ഞാന്‍ അങ്ങനെ ചെയ്യണമായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; തോല്‍വിയില്‍ പ്രതികരണവുമായി ഹര്‍ദിക്
IPL
ഞാന്‍ അങ്ങനെ ചെയ്യണമായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; തോല്‍വിയില്‍ പ്രതികരണവുമായി ഹര്‍ദിക്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd June 2025, 7:57 am

ഐ.പി.എല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനെ പഞ്ചാബ് കിങ്‌സ് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്.

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 204 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ശേഷിക്കെ പഞ്ചാബ് കിങ്‌സ് മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരിന്റെ അപരാജിത പോരാട്ടമാണ് പഞ്ചാബ് കിങ്‌സിന് വിജയവും ഫൈനല്‍ ബെര്‍ത്തും സമ്മാനിച്ചത്.

മത്സരത്തിന് ശേഷം മുംബൈയുടെ പരാജയത്തെ കുറിച്ച് മുംബൈ നായകന്‍ ഹര്‍ദിക് പാണ്ഡ്യ സംസാരിച്ചിരുന്നു. ശ്രേയസ് നന്നായി കളിച്ചെന്നും പഞ്ചാബ് താരങ്ങള്‍ ശാന്തരായിരുന്നെന്നും മുംബൈ നായകന്‍ പ്രശംസിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും തനിക്ക് കുറച്ച് കൂടെ നന്നായി ബൗള്‍ ചെയ്യാമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ശ്രേയസ് നന്നായി കളിച്ചു, അവന്റെ ചില ഷോട്ടുകള്‍ ഗംഭീരമായിരുന്നു. ഞങ്ങള്‍ ഉയര്‍ത്തിയ സ്‌കോര്‍ മികച്ചതായിരുന്നു. പക്ഷേ, ബൗളിങ്ങില്‍ ഞങ്ങളുടെ പദ്ധതികള്‍ നടന്നില്ല. പഞ്ചാബിന്റെ താരങ്ങള്‍ ശാന്തരായിരുന്നു. അത് ഞങ്ങളെ സമ്മര്‍ദത്തിലാക്കി.
ഞങ്ങളില്‍ ആരെങ്കിലും നന്നായി പന്തെറിയണമായിരുന്നു.

തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ കുറച്ച് കൂടെ നന്നായി ബൗള്‍ ചെയ്യാമായിരുന്നു. ജാസിക്ക് (ജസ്പ്രീത് ബുംറ) എന്തെങ്കിലും പ്രത്യേകമായി ചെയ്യാന്‍ കഴിയും. പക്ഷേ, ഇന്ന് അത് സംഭവിച്ചില്ല,’ ഹര്‍ദിക് പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി തിലക് വര്‍മയും സൂര്യകുമാര്‍ യാദവും മികച്ച പ്രകടനം നടത്തിയിരുന്നു. സൂര്യ 26 പന്തില്‍ 44 റണ്‍സ് നേടിയപ്പോള്‍ തിലക് 29 പന്തില്‍ 44 റണ്‍സെടുത്തു. ഇവര്‍ക്ക് പുറമെ, ജോണി ബെയര്‍‌സ്റ്റോ (24 പന്തില്‍ 38), നമന്‍ ധിര്‍ (18 പന്തില്‍ 37) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തു.

Content Highlight: IPL 2025: MI vs PBKS: Mumbai Indians’ captain Hardik Pandya talks about the defeat against Punjab Kings