിന്റെ സൂപ്പര്‍ കിങ്സിന് നേരിടേണ്ടി വന്നത്.
ഇപ്പോള്‍ തോല്‍വിയുടെ കാരണം വിശദീകരിക്കുകയാണ് ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്. ഡ്രോപ് ക്യാച്ചുകളടക്കമുള്ള ഫീല്‍ഡിങ്ങിലെ മോശം പ്രകടനമാണ് തോല്‍വിക്ക് കാരണമായതെന്നാണ് ഗെയ്ക്വാദ് വിശദീകരിക്കുന്നത്.
‘എനിക്ക് തോന്നുന്നത് 170 പോലും ഈ വിക്കറ്റില്‍ മികച്ച സ്‌കോര്‍ ആണെന്നാണ്. ഇവിടെ ബാറ്റ് ചെയ്യുക എളുപ്പമായിരുന്നില്ല. ഫീല്‍ഡിങ്ങിലാണ് തിരിച്ചടി നേരിട്ടത്.
നിങ്ങള്‍ 170 റണ്‍സാണ് പിന്തുടരുന്നതെങ്കില്‍ കുറച്ചുകൂടി അധികം സമയം ലഭിക്കുമായിരുന്നു, എന്നാല്‍ 20 റണ്‍സ് കൂടി അധികമുള്ള സാഹചര്യത്തില്‍ പവര്‍പ്ലേയില്‍ വ്യത്യസ്തമായ രീതിയില്‍ ബാറ്റ് ചെയ്യണമായിരുന്നു, എന്നാല്‍ അത് ഇവിടെ സംഭവിച്ചില്ല.
ന്യൂബോള്‍ കുറച്ച് സ്റ്റിക്കിയായിരുന്നു, അത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് ഒന്നും തന്നെ അറിയില്ല. രാഹുല്‍ ത്രിപാഠി അവന്റെ ഷോട്ട് ബാക്ക് ചെയ്തിരുന്നു, ഞാന്‍ എന്റേതും. ചിലപ്പോള്‍ അത് വര്‍ക്കായേക്കും, ചിലപ്പോള്‍ അത് സംഭവിക്കണമെന്നില്ല.
എന്നാല്‍ ഈ പിച്ചിലെ ശരാശരിയേക്കാള്‍ 20 റണ്‍സ് അധികം പിന്തുടരുമ്പോള്‍ എല്ലായ്‌പ്പോഴും മുമ്പേ നില്‍ക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും. ഇത് മാത്രമായിരുന്നു ചിന്തയിലുണ്ടായിരുന്നത്.
എന്നാല്‍ ഒടുവില്‍ വലിയ മാര്‍ജിനിലല്ല പരാജയപ്പെട്ടത്, 50 റണ്‍സിന് മാത്രമാണ്. നിങ്ങള്‍ക്കൊപ്പം മൂന്ന് ലോകോത്തര സ്പിന്നര്‍മാരുണ്ടായിരിക്കുമ്പോള്‍ ഇത് ഉറപ്പായും വ്യത്യസ്തമായ സാഹചര്യമാണ്. പുതിയ ബാറ്റര്‍മാര്‍ അവരെ നേരിടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കും, എന്നാല്‍ അത് ഇവിടെ സംഭവിച്ചില്ല. ഞങ്ങള്‍ ക്യാച്ചുകള്‍ കൈവിട്ടു. ബൗണ്ടറികള്‍ വന്നുകൊണ്ടേയിരുന്നു. അത് തടഞ്ഞുനിര്‍ത്താന്‍ സാധിച്ചില്ല. അവസാന ഓവര്‍ വരെ അവരുടെ മൊമെന്റം തുടര്‍ന്നുകൊണ്ടേയിരുന്നു,’ ഗെയ്ക്വാദ് പറഞ്ഞു.
രാജസ്ഥാന്‍ റോയല്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തെ കുറിച്ചും താരം സംസാരിച്ചു.
‘ഗുവാഹത്തിയിലേക്ക് ഏറെ നേരം യാത്ര ചെയ്യണം. മാനസികമായി തയ്യാറെടുക്കുകയും മെച്ചപ്പെടുത്തേണ്ടതെവിടെ എന്ന് കണ്ടെത്തുകയും വേണം. എനിക്ക് തോന്നുന്നത് ഫീല്‍ഡിങ് ഇംപ്രൂവ് ചെയ്യാനുണ്ട് എന്നാണ്. ഫീല്‍ഡിങ് ഡിപ്പാര്‍ട്‌മെന്റില്‍ കൂടുതല്‍ ശക്തമായി തന്നെ തിരിച്ചുവരേണ്ടതുണ്ട്,’ ഗെയ്ക്വാദ് പറഞ്ഞു.
ഞായറാഴ്ചയാണ് രാജസ്ഥാനെതിരെ ചെന്നൈ കളത്തിലിറങ്ങുന്നത്. റോയല്‍സിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട രാജസ്ഥാന്‍ ഗുവാഹത്തിയിലെ അവസാന മത്സരത്തില്‍ വിജയപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്.
Content Highlight: IPL 2025: RCB vs CSK: Ruturaj Gaikwad blames fielders for loss against Royal Challengers Bengaluru