ഐ.പി.എല്‍ പുനരാരംഭിക്കുമ്പോള്‍ കന്നി കിരീടം ലക്ഷ്യമിടുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വീണ്ടും തിരിച്ചടി. ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് പുറമെ ക്യാപ്റ്റന്‍ രജത് പാടിദാറും കളിക്കുന്ന കാര്യം സംശയത്തിലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17നാണ് പുനരാരംഭിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരമാണ് ഐ.പി.എല്‍ 2025ന്റെ രണ്ടാം ഭാഗത്തിലെ ആദ്യ മത്സരം. ഈ മത്സരം പാടിദാറിന് നഷ്ടമായേക്കുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരത്തില്‍ ആര്‍.സി.ബി ക്യാപ്റ്റന് വിരലിന് പരിക്കേറ്റിരുന്നു. റിപ്പോര്‍ട്ട് പ്രകാരം താരത്തിന് പരിക്കില്‍ നിന്ന് മുക്തി നേടാന്‍ സമയം ആവശ്യമാണ്. താരത്തിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ ബെംഗളൂരുവിലെ നയിച്ചേക്കും.
നേരത്തെ പരിക്ക് കാരണം ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 18 വര്‍ഷത്തെ കിരീട ദാരിദ്ര്യമവസാനിപ്പിച്ച് ഐ.പി.എല്‍ ജേതാക്കളാവുക എന്ന മോഹത്തിനാണ് ഇരുവരുടെയും പരിക്ക് തിരിച്ചടിയാവുന്നത്.
നിലവില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു 11 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിള്‍ രണ്ടാം സ്ഥാനക്കാരാണ്. 16 പോയിന്റാണ് ടീം നേടിയിട്ടുള്ളത്.
സീസണില്‍ മികച്ച പ്രകടങ്ങള്‍ കാഴ്ച വെച്ച് മുന്നേറുന്ന ബെംഗളൂരു കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നതില്‍ മുന്‍പന്തിയിലാണ്. ടീമിന്റെ പ്രകടനങ്ങളില്‍ ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും രജത് നിര്‍ണായക സാന്നിധ്യമായിരുന്നു.
Content Highlight: IPL 2025: RCB captain Rajat Patidar is likely to miss the match against KKR and also unlikely to be a part of the India A squad