ഐ.പി.എല്‍ 2025 ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിജയം ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ആര്‍.സി.ബി നേടിയത്.
കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 22 പന്ത് ബാക്കി നില്‍ക്കവെ മറികടക്കുകയായിരുന്നു. വിരാട് കോഹ് ലിയുടെയും ഫില്‍ സാള്‍ട്ടിന്റെും അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ആര്‍.സി.ബി വിജയം സ്വന്തമാക്കിയത്.
— Royal Challengers Bengaluru (@RCBTweets) March 22, 2025
ഈ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് താരമാണ് വിരാട്. ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ എന്നിവരാണ് കൊല്‍ക്കത്തയ്‌ക്കെതിരെ 1,000 റണ്‍സ് പൂര്‍ത്തിയാക്കിയ മറ്റ് താരങ്ങള്‍.
ഇതിനൊപ്പം ചരിത്രത്തിലെ മറ്റൊരു നേട്ടത്തിലേക്കും വിരാട് ചുവടുവെച്ചു. ഐ.പി.എല്‍ ചരിത്രത്തില്‍ നാല് വിവിധ ടീമുകള്‍ക്കെതിരെ 1,000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കെതിരെയും വിരാട് 1,000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു.
First game of season 18 for number 18, and he enters the chat with another milestone! 👑
— Royal Challengers Bengaluru (@RCBTweets) March 22, 2025
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. നാല് റണ്‍സുമായി നില്‍ക്കവെ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്. മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് ക്രീസിലെത്തിയത്.
അടുത്ത രണ്ട് ഓവറിലും ആര്‍.സി.ബി ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. എന്നാല്‍ റാസിഖ് ദാര്‍ എറിഞ്ഞ നാലാം ഓവറില്‍ രണ്ട് സിക്‌സറും ഒരു ഫോറുമായി രഹാനെ വെടിക്കെട്ടിന് തിരികൊളുത്തി.
അഞ്ചാം ഓവറില്‍ ക്രുണാല്‍ പാണ്ഡ്യയെയും കൊല്‍ക്കത്ത ബാറ്റര്‍മാര്‍ തല്ലിയൊതുക്കി. 15 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
പിന്നാലെ സുനില്‍ നരെയ്നും തന്റെ മാജിക് പുറത്തെടുത്തതോടെ കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡിന് വേഗം കൂടി. തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ നരെയ്ന്‍ ആര്‍.സി.ബി ബൗളര്‍മാരെ തല്ലിയൊതുക്കുന്ന കാഴ്ചയ്ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രഹാനെയും നരെയ്നും തിളങ്ങിയത്.
ടീം സ്‌കോര്‍ 107ല്‍ നില്‍ക്കവെ പത്താം ഓവറിലെ അവസാന പന്തില്‍ നരെയ്നെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 46 പന്തില്‍ 44 റണ്‍സുമായി നില്‍ക്കവെ റാസിഖ് സലാമിന് വിക്കറ്റ് നല്‍കിയാണ് താരം പുറത്തായത്.
നരെയ്ന്‍ പുറത്തായി മൂന്നാം പന്തില്‍ രഹാനെയുടെ വിക്കറ്റും ഹോം ടീമിന് നഷ്ടമായി. 31 പന്ത് നേരിട്ട് 56 റണ്‍സുമായാണ് രഹാനെ കളം വിട്ടത്.
ഒരു വശത്ത് ആംഗ്രിഷ് രഘുവംശി ഉറച്ചുനിന്നെങ്കിലും മറുവശത്തെ ആക്രമിച്ച ബെംഗളൂരു കളി തിരിച്ചു. വെങ്കിടേഷ് അയ്യരും റിങ്കു സിങ്ങും ആന്ദ്രേ റസലും കളി മറന്നപ്പോള്‍ നൈറ്റ് റൈഡേഴ്സിന്റ സ്‌കോര്‍ ബോര്‍ഡിന്റെ വേഗവും കുറഞ്ഞു.
— Royal Challengers Bengaluru (@RCBTweets) March 22, 2025
ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 174 എന്ന നിലയില്‍ കൊല്‍ക്കത്ത ഇന്നിങ്സ് അവസാനിപ്പിച്ചു. രഘുവംശി 22 പന്തില്‍ 30 റണ്‍സ് നേടി ചെറുത്തുനിന്നു.
ബെംഗളൂരുവിനായി ക്രുണാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. ക്യാപ്റ്റന്‍ രഹാനെ, വെങ്കിടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരുടെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ജോഷ് ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ യാഷ് ദയാല്‍, റാസിഖ് സലാം, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വിതവും നേടി.
മറുപടി ബാറ്റിങ്ങിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് വെടിക്കെട്ട് തുടക്കമാണ് ഫില്‍ സാള്‍ട്ടും വിരാട് കോഹ്‌ലിയും നല്‍കിയത്. പവര്‍പ്ലേയില്‍ 79 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത് പവര്‍പ്ലേ സ്‌കോറാണിത്.
ടീം സ്‌കോര്‍ 95ല്‍ നില്‍ക്കവെയാണ് ആര്‍.സി.ബിക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഫില്‍ സാള്‍ട്ടിനെ സ്‌പെന്‍സര്‍ ജോണ്‍സണിന്റെ കൈകളിലെത്തിച്ച് വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 31 പന്തില്‍ 56 റണ്‍സ് നേടി നില്‍ക്കവെയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പുറത്തായത്.
ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കല്‍ കാര്യമായ ഇംപാക്ട് ഒന്നും ഉണ്ടാക്കാതെ പുറത്തായി. പത്ത് പന്തില്‍ പത്ത് റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
— Royal Challengers Bengaluru (@RCBTweets) March 22, 2025
നാലാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ രജത് പാടിദാറിനെ സാക്ഷിയാക്കി വിരാട് അര്‍ധ സെഞ്ച്വറി നേടി. കരിയറിലെ 400ാം ടി-20 മത്സരത്തില്‍ മറ്റൊരു കരിയര്‍ മൈല്‍ സ്‌റ്റോണ്‍ പടുത്തുയര്‍ത്താനും താരത്തിന് സാധിച്ചു.
ടീം സ്‌കോര്‍ 162ല്‍ നില്‍ക്കവെ റോയല്‍ ചലഞ്ചേഴ്‌സിന് മൂന്നാം വിക്കറ്റും നഷ്ടമായി. 16 പന്തില്‍ 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പാടിടദാറിനെയാണ് ടീമിന് നഷ്ടമായത്.