61 പന്ത് നേരിട്ട് പുറത്താകാതെ 118 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. എട്ട് സിക്സറും 11 ഫോറും അടക്കം 193.44 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു പന്തിന്റെ ബാറ്റിങ്. സീസണില്‍ പന്തിന്റെ ആദ്യ സെഞ്ച്വറിയും ഐ.പി.എല്‍ ചരിത്രത്തില്‍ താരത്തിന്റെ രണ്ടാം സെഞ്ച്വറിയും ടി-20 ഫോര്‍മാറ്റില്‍ താരത്തിന്റെ മൂന്നാം സെഞ്ച്വറിയുമാണിത്.
ഈ സെഞ്ച്വറിയോടെ ഒരു എലീറ്റ് ലിസ്റ്റിലും പന്ത് ഇടം നേടി. ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന നോണ്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
മൂന്ന് സെഞ്ച്വറി വീതം സ്വന്തമാക്കിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസവും ഹോള്‍ ഓഫ് ഫെയ്മറുമായ എ.ബി. ഡി വില്ലിയേഴ്‌സും രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ലിസ്റ്റിലാണ് രണ്ടാം സെഞ്ച്വറിയുമായി പന്തും കാലെടുത്ത് വെച്ചത്.
ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന നോണ്‍ ഓപ്പണര്‍മാര്‍
ഒരു വശത്ത് നിന്ന് മാര്‍ഷും മറുവശത്ത് നിന്ന് പന്തും ആര്‍.സി.ബി ബൗളര്‍മാരെ പഞ്ഞിക്കിട്ടു. നേരിട്ട 29ാം പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ പന്ത് ഗോഡ് മോഡിലാണ് കളം നിറഞ്ഞാടിയത്.
ഇതിനിടെ 37 പന്തില്‍ 67 റണ്‍സുമായി മാര്‍ഷ് തിരിച്ചുനടന്നു. സീസണിലെ ആറാം ഫിഫ്റ്റിയുമായാണ് മാര്‍ഷ് തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയത്.
നാലാം നമ്പറിലെത്തിയ നിക്കോളാസ് പൂരന് തന്റെ ബ്രൂട്ടല്‍ ഹിറ്റിങ് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ ആ റോളും പന്ത് ഏറ്റെടുത്തു. പൂരനെ സാക്ഷിയാക്കി ബൗണ്ടറിയടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കി താരം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി അല്‍പ്പം വൈകിയാണെങ്കിലും നല്‍കി.
ഒടുവില്‍ സൂപ്പര്‍ ജയന്റ്‌സ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റില്‍ 227ലെത്തി. പന്ത് 61 പന്തില്‍ 118 റണ്‍സും അബ്ദുള്‍ സമദ് ഒരു പന്തില്‍ ഒരു റണ്ണും നേടി പുറത്താകാതെ നിന്നു.
റോയല്‍ ചലഞ്ചേഴ്സിനായി നുവാന്‍ തുഷാര, ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
Content Highlight: IPL 2025: LSG vs RCB: Rishabh Pant join the elite list of most 100s in IPL as Non-opener