ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തമ്മിലുള്ള മത്സരം ശ്വാസം അടക്കിപിടിച്ചാണ് ആരാധകര്‍ കണ്ടിട്ടുണ്ടാവുക. ഇരു ടീമുകളില്‍ നിന്നായി 400 റണ്‍സ് കണ്ട മത്സരത്തില്‍ അവസാന ചിരി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെതായിരുന്നു.
ചെന്നൈക്കെതിരെ റോയല്‍ ചലഞ്ചേഴ്സ് അവസാന പന്തിലാണ് വിജയം നേടിയെടുത്തത്. സ്വന്തം ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ രണ്ട് റണ്‍സിന്റെ ജയമാണ് ഹോം ടീം സ്വന്തമാക്കിയത്. അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിച്ച് യാഷ് ദയാലാണ് ടീമിനെ വിജയ തീരമണിയിച്ചത്.
A clash for the ages 👏
A finish that’ll be remembered for years🔥#RCB triumph in an absolute thriller as Yash Dayal holds off the mighty #CSK in a roaring Bengaluru night 💪
അവസാന ഓവറില്‍ സിക്‌സ് അടിച്ച് ശിവം ദുബൈ ചെന്നൈയ്ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ആ പന്ത് നോ ബോള്‍ കൂടെ ആയതോടെ ബെംഗളൂരു ആരാധകര്‍ നെഞ്ചിടിപ്പോടെയാണ് കളി കണ്ടത്. ഒരു എക്‌സ്ട്രാ ബോള്‍ വന്നിട്ടും ഒട്ടും പതറാതെ പന്തെറിഞ്ഞ ദയാല്‍ അവസാന മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
— Royal Challengers Bengaluru (@RCBTweets) May 3, 2025
ഇതോടെ സീസണിലെ എട്ടാം വിജയം സ്വന്തമാക്കാനും പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന് സാധിച്ചു. ജയത്തോടെ ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ മുന്നേറുന്ന ടീമിന് ഒരു നേട്ടവും സ്വന്തമാക്കാനായി. ഐ.പി.എല്ലില്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സീസണ്‍ ഡബിള്‍ പൂര്‍ത്തീകരിക്കാനാണ് രജതിന്റെ കീഴില്‍ ബെംഗളുരുവിന് സാധിച്ചത്.
ഈ സീസണില്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മാര്‍ച്ച് 28ന് നടന്ന മത്സരത്തിലും റോയല്‍ ചലഞ്ചേഴ്സ് വിജയിച്ചിരുന്നു. അന്ന് 50 റണ്‍സിന്റെ വിജയമാണ് ബെംഗളൂരു നേടിയത്. ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് വിജയത്തിലേക്ക് നയിച്ചത്. ചെപ്പോക്കില്‍ ബെംഗളുരുവിനോട് തോല്‍വി വഴങ്ങിയിട്ടില്ല എന്ന 17 വര്‍ഷത്തെ ചെന്നൈയുടെ റെക്കോഡ് തകര്‍ത്താണ് ടീം വിജയം സ്വന്തമാക്കിയിരുന്നത്.
A rollercoaster of emotions, almost always goes down to the wire and this year, we took all 4 points in the Soutern Derby! 👏 pic.twitter.com/6VvHBdkWxZ
— Royal Challengers Bengaluru (@RCBTweets) May 3, 2025
ബെംഗളൂരു റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ ടൂര്‍ണമെന്റിലെ 18 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പിച്ച് പുതിയ നായകന്‍ കീഴില്‍ ബെംഗളൂരു തങ്ങളുടെ ആദ്യ ട്രോഫി സ്വന്തമാക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സീസണിലുടനീളം ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും മികച്ച പ്രകടനങ്ങളാണ് ബെംഗളൂരു നടത്തുന്നത്.
അതേ പ്രകടനം തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും പ്ലേ ബോള്‍ഡ് ആര്‍മി നടത്തിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി വിരാട് കോഹ്ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
We believed.
We stepped up.
We secured 2️⃣ points.
— Royal Challengers Bengaluru (@RCBTweets) May 3, 2025
വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി. വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിയെ 200 കടത്തിയത്. ആറ് സിക്‌സറും നാല് ഫോറും അടക്കം 378.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
സൂപ്പര്‍ കിങ്സിനായി മതീശ പതിരാന മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദും സാം കറനും ഓരോ വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സിനും മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി യുവതാരങ്ങളായ ആയുഷ് മാഹ്ത്രെയും ഷെയ്ഖ് റഷീദും മികച്ച പ്രകടനം പുറത്തെടുത്തു.
മാഹ്ത്രെ അര്‍ധ സെഞ്ച്വറിയുമായാണ് ചെന്നൈയുടെ നെടും തൂണായത്. 48 പന്തില്‍ അഞ്ച് സിക്സും ഒമ്പത് ഫോറും അടക്കം 94 റണ്‍സാണ് താരം നേടിയത്. ആയുഷിന് പുറമെ രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടി കരുത്ത് കാട്ടി. 45 പന്തില്‍ 77 നേടി താരം പുറത്താവാതെ നിന്നു.
കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ സാം കറന്‍ ഇത്തവണ പാടെ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.