ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 200 റണ്‍സ് വിജയലക്ഷ്യവുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ്. ക്യാപ്പിറ്റല്‍സിന്റെ ഹോം ഗ്രൗണ്ടായ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഐ.പി.എല്ലില്‍ മറ്റൊരു താരത്തിനുമില്ലാത്ത ചരിത്ര നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് വിവിധ ടീമുകള്‍ക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ക്യാപ്പിറ്റല്‍സിന് ഫാഫ് ഡു പ്ലെസിയെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താനായത്. അര്‍ഷദ് ഖാന്റെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെയെത്തിയ ഓരോ താരത്തിനൊപ്പവും രാഹുല്‍ ചെറുതും വലുതുമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.
രണ്ടാം വിക്കറ്റില്‍ രാഹുലും അഭിഷേക് പോരലും ചേര്‍ന്ന് 90 റണ്‍സാണ് ക്യാപ്പിറ്റല്‍സിന്റെ ഇന്നിങ്‌സിലേക്ക് ചേര്‍ത്തുവെച്ചത്. ടീം സ്‌കോര്‍ 16ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് 106ല്‍ നില്‍ക്കവെയാണ് തകരുന്നത്. 19 പന്തില്‍ 30 റണ്‍സ് നേടിയ പോരലിനെ മടക്കി രവിശ്രീനിവാസന്‍ സായ് കിഷോറാണ് കൂട്ടുകെട്ട് പൊളിച്ചത്.