തോറ്റ മൂന്ന് ഫൈനല്‍ പോലെയല്ല, ഇത്തവണ വ്യത്യാസമുണ്ട്, കളി മാറും! കലാശപ്പോരാട്ടത്തില്‍ ആദ്യ ചിരി ശ്രേയസിന്
IPL
തോറ്റ മൂന്ന് ഫൈനല്‍ പോലെയല്ല, ഇത്തവണ വ്യത്യാസമുണ്ട്, കളി മാറും! കലാശപ്പോരാട്ടത്തില്‍ ആദ്യ ചിരി ശ്രേയസിന്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd June 2025, 7:29 pm

ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തില്‍ ടോസ് ഭാഗ്യം തുണച്ച് പഞ്ചാബ് കിങ്‌സ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് ആദ്യം ഫീല്‍ഡ് ചെയ്യും.

ഐ.പി.എല്ലില്‍ ഇത് രണ്ടാം തവണയാണ് പഞ്ചാബ് കിങ്‌സ് ഫൈനല്‍ കളിക്കുന്നത്. ഇതേസമയം, നാലാം തവണയാണ് ആദ്യ കിരീടമെന്ന സ്വപ്‌നത്തിനായി ആര്‍.സി.ബി ഒരുങ്ങുന്നത്.

2009, 2011, 2016 സീസണുകളിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ഇതിന് മുമ്പ് ഫൈനല്‍ കളിച്ചത്. 2009ല്‍ ആദം ഗില്‍ക്രിസ്റ്റിന്റെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനോടും 2011ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും ടീം പരാജയപ്പെട്ടു.

2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും കിരീടപ്പോരാട്ടത്തില്‍ ബെംഗളൂരുവിനെ കരയിച്ചു. അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിര്‍ത്തിയ ശേഷമായിരുന്നു ടീമിന്റെ പരാജയം.

ഈ മൂന്ന് ഫൈനലിലും രണ്ടാമത് ബാറ്റ് ചെയ്താണ് ആര്‍.സി.ബി പരാജയപ്പെട്ടത്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനോട് ആറ് റണ്‍സിനും സൂപ്പര്‍ കിങ്‌സിനോട് 58 റണ്‍സിനും തോറ്റ ആര്‍.സി.ബി എട്ട് റണ്‍സിനാണ് ഓറഞ്ച് ആര്‍മിയോട് പരാജയപ്പെട്ടത്.

പരാജയപ്പെട്ട മൂന്ന് ഫൈനലിനെയും അപേക്ഷിച്ച് ഇതാദ്യമായി റോയല്‍ ചലഞ്ചേഴ്‌സ് ആദ്യം ബാറ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ്. ഈ ഫൈനലില്‍ ആര്‍.സി.ബിയുടെ ഭാഗ്യം തെളിയുമോ എന്ന് കണ്ടറിയണം.

കലാശപ്പോരാട്ടത്തില്‍ ഇരു ടീമുകളും മുമ്പ് കളിച്ച അതേ ടീമിനെ തന്നെയാണ് കളത്തിലിറക്കുന്നത്. ക്വാളിഫയര്‍ വണ്‍ ആവര്‍ത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒരുങ്ങുമ്പോള്‍ മുംബൈയെ പരാജയപ്പെടുത്തിയ പ്രകടനം ആവര്‍ത്തിക്കാനാണ് പഞ്ചാബ് ഒരുങ്ങുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് പ്ലെയിങ് ഇലവന്‍

വിരാട് കോഹ്‌ലി, ഫില്‍ സാള്‍ട്ട്, മായങ്ക് അഗര്‍വാള്‍, രജത് പാടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹെയ്‌സല്‍വുഡ്.

പഞ്ചാബ് കിങ്‌സ് പ്ലെയിങ് ഇലവന്‍

പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നേഹല്‍ വധേര, ശശാങ്ക് സിങ്, മാര്‍കസ് സ്‌റ്റോയ്‌നിസ്, അസ്മത്തുള്ള ഒമര്‍സായ്, വൈശാഖ് വിജയ്കുമാര്‍, കൈല്‍ ജാമൈസണ്‍, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.

Content Highlight: IPL 2025: Final: PBKS vs RCB: Punjab Kings won the toss and elect to bowl first