ഐ.പി.എല്‍ 2025ല്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ആദ്യ ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ഫൈനലിന് ടിക്കറ്റെടുത്തത്.
പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സിന്റെ വിജയലക്ഷ്യം 60 പന്ത് ശേഷിക്കെ പാടിദാറും സംഘവും മറികടന്നു.
— Royal Challengers Bengaluru (@RCBTweets) May 29, 2025
സുയാഷ് ശര്‍മ, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനവും ഫില്‍ സാള്‍ട്ടിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ആര്‍.സി.ബി വിജയം സ്വന്തമാക്കിയത്.
നേരിട്ട 23ാം പന്തിലായിരുന്നു സാള്‍ട്ട് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കി. ഐ.പി.എല്‍ പ്ലേ ഓഫുകളില്‍ റോയല്‍ ചലഞ്ചേഴ്‌സിനായി വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം സ്വന്തമാക്കിയത്. 2016 ഫൈനലില്‍ ക്രിസ് ഗെയ്ല്‍ 25 പന്തില്‍ സ്വന്തമാക്കിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
— Royal Challengers Bengaluru (@RCBTweets) May 29, 2025
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തൊട്ടതെല്ലാം പാളിയിരുന്നു. പവര്‍പ്ലേയില്‍ ടീം സ്‌കോര്‍ 50 കടക്കും മുമ്പേ നാല് വിക്കറ്റ് നഷ്ടപ്പെട്ട പഞ്ചാബ് ഇന്നിങ്‌സിന് അടിത്തറയൊരുക്കാന്‍ പോലും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്കായില്ല. ജോഷ് ഹെയ്‌സല്‍വുഡും യാഷ് ദയാലും ഭുവുനേശ്വര്‍ കുമാറുമടങ്ങിയ സ്പീഡ്സ്റ്റര്‍മാര്‍ ഹോം ടീമിന്റെ ആക്രമണത്തിന്റെ മുനയൊടിച്ചു.
പ്രിയാന്‍ഷ് ആര്യ അഞ്ച് പന്തില്‍ നാല് റണ്‍സിനും പ്രഭ്സിമ്രാന്‍ സിങ് പത്ത് പന്തില്‍ 18 റണ്‍സിനും ജോഷ് ഇംഗ്ലിസ് ഏഴ് പന്തില്‍ നാല് റണ്‍സിനും പുറത്തായി. മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം സ്വന്തമാക്കിയാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മടങ്ങിയത്.
സൂപ്പര്‍ താരം മാര്‍കസ് സ്റ്റോയ്‌നിസിനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്താനെത്തിയ ശശാങ്ക് സിങ്ങിനെ മടക്കി സുയാഷ് ശര്‍മയും വിക്കറ്റ് വേട്ടയില്‍ പങ്കാളിയായി.
പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ ഇരട്ട വിക്കറ്റുമായാണ് സുയാഷ് തിളങ്ങിയത്. ഓവറിലെ രണ്ടാം പന്തില്‍ തന്നെ വെടിക്കെട്ട് വീരന്‍ ശശാങ്ക് സിങ്ങിന് ഡ്രസ്സിങ് റൂമിലേക്കുള്ള വഴി കാണിച്ചുകൊടുത്ത് സുയാഷ് വേട്ടയാരംഭിച്ചു. അഞ്ച് പന്തില്‍ മൂന്ന് റണ്ണുമായി ക്ലീന്‍ ബൗള്‍ഡായാണ് താരം പുറത്തായത്. സുയാഷിന്റെ ഗൂഗ്ലി റീഡ് ചെയ്യാനാകാതെ ശശാങ്ക് വിക്കറ്റ് സമ്മാനിച്ച് തിരിച്ചുനടന്നു.
ടീം സ്‌കോര്‍ 60ല്‍ നില്‍ക്കവെ ആറാം വിക്കറ്റായി ശശാങ്കിനെ നഷ്ടപ്പെട്ടതോടെ പഞ്ചാബ് തങ്ങളുടെ ഗെയിം പ്ലാന്‍ പൊളിച്ചെഴുതാന്‍ നിര്‍ബന്ധിതരായി. പ്രഭ്സിമ്രാന്‍ സിങ്ങിനെ പിന്‍വലിച്ച് മുഷീര്‍ ഖാനെ ടീം ഇംപാക്ട് പ്ലെയറായി കളത്തിലിറക്കി. എന്നാല്‍ ഒരു ഇംപാക്ടമുണ്ടാക്കാതെ മുഷീര്‍ തിരിച്ചുനടന്നു. ബ്രോണ്‍സ് ഡക്കായാട്ടായിരുന്നു താരത്തിന്റെ മടക്കം.
തന്റെ അടുത്ത ഓവറില്‍ മാര്‍കസ് സ്‌റ്റോയ്‌നിസിനെയും സുയാഷ് തിരിച്ചയച്ചു. 17 പന്തില്‍ 26 റണ്‍സടിച്ചാണ് ഓസ്‌ട്രേലിയന്‍ കരുത്തന്‍ തിരിച്ചുനടന്നത്. ടീമിന്റെ ടോപ് സ്‌കോററും സ്‌റ്റോയ്‌നിസ് തന്നെയായിരുന്നു.
— Royal Challengers Bengaluru (@RCBTweets) May 29, 2025
14ാം ഓവറിലെ മൂന്നാം പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ഹര്‍പ്രീത് ബ്രാറിനെയും 15ാം ഓവറിലെ ആദ്യ പന്തില്‍ ഹെയ്‌സല്‍വുഡ് അസ്മത്തുള്ള ഒമര്‍സായിയെയും മടക്കിയതോടെ പഞ്ചാബ് 101ലൊതുങ്ങി.
പഞ്ചാബ് നിരയില്‍ വെറും മൂന്ന് താരങ്ങളാണ് ഇരട്ടയക്കം കണ്ടത്. സ്റ്റോയ്‌നിസിനും പ്രഭ്‌സിമ്രാനും പുറമെ ഒമര്‍സായിയാണ് ഇരട്ടയക്കം കണ്ട മറ്റൊരു താരം. 12 പന്ത് നേരിട്ട് 18 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ആര്‍.സി.ബിക്കായി സുയാഷ് ശര്‍മ, ജോഷ് ഹെയ്സല്‍വുഡ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. യാഷ് ദയാല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡും ഭുവനേശ്വര്‍ കുമാറും ഓരോ താരങ്ങളെയും മടക്കി.