ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ ഇന്ത്യന്‍സിനെ നേരിടാനൊരുങ്ങുകയാണ്. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്‌റ്റേഡിയമാണ് വേദി. 2015ന് വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സിന് സാധിച്ചിട്ടില്ല.
സീസണില്‍ മികച്ച പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സ് പുറത്തെടുക്കുന്നത്. കളിച്ച മൂന്ന് മത്സരത്തില്‍ രണ്ടിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍.സി.ബി. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഈഡന്‍ ഗാര്‍ഡന്‍സിലെത്തി പരാജയപ്പെടുത്തിയ ആര്‍.സി.ബി രണ്ടാം മത്സരത്തില്‍ ചെന്നൈയെ ചെപ്പോക്കിലും പരാജയപ്പെടുത്തി. 2008ന് ശേഷം ഇതാദ്യമായാണ് ആര്‍.സി.ബി ചെപ്പോക്കില്‍ വിജയം സ്വന്തമാക്കിയത്.
എന്നാല്‍ സ്വന്തം തട്ടകത്തില്‍ മൂന്നാം മത്സരത്തിനിറങ്ങിയ പാടിദാറിനും സംഘത്തിനും പിഴച്ചു. തങ്ങള്‍ കൈവിട്ട മുഹമ്മദ് സിറാജിന്റെ കരുത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കി. വാംഖഡെയില്‍ മുംബൈയെ പരാജയപ്പെടുത്തി വിജയപാതയിലേക്ക് മടങ്ങിയെത്താനാണ് ബെംഗളൂരു ഒരുങ്ങുന്നത്.
അതേസമയം, നാല് മത്സരത്തില്‍ നിന്നും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന് കരുത്ത് പകരാന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ എത്തുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.
ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലേറ്റ പരിക്കിന് പിന്നാലെയാണ് ബുംറയ്ക്ക് ഐ.പി.എല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെട്ടത്. ഇന്ത്യയ്‌ക്കൊപ്പം ചാമ്പ്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്താനും ബുംറയെ ഈ പരിക്ക് അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയ താരം ഒരു തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. ഐ.പി.എല്ലിന് ശേഷം നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഫോമിലേക്ക് മടങ്ങിയെത്താനാണ് ബുംറ ഒരുങ്ങുന്നത്.