ഐ.പി.എല്ലില്‍ ഇന്ന് (ശനി) രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. 3.30ന് നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടുമ്പോള്‍ 7.30ന് സണ്‍റൈസേഴ്‌സ് ഹൈദരബാദും പഞ്ചാബ് കിങ്‌സുമാണ് ഏറ്റുമുട്ടുക.
ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഗുജറാത്തിനെതിരെയുള്ള മത്സരം. ആറാം മത്സരത്തിനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ വിജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം.
അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവുമായാണ് ലഖ്‌നൗ ഗുജറാത്തിനെ നേരിടാനിറങ്ങുന്നത്. തുടര്‍ച്ചയായ മൂന്നാം ജയമാണ് പന്തിന്റെ സംഘം ഉന്നമിടുന്നത്. നിലവില്‍ സൂപ്പര്‍ ജയന്റ്‌സ് ആറ് പോയിന്റുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനക്കാരനാണ്.
ലഖ്‌നൗവിനെ തകര്‍ത്ത് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിക്കാനാണ് ഗില്ലിന്റെ പട നോട്ടമിടുന്നത്. അതേസമയം, ഗുജറാത്ത് തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലഖ്നൗവിനെ നേരിടാന്‍ ഒരുങ്ങുന്നത്. ലഖ്‌നൗവിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമാണ് സൂപ്പര്‍ താരം നിക്കോളാസ് പൂരന്‍.
കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നിന്ന് 288 റണ്‍സാണ് താരം ടീമിന് വേണ്ടി നേടിയത്. 87* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറടക്കം 72 ആവറേജിലാണ് താരം ബാറ്റ് വീശിയത്. 225 സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും 25 ഫോറും 24 സിക്‌സും നേടി തകര്‍പ്പന്‍ പ്രകടനമാണ് താരം സീസണില്‍ കാഴ്ചവെക്കുന്നത്.