ഐ.പി.എല്‍ പതിനെട്ടാം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. കരുത്തരായ പഞ്ചാബിനെ അവരുടെ തട്ടകമായ മുല്ലാന്‍പൂരില്‍ 60 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. ബെംഗളൂരു ക്വാളിഫയറില്‍ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ പഞ്ചാബിനെ 102 റണ്‍സില്‍ ഒതുക്കുകയായിരുന്നു ബെംഗളൂരു. മറുപടി ബാറ്റിങ്ങില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി 106 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ബെംഗളൂരുവിന് വേണ്ടി ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവച്ചത് സുയാഷ് ശര്‍മയാണ്. മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് താരം നേടിയത്. മൂന്ന് ഓവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് 5.67 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. സ്റ്റാര്‍ ബാറ്റര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് (26), ശശാങ്ക് സിങ് (3), മുഷീര്‍ ഖാന്‍ (0) എന്നിവരെയാണ് സുയാഷ് പുറത്താക്കിയത്. ഇതോടെ മത്സരത്തിലെ താരമാകാനും സ്പിന്നര്‍ക്ക് സാധിച്ചു. ഏറെ കാലത്തിന് ശേഷം തിരിച്ചുവന്ന സുയാഷിനെ മുന്‍ ബെംഗളൂരു പരിശീലകന്‍ സഞ്ജയ് ബാംഗര്‍ പ്രശംസിച്ചിരുന്നു.
Say Hello to the first 𝐅𝐈𝐍𝐀𝐋𝐈𝐒𝐓𝐒 of #TATAIPL 2025 ❤#RCB fans, how elated are you? 🤩
‘സുയാഷ് ഒരുപാട് മെച്ചപ്പെട്ടു. കഴിഞ്ഞ സീസണില്‍ അദ്ദേഹം കെ.കെ.ആറിനൊപ്പമായിരുന്നു. മാത്രമല്ല ഫ്രാഞ്ചൈസി ടൂര്‍ണമെന്റ് നേടി. എന്നിരുന്നാലും സുയാഷ് സ്ഥിരത കാണിച്ചില്ലായിരുന്നു. ധാരാളം ഫുള്‍ ടോസുകളും ഷോര്‍ട്ട് ബോളുകളും അവന്‍ എറിഞ്ഞിരുന്നു. അദ്ദേഹം തന്റെ ബലഹീനതകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശരിയായ ലൈനിലും ലെങ്ത്തിലും എറിയുന്നു. ശര്‍മയ്ക്ക് ഇപ്പോള്‍ നല്ല നിയന്ത്രണമുണ്ട്,’ സഞ്ജയ് ബംഗാര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
മത്സര ശേഷം സുയാഷും തന്റെ ബൗളിങ് പ്രകടനത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
‘ഞാന്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ എല്ലാവരും എന്നില്‍ സന്തുഷ്ടരാണ്. ആര്‍.സി.ബി പരിശീലകര്‍ എന്നെ സ്റ്റമ്പില്‍ എറിയാന്‍ പിന്തുണച്ചു. ഗൂഗ്ലി ആയാലും മറ്റേതെങ്കിലും വേരിയേഷനായാലും എനിക്ക് വിക്കറ്റ് ടു വിക്കറ്റിന് എറിയണം. ജൂണ്‍ 3ന് നമുക്ക് ആഘോഷിക്കാം,’ സുയാഷ് മത്സര ശേഷം കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയോട് പറഞ്ഞു.
മത്സരത്തില്‍ ഫില്‍ സാള്‍ട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ഫൈനലിനുള്ള ടിക്കറ്റെടുത്തത്. 27 പന്തില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 207.41 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 56 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. ബെംഗളൂരുവിന് വേണ്ടി മായങ്ക് അഗര്‍വാള്‍ 19 റണ്‍സും ക്യാപ്റ്റന്‍ രജത് പാടിദര്‍ 15 റണ്‍സും നേടി നിര്‍ണായകമായി.
Rising to the occasion ✨
Suyash Sharma wins the Player of the Match award for his web-spinning spell 🕸️👏
പരാജയപ്പെട്ടെങ്കിലും പഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. ശ്രേയസിന്റെ ടീമിന് ഫൈനലില്‍ എത്താന്‍ ഒരു അവസരം കൂടിയുണ്ട്. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്ററിലെ വിജയികളെ പരാജയപ്പെടുത്തിയാല്‍ പഞ്ചാബിനും കന്നി കിരീടം സ്വപനം കാണാം. ഗുജറാത്തും പഞ്ചാബുമാണ് എലിമിനേറ്ററില്‍ ഏറ്റുമുട്ടുന്നത്.