ജീവന്‍മരണ പോരാട്ടത്തില്‍ സൂപ്പറാവാന്‍ ഹര്‍ദിക്; ഇരട്ട സിക്സില്‍ നോട്ടമിടുന്നത് ഡബിള്‍ റെക്കോഡ്
IPL
ജീവന്‍മരണ പോരാട്ടത്തില്‍ സൂപ്പറാവാന്‍ ഹര്‍ദിക്; ഇരട്ട സിക്സില്‍ നോട്ടമിടുന്നത് ഡബിള്‍ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 1st June 2025, 3:15 pm

ഐ.പി.എല്‍ 2025 അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഫൈനല്‍ അടക്കം രണ്ട് മത്സരങ്ങള്‍ മാത്രമാണ് സീസണില്‍ ഇനി ശേഷിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഇതിനോടകം തന്നെ ഐ.പി.എല്ലിന്റെ കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്. ആര്‍.സി.ബിയെ പോലെ ആരാധകരും രണ്ടാം ഫൈനലിസ്റ്റുകള്‍ക്കായാണ് കാത്തിരിക്കുന്നത്.

പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറാണ് ഫൈനലിസ്റ്റുകളെ നിര്‍ണയിക്കുക. ജയിക്കുന്നവര്‍ ആര്‍.സി.ബിക്കെതിരെ കിരീടത്തിനായി പോരിനിറങ്ങും. പഞ്ചാബ് കന്നി കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോള്‍ മുംബൈയ്ക്ക് ഉന്നം ആറാം കിരീടമാണ്. ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയമാണ് മത്സരത്തിന്റെ വേദി.

പഞ്ചാബ് കിങ്സ് ഒന്നാം ക്വാളിഫയറില്‍ ബെംഗളൂരുവിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയാണ് മുംബൈക്കെതിരെ ഇറങ്ങുന്നത്. ക്വാളിഫയര്‍ മത്സരത്തിന് മുമ്പ് തയ്യാറെടുപ്പുകള്‍ക്ക് കൂടുതല്‍ സമയം ലഭിച്ചത് ശ്രേയസിന്റെ സംഘത്തിന് തിരിച്ച് വരവ് നടത്താന്‍ സഹായകമായേക്കും.

അതേസമയം, എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഫൈനലിലെ സ്ഥാനം തേടിയിറങ്ങുന്നത്. തുടക്കത്തിലെ തിരിച്ചടികള്‍ക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയതും താരങ്ങള്‍ എല്ലാവരും മികച്ച പ്രകടനങ്ങള്‍ നടത്തുന്നതും മുംബൈയ്ക്ക് പ്രതീക്ഷ നല്‍കുന്നു.

രണ്ടാം ക്വാളിഫയറില്‍ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന് ഹര്‍ദിക് പാണ്ഡ്യയ്ക്ക് രണ്ട് നാഴികക്കല്ല് പിന്നിടാന്‍ ഒരു സുവര്‍ണാവസരമുണ്ട്. ഈ രണ്ട് നേട്ടവും കൈവരിക്കാന്‍ മുംബൈ ഇന്ത്യന്‍സ് നായകന് ആവശ്യം രണ്ട് സിക്‌സുകളാണ്.

ടി – 20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന നാഴികകല്ലാണ് ഹര്‍ദിക്കിന് മുന്നിലെ ഒരു റെക്കോഡ്. താരം ഇതുവരെ കുട്ടിക്രിക്കറ്റില്‍ 301 മത്സരങ്ങളില്‍ നിന്ന് 298 സിക്‌സുകള്‍ നേടിയിട്ടുണ്ട്.

തന്റെ ഐ.പി.എല്‍ കരിയറില്‍ 150 സിക്‌സുകള്‍ എന്ന നേട്ടമാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം. ടൂര്‍ണമെന്റില്‍ 151 മത്സരങ്ങളിലെ 139 ഇന്നിങ്സുകളില്‍ നിന്ന് താരം 148 സിക്‌സുകള്‍ അടിച്ചിട്ടുണ്ട്. ഒപ്പം 206 ഫോറുകളും ഹര്‍ദിക് തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു.

പതിനെട്ടാം സീസണില്‍ മുംബൈക്കായി കാമിയോ പ്രകടനങ്ങളുമായി ഹര്‍ദിക് മികച്ച പ്രകടനം നടത്തിയിരുന്നു. 11 ഇന്നിങ്‌സില്‍ നിന്ന് താരം 209 റണ്‍സെടുത്തിട്ടുണ്ട്. 26.12 ശരാശരിയും 168.54 സ്‌ട്രൈക്ക് റേറ്റുമാണ് ഈ സീസണില്‍ താരത്തിനുള്ളത്. ഐ.പി.എല്‍ 2025ല്‍ 17 ഫോറും 12 സിക്സും മുംബൈ നായകന്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.

Content Highlight: IPL 2025: MI vs PBKS: Hardik Pandya needs to reach 300 sixes in T20 cricket and 150 sixes in IPL