ഐ.പി.എല്ലില്‍ 2025ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ പരാജയമാണ് ആര്‍.സി.ബിക്ക് നേരിടേണ്ടി വന്നത്.
ബെംഗളൂരു ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് 13 പന്ത് ബാക്കി നില്‍ക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു. ജോസ് ബട്‌ലറിന്റെ അര്‍ധ സെഞ്ച്വറിയും സായ് സുദര്‍ശന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരുടെ മികച്ച ഇന്നിങ്‌സുകളുമാണ് ടൈറ്റന്‍സിനെ വിജയലക്ഷ്യം കടത്തിയത്.
മുഹമ്മദ് സിറാജിന്റെ മികച്ച ബൗളിങ് പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ വമ്പന്‍ സ്‌കോറിലേക്ക് കടക്കാതെ തളച്ചിട്ടത്. സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായാണ് മിയാന്‍ തിളങ്ങിയത്.
നാല് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് പിഴുതെറിഞ്ഞത്.
കഴിഞ്ഞ സീസണ്‍ വരെ റോയല്‍ ചലഞ്ചേഴ്‌സിനായി പന്തെറിഞ്ഞ് സിറാജ് ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ പന്തെറിയാനാണ് ചിന്നസ്വാമിയിലെത്തിയത്. ഈ വരവില്‍ സ്വന്തം ഐ.പി.എല്‍ കരിയറും താരം തിരുത്തിയെഴുതി.
കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇതേ സ്റ്റേഡിയത്തില്‍ കളത്തിലിറങ്ങിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സിറാജ് തന്നെയാണ് സ്വന്തമാക്കിയത്. എന്നാല്‍ പുതിയ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പം അതേ ചിന്നസ്വാമിയില്‍ ബെംഗളൂരുവിനെതിരെ പി.ഒ.ടി.എം നേടാനും സിറാജിനായി.
ഏപ്രില്‍ ആറിനാണ് ടൈറ്റന്‍സിന്റെ അടുത്ത മത്സരം. സണ്‍റൈസേഴ്‌സാണ് എതിരാളികള്‍. എതിരാളികളുടെ തട്ടകമായ ഹൈദരാബാദ്, ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
Content Highlight: IPL 2025: GT vs RCB: Mohammed Siraj delivered his best spell at Chinnaswamy Stadium