'കിങ്ങിന്' താഴെ, വാര്‍ണറിനൊപ്പവും; പുറത്തായെങ്കിലും രാഹുലിന്റെ 500 എത്തിച്ചത് വമ്പന്‍ റെക്കോഡില്‍!
Sports News
'കിങ്ങിന്' താഴെ, വാര്‍ണറിനൊപ്പവും; പുറത്തായെങ്കിലും രാഹുലിന്റെ 500 എത്തിച്ചത് വമ്പന്‍ റെക്കോഡില്‍!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd May 2025, 1:08 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ വാഖംഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ നേടിയത്.

സൂര്യകുമാര്‍ യാദവിന്റെ കരുത്തില്‍ മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 121 റണ്‍സില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ മുംബൈ പ്ലേ ഓഫിലെ നാലാം ടീമാവുകയും ദല്‍ഹി അഞ്ചാം സ്ഥാനത്ത് പിന്തള്ളപ്പെട്ട് പുറത്താകുകയും ചെയ്തിരിക്കുകയാണ്.

മത്സരത്തില്‍ ദല്‍ഹിയുടെ സൂപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുല്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ നിരാശപ്പെട്ടിരുന്നു. ഓപ്പണറായി ഇറങ്ങി ആറ് പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ഇതോടെ സീസണില്‍ 504 റണ്‍സ് നേടാനും രാഹുലിന് സാധിച്ചു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് രാഹുല്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ 500+ പ്ലസ് റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. നേട്ടത്തില്‍ ഓസീസസ് ബാറ്റര്‍ ഡേവിഡ് വാര്‍ണറിനൊപ്പമെത്താനും രാഹുലിന് കഴിഞ്ഞു. ലിസ്റ്റില്‍ വിരാട് കോഹ്‌ലിയാണ് ഒന്നാമന്‍.

ഐ.പി.എല്‍ സീസണുകളില്‍ ഏറ്റവും കൂടുതല്‍ 500+ പ്ലസ് റണ്‍സ് നേടുന്ന താരം, എണ്ണം

വിരാട് കോഹ്‌ലി – 8

കെ.എല്‍. രാഹുല്‍ – 7*

ഡേവിഡ് വാര്‍ണര്‍ – 7

ശിഖര്‍ ധവാന്‍ – 5

സുരേഷ് റെയ്‌ന, ക്രിസ് ഗെയ്ല്‍, ഗൗതം ഗംഭീര്‍, റിതുരാജ് ഗെയ്ക്വാദ്, ക്വിന്റണ്‍ ഡി കോക്ക്, ജോസ് ബട്‌ലര്‍, സൂര്യ കുമാര്‍ യാദവ് – 3

നിലവില്‍ 12 മത്സരങ്ങളില്‍ നിന്നാണ് രാഹുല്‍ 504 റണ്‍സ് നേടിയത്. 56 എന്ന ആവറേജിലും 148.67 എന്ന സ്ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ ബാറ്റിങ് പ്രകടനം. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ദല്‍ഹിക്ക് ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. മെയ് 24ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ദല്‍ഹിയുടെ അവസാന പോരാട്ടം. പഞ്ചാബിന്റെ തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയമാണ് വേദി.

Content Highlight: IPL 2025: MI VS DC: K.L Rahul In Great Record Achievement In IPL History