ഐ.പി.എല്‍ 2025ലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. മഹാരാജാ യാദവേന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഐ.പി.എല്‍ അതിന്റെ ആവേശകരമായ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മത്സരത്തിനായി വലിയ കാത്തിരിപ്പിലാണ് ആരാധകര്‍.
മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ബെംഗളൂരുവിന്റെ ബാറ്റര്‍ ലിയാം ലിവിങ്‌സറ്റണെ കുറിച്ച് സംസാരിച്ചിരുന്നു. ലിയാം മോശം പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും അവനെ ടീമില്‍ നിന്ന് പറത്താക്കണമെന്നും ചോപ്ര പറഞ്ഞു. ലിയാം മുന്‍ സീസണില്‍ പഞ്ചാബിന് വേണ്ടി കളിച്ചിട്ടുണ്ടെന്നും എന്നാല്‍ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടില്ലെന്നും കമന്റേറ്റര്‍ കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം മുന്‍ സീസണുകളില്‍ പഞ്ചാബിനു വേണ്ടി കളിച്ചിരുന്നു, പഞ്ചാബിനെ അവന്‍ വിജയിപ്പിച്ചിട്ടില്ല. നിങ്ങളെയും അദ്ദേഹം വിജയിപ്പിക്കില്ല. കഴിഞ്ഞ മത്സരത്തില്‍ ലിവിങ്സ്റ്റണ്‍ പൂജ്യത്തിന് പുറത്തായത്. ഈ സീസണില്‍ 90 റണ്‍സ് പോലും നേടിയിട്ടില്ല. ഒരാള്‍ നന്നായി ബാറ്റ് ചെയ്യുന്നില്ലെങ്കില്‍ എന്തിനാണ് നിങ്ങള്‍ വീണ്ടും അദ്ദേഹത്തിനെ ആശ്രയിക്കുന്നത്,’ ആകാശ് ചോപ്ര പറഞ്ഞു.
ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലഖ്‌നൗവിനെതിരെ ലിയാം പൂജ്യം റണ്‍സിനാണ് പുറത്തായത്. സീസണില്‍ 2025ല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും 87 റണ്‍സ് മാത്രമാണ് ലിയാം നേടിയത്. ഒരു അര്‍ധ സെഞ്ച്വറി ഒഴിച്ചാല്‍ മോശം പ്രകടനമാണ് താരം സീസണില്‍ കാഴ്ചവെച്ചത്.
അതേസമയം പഞ്ചാബും ബെംഗളൂരുവും തങ്ങളുടെ കന്നി കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ ഏത് ടീം തോല്‍വി വഴങ്ങിയാലും എലിമിനേറ്ററില്‍ വിജയിക്കുന്ന ടീമുമായി ഒരു അവസരം കൂടെ ഉണ്ടാകും. ഐ.പി.എല്‍ ചരിത്രത്തില്‍ ഇരുവരും 35 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. അതില്‍ പഞ്ചാബ് 18 മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ ബെംഗളൂരു 17 മത്സരങ്ങളിലാണ് വിജയം നേടിയത്.