ഒറ്റ സീസണില്‍ റണ്ണടിച്ചും വിക്കറ്റ് വീഴ്ത്തിയും രോഹിത് ശര്‍മ സ്വന്തമാക്കിയ ഐക്കോണിക് ഡബിളിലേക്ക് ജഡേജയും; മൂന്നാമനായി ജഡ്ഡു
IPL
ഒറ്റ സീസണില്‍ റണ്ണടിച്ചും വിക്കറ്റ് വീഴ്ത്തിയും രോഹിത് ശര്‍മ സ്വന്തമാക്കിയ ഐക്കോണിക് ഡബിളിലേക്ക് ജഡേജയും; മൂന്നാമനായി ജഡ്ഡു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 9:21 pm

സീസണിലെ അവസാന മത്സരത്തില്‍ വിജയിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് സീസണിനോട് വിടപറയുന്നത്. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് സൂപ്പര്‍ കിങ്സ് സീസണിനോട് ഗുഡ് ബൈ പറയുന്നത്.

83 റണ്‍സിനാണ് ടീമിന്റെ വിജയം. സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് 147 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ബാറ്റിങ്ങില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെയും ഡെവോണ്‍ കോണ്‍വേയുടെയും അര്‍ധ സെഞ്ച്വറികള്‍ ടീമിനെ മികച്ച സ്‌കോറിലെത്തിച്ചപ്പോള്‍ അന്‍ഷുല്‍ കാംബോജിന്റെയും നൂര്‍ അഹമ്മദിന്റെയും മൂന്ന് വിക്കറ്റ് നേട്ടങ്ങള്‍ ടൈറ്റന്‍സിനെ പരാജയത്തിലേക്ക് തള്ളിവിട്ടു.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുമായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സീസണിലെ പത്താം വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ജഡേജയുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു ഐ.പി.എല്‍ സീസണില്‍ 300 റണ്‍സും പത്ത് വിക്കറ്റും നേടുന്ന താരങ്ങളുടെ ലിസ്റ്റിലേക്കാണ് ജഡേജ കാലെടുത്ത് വെച്ചത്. ഇതിന് മുമ്പ് വെറും രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചത്.

2009ലാണ് ഒരു ഇന്ത്യന്‍ താരത്തിന്റെ പേരില്‍ ഈ നേട്ടം ആദ്യമായി കുറിക്കപ്പെടുന്നത്. സീസണിലെ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയാണ് ഈ ഐക്കോണിക് ഡബിള്‍ ആദ്യമായി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ ഹാട്രിക് ഉള്‍പ്പടെ 11 വിക്കറ്റുകളാണ് രോഹിത് സ്വന്തമാക്കിയത്. 27.84 ശരാശരിയില്‍ 362 റണ്‍സും താരം സ്വന്തമാക്കി. റണ്‍വേട്ടയില്‍ എട്ടാം സ്ഥാനക്കാരനും ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ മൂന്നാമനുമായിരുന്നു ഹിറ്റ്മാന്‍.

 

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഹര്‍ദിക് പാണ്ഡ്യയിലൂടെ രണ്ടാം ഇന്ത്യന്‍ താരവും ഈ ഐക്കോണിക് ഡബിള്‍ സ്വന്തമാക്കുന്ന താരങ്ങളുടെ ലിസ്റ്റിലെത്തി. മുംബൈയ്ക്കായി 44.66 ശരാശരിയിലും 191.42 സ്‌ട്രെക്ക് റേറ്റിലും 402 റണ്‍സടിച്ച കുങ്ഫു പാണ്ഡ്യ 16 മത്സരത്തില്‍ 14 വിക്കറ്റും വീഴ്ത്തി.

ഈ റെക്കോഡിലേക്കാണ് ഇപ്പോള്‍ ജഡ്ഡുവും കാലെടുത്ത് വെച്ചിരിക്കുന്നത്. ഈ സീസണില്‍ പത്ത് വിക്കറ്റും 301 റണ്‍സും സ്വന്തമാക്കി.

അതേസമയം, അവസാന മത്സരത്തില്‍ വിജയിച്ചെങ്കിലും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്ത് നിന്നും രക്ഷപ്പെടാന്‍ സൂപ്പര്‍ കിങ്‌സിന് സാധിച്ചിരുന്നില്ല. ഇതാദ്യമായാണ് സൂപ്പര്‍ കിങ്‌സ് അവസാന സ്ഥാനക്കാരായി സിസണ്‍ അവസാനിപ്പിക്കുന്നത്.

ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 110 റണ്‍സിന്റെ വിജയമാണ് നേടിയിരുന്നതെങ്കില്‍ രാജസ്ഥാനെ മറികടന്ന് ഒമ്പതാം സ്ഥാനത്തേക്ക് എത്താന്‍ സൂപ്പര്‍ കിങ്സിന് സാധിക്കുമായിരുന്നു.

 

 

Content Highlight: IPL 2025: Ravindra Jadeja enters the elite list of players with 300 Runs and 10 wickets in a single season