ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐ.പി.എല്‍ കിരീടം ശിരസിലണിഞ്ഞിരിക്കുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ ആറ് റണ്‍സിന് പഞ്ചാബ് കിങ്‌സിനെ തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്‌സ് തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയത്.
ഇപ്പോള്‍ ടീമിന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് ബെംഗളൂരുവിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബാറ്റ്. വിജയമെന്ന വികാരത്തിന് തങ്ങള്‍ അടിമപ്പെട്ടുവെന്നും അടുത്ത വര്‍ഷം കിരീടം സ്വന്തമാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും ബോബാറ്റ് പറഞ്ഞു.
‘വിജയം ഒരു ലഹരിയാക്കി മാറ്റാന്‍ ഞാന്‍ നിങ്ങള്‍ ഓരോരുത്തരോടും ആവശ്യപ്പെടും. കാരണം ഇതൊരു തുടക്കമാണ്. ഒരുപാട് ടീമുകളൊന്നും ഐ.പി.എല്‍ ചരിത്രത്തില്‍ ബാക്ക് ടു ബാക്ക് കിരീടം നേടിയിട്ടില്ല. ഇതിന് മുമ്പ് ഇത് രണ്ട് തവണ സംഭവിച്ചിട്ടുണ്ട്.
വിജയമെന്ന വികാരം നിങ്ങള്‍ക്ക് ലഹരിയാകണം. കാരണം അടുത്ത വര്‍ഷവും ഇതാവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കത് പ്രേരണയാകണം. അടുത്ത വര്‍ഷം ബെംഗളൂരുവിലായിരിക്കും കലാശപ്പോരാട്ടം. നമ്മളിത് ഒരിക്കല്‍ക്കൂടി സ്വന്തമാക്കും,’ മോ ബോബാറ്റ് പറഞ്ഞു.
പരിശീലകന്‍ ആന്‍ഡി ഫ്‌ളവറും ടീമിന്റെ സക്‌സസ് മന്ത്രയെ കുറിച്ച് സംസാരിച്ചിരുന്നു. മെഗാ താരലേലത്തില്‍ കൈക്കൊണ്ട തീരുമാനങ്ങളാണ് തങ്ങളെ കിരീടത്തിലേക്ക് നയിച്ചത് എന്നായിരുന്നു ഫ്‌ളവര്‍ പറഞ്ഞത്.
‘ലേലത്തില്‍ കൈകൊണ്ട തീരുമാനങ്ങളാണ് ഞങ്ങളുടെ വിജയത്തിന് അടിത്തറ നല്‍കിയത്. വലിയ താരങ്ങള്‍ക്കായി തുക ചെലവഴിക്കുന്നതിന് പകരം മൂല്യമുള്ള താരങ്ങളെ ടീമില്‍ എത്തിക്കുക എന്നായിരുന്നു മോ ബോബറ്റിന്റെ തന്ത്രങ്ങളില്‍ പ്രധാനം. ശക്ത ബൗളിങ് യൂണിറ്റ് കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഒരുപാട് താരങ്ങളെ ടീമിലെത്തിക്കാത്തതില്‍ ലേലത്തിലെ ആദ്യ ദിവസത്തില്‍ ഞങ്ങള്‍ വിമര്‍ശനം നേരിട്ടിരുന്നു. പക്ഷെ ആ നിലപാട് ഭുവനേശ്വര്‍ കുമാര്‍, ക്രുണാല്‍ പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെഫേര്‍ഡ് എന്നീ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ സഹായിച്ചു.
അതുപോലെ യുവ ലെഗ് സ്പിന്നര്‍ സുയാഷ് ശര്‍മയെയും ഞങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിച്ചു. ഇവരൊക്കെയും ഞങ്ങള്‍ക്കായി ഈ സീസണില്‍ അതിശയകരമായ പ്രകടനങ്ങള്‍ നടത്തി,’ ആന്‍ഡി ഫ്ളവര്‍ പറഞ്ഞു.
Content Highlight: IPL 2025: Mo Bobat about RCB’s title win