ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പരാജയത്തിന് പിന്നാലെ മൂന്ന് ടീമുകള്‍ പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുകയാണ്. ക്യാപ്പിറ്റല്‍സിനെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഗുജറാത്ത് ടൈറ്റന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നിവരാണ് പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുന്നത്.
ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്. കെ.എല്‍. രാഹുലിന്റെ സെഞ്ച്വറിക്ക് സായ് സുദര്‍ശന്റെ സെഞ്ച്വറിയിലൂടെ മറുപടി നല്‍കിയാണ് ടൈറ്റന്‍സ് വിജയതീരമണിഞ്ഞത്.
An exhibition of class and supremacy 😍
For his scintillating unbeaten 𝙏𝙊𝙉, Sai Sudharsan is the Player of the Match 🔥
രാഹുല്‍ 65 പന്തില്‍ പുറത്താകാതെ 112 റണ്‍സ് നേടിയപ്പോള്‍ സായ് സുദര്‍ശന്‍ 61 പന്തില്‍ 108 റണ്‍സും ഗില്‍ 53 പന്തില്‍ 93 റണ്‍സും നേടി പുറത്താകാതെ നിന്നു. ഐ.പി.എല്ലില്‍ രാഹുലിന്റെ അഞ്ചാം സെഞ്ച്വറിയാണിത്. സായ് സുദര്‍ശന്റെ പേരില്‍ കുറിക്കപ്പെടുന്ന രണ്ടാം സെഞ്ച്വറിയും.
ഈ സെഞ്ച്വറിക്ക് പിന്നാലെ രണ്ട് തകര്‍പ്പന്‍ റെക്കോഡുകളിലാണ് രാഹുല്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ മറികടന്നിരിക്കുന്നത്. ടി-20യില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും ഏറ്റവുമധികം ഐ.പി.എല്‍ ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലുമാണ് രാഹുല്‍ സഞ്ജുവിനെ മറികടന്ന് മുന്നേറിയത്.
ടി-20യില്‍ സെഞ്ച്വറിയടിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ മൂന്നാമനാണ് രാഹുല്‍. ഐ.പി.എല്ലില്‍ നേടിയ അഞ്ച് സെഞ്ച്വറികളടക്കം ഏഴ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റ് ഹണ്‍ഡ്രഡുകളാണ് രാഹുലിന്റെ പേരിലുള്ളത്.
ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങള്‍
ഐ.പി.എല്‍ ചരിത്രത്തിലാദ്യമാണ് ഒരു ബാറ്റര്‍ മൂന്ന് വിവിധ ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്നത്. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിനും (പഞ്ചാബ് കിങ്‌സ്), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനും വേണ്ടിയാണ് രാഹുലിന്റെ ബാറ്റ് നൂറടിച്ചത്. ഇതോടെ രണ്ട് ടീമുകള്‍ക്കായി സെഞ്ച്വറി നേടിയ സഞ്ജു സാംസണിനെയും വിരേന്ദര്‍ സേവാഗിനെയും രണ്ടാം സ്ഥാനത്തേക്ക് തള്ളിയിടാനും രാഹുലിന് സാധിച്ചു.
ഐ.പി.എല്ലില്‍ ഏറ്റവുമധികം ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്ന താരം
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ക്യാപ്പിറ്റല്‍സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിച്ചിട്ടില്ല. 12 മത്സരത്തില്‍ നിന്നും 13 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് അക്‌സര്‍ പട്ടേലും സംഘവും. എങ്കിലും ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്‌പോട്ടിനായി മുംബൈ ഇന്ത്യന്‍സ് അടക്കം നാല് ടീമുകളോട് ക്യാപ്പിറ്റല്‍സിന് മത്സരിക്കണം.
രണ്ട് മത്സരങ്ങളാണ് ഇനി ക്യാപ്പിറ്റല്‍സിന് കളിക്കാനുള്ളത്. മെയ് 21ന് മുംബൈ ഇന്ത്യന്‍സിനെതിരെയും 24ന് പഞ്ചാബ് കിങ്‌സിനെതിരെയും സ്വന്തം തട്ടകത്തിന് പുറത്ത് ക്യാപ്പിറ്റല്‍സ് കളിക്കും.
Content Highlight: IPL 2025: KL Rahul Surpasses Sanju Samson in two elite list