ഐ.പി.എല്‍ വീണ്ടും തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് ഫ്രാഞ്ചൈസികള്‍. തങ്ങളുടെ ഇഷ്ട താരങ്ങളെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ കഴിയുന്ന ആവേശത്തിലുമാണ് ആരാധകരും. ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് താത്കാലികമായി നിര്‍ത്തിവെച്ച ഐ.പി.എല്‍ മെയ് 17നാണ് പുനരാരംഭിക്കുന്നത്.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരമാണ് ഐ.പി.എല്‍ 2025ന്റെ രണ്ടാം ഭാഗത്തിലെ ആദ്യ മത്സരം. ബെംഗളുരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.
ഇപ്പോള്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെയും ക്യാപ്റ്റന്‍ രജത് പാടിദാറിനെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ആര്‍.സി.ബി ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് കൈഫ് പറഞ്ഞു.
അവര്‍ എല്ലായ്‌പ്പോഴും ബാറ്റിങ്ങിന് പ്രാധാന്യം നല്‍കുന്ന ഒരു യൂണിറ്റായിരുന്നുവെന്നും എന്നാല്‍ ഇത്തവണ രജത് പാടിദാര്‍ തന്റെ ബൗളര്‍മാരെ ഉപയോഗിക്കുന്നതും ടോട്ടലുകള്‍ പ്രതിരോധിക്കുന്നതില്‍ എതിരാളികളെ നിയന്ത്രിക്കുന്നതും മികച്ച രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൈംസ് ഓഫ് ഇന്ത്യയില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് കൈഫ്.
‘ആര്‍.സി.ബി ഒരു ടീം എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. അവര്‍ എല്ലായ്‌പ്പോഴും ബാറ്റിങ്ങിന് പ്രാധാന്യം നല്‍കുന്ന ഒരു യൂണിറ്റായിരുന്നു.
എന്നാല്‍ ഇത്തവണ, രജത് പാടിദാര്‍ തന്റെ ബൗളര്‍മാരെ ഉപയോഗിക്കുന്നതും ടോട്ടലുകള്‍ പ്രതിരോധിക്കുന്നതില്‍ എതിരാളികളെ നിയന്ത്രിക്കുന്നതും മികച്ച രീതിയിലാണ്. അതുകൊണ്ടാണ് ഞാന്‍ ടീം എന്ന വാക്ക് ഉപയോഗിക്കുന്നത്,’ കൈഫ് പറഞ്ഞു.
വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ചും ബൗളര്‍മാരെ കുറിച്ചും കൈഫ് സംസാരിച്ചു. കോഹ്ലി തന്റെ ബാറ്റിങ് ഫോം തുടരുകയാണെന്നും ബൗളര്‍മാര്‍ അവര്‍ക്ക് കിരീടം നേടാന്‍ കഴിയുമെന്ന വിശ്വാസം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ബെംഗളൂരു ഐ.പി.എല്‍ കിരീടം നേടാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘കോഹ്ലി തന്റെ ബാറ്റിങ് ഫോം തുടരുകയാണ്, പക്ഷേ ബൗളര്‍മാര്‍ അവര്‍ക്ക് കിരീടം നേടാന്‍ കഴിയുമെന്ന വിശ്വാസം നല്‍കിയിട്ടുണ്ട്. ഏറ്റവും മികച്ച ഓള്‍റൗണ്ട് ടീമായ ഫ്രാഞ്ചൈസിക്കാണ് കിരീട സാധ്യത. അതിനാല്‍ ഈ വര്‍ഷം അവര്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ കൈഫ് പറഞ്ഞു.
പതിനെട്ടാം സീസണില്‍ കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ മേഖലയിലും മികച്ച പ്രകടനങ്ങളുമായാണ് ടീം മുന്നേറുന്നത്.
നിലവില്‍ ബെംഗളൂരു 16 പോയിന്റുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമാണ് ടീമിനുള്ളത്.
Content Highlight: IPL 2025: Muhammed Kaif talks about Rajat Patidar and Royal Challengers Bengaluru