ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് – ദല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്നിങ്സിന് പിന്നാലെ മഴയെത്തുകയും സാഹചര്യം പ്രതികൂലമായതോടെ മത്സരം ഉപേക്ഷിക്കുകയുമായിരുന്നു. ഇതോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. മാത്രമല്ല ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഇതോടെ അവസാനിച്ചിരിക്കുകയാണ്.
നിലവില്‍ ഐ.പി.എല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പോയിന്റ് ടേബിളില്‍ ആധിപത്യം തുടരുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. വിരാട് കോഹ്‌ലിക്ക് ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത രചത് പാടിദാറിന്റെ കീഴിലാണ് ബെംഗളൂരുവിന്റെ കുതിപ്പ്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ 16 പോയിന്റുമായാണ് ബെംഗളൂരു ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയെങ്കിലും മത്സരങ്ങളില്‍ വിരാട് കോഹ്‌ലി തന്നെയാണ് ബെംഗളൂരുവിന്റെ ശ്രദ്ധാകേന്ദ്രം. നിലവില്‍ സീസണിലെ 11 മത്സരത്തില്‍ നിന്ന് 63.13 ആവറേജില്‍ 505 റണ്‍സാണ് വിരാട് നേടിയത്. സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തി ഓറഞ്ച് ക്യാപ് തലയിലണിയാനും വിരാടിന് സാധിച്ചിരിക്കുകയാണ്.
ഇപ്പോള്‍ വിരാടിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. ഗുണ്ടപ്പ വിശ്വനാഥ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെപ്പോലെയാണ് വിരാടെന്നും വിരാട് ഒരു പൂണര്‍മായ പാക്കേജാണെന്നും സിദ്ദു പറഞ്ഞു. മാത്രമല്ല എല്ലാസീസണിലും വിരാട് റണ്‍സ് നേടുന്നുണ്ടെന്നും മത്സരങ്ങളോട് വിരാടിന് വലിയ പ്രതിബദ്ധതയാണെന്നും സിദ്ദു പറഞ്ഞു.
വിരാടിനെക്കുറിച്ച് നവ്‌ജോത് സിങ് സിദ്ദു പറഞ്ഞത്
‘ഗുണ്ടപ്പ വിശ്വനാഥ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരെപ്പോലുള്ള മാന്ത്രിക കൈകളാണ് അവനുള്ളത്. അവര്‍ പന്ത് ബ്ലോക്ക് ചെയ്തല്ല കളിക്കാറുള്ളത്, അതുപോലെ തന്നെയാണ് വിരാടും ചെയ്യുന്നത്. സ്വീപ്പ് ഷോട്ട് കളിക്കാന്‍ അദ്ദേഹം തന്റെ കൈത്തണ്ട ഉപയോഗിക്കുന്നു. വിരാട് ഒരു പൂര്‍ണമായ പാക്കേജാണ്, ഐ.പി.എല്ലിലെ ഓരോ സീസണിലും അവന്‍ റണ്‍സ് നേടിക്കൊണ്ടിരിക്കുകയാണ്.
അവന്‍ ക്ഷീണിതനാകുന്നില്ല, അവന്റെ പ്രതിബദ്ധത 40 ഓവറുകളിലേക്കാണ്. വിരാട് വളരെ സുരക്ഷിതനാണ്, സഹതാരങ്ങളുടെ വിജയം അദ്ദേഹം ആസ്വദിക്കുന്നു, കൂടാതെ തന്റെ ഫ്രാഞ്ചൈസിയില്‍ നിന്നുള്ള ആരെങ്കിലും സിക്സോ ഫോറോ അടിക്കുമ്പോഴെല്ലാം ഡ്രസ്സിങ് റൂമില്‍ നിന്ന് അവന്‍ ആഘോഷിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്,’ നവ്‌ജോത് സിങ് സിദ്ദു പറഞ്ഞു.