ഐ.പി.എല്‍ 2025ന്റെ കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ 190 റണ്‍സിന്റെ ടോട്ടലുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് നായകന്‍ ആര്‍.സി.ബിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന് രണ്ടാം ഓവറില്‍ തന്നെ ഫില്‍ സാള്‍ട്ടിനെ നഷ്ടപ്പെട്ടിരുന്നു. ഒമ്പത് പന്തില്‍ 16 റണ്‍സുമായി നില്‍ക്കവെ കൈല്‍ ജാമൈസണിന്റെ പന്തില്‍ ശ്രേയസ് അയ്യരിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
രണ്ടാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളിനെ ഒപ്പം കൂട്ടി വിരാട് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. എന്നാല്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ അനുവദിക്കാതെ യൂസി ചഹല്‍ അഗര്‍വാളിനെ അര്‍ഷ്ദീപിന്റെ കൈകളിലെത്തിച്ച് മടക്കി. 18 പന്ത് നേരിട്ട് 24 റണ്‍സുമായാണ് അഗര്‍വാള്‍ മടങ്ങിയത്.
— Royal Challengers Bengaluru (@RCBTweets) June 3, 2025
ശേഷമെത്തിയ രജത് പാടിദാര്‍ 16 പന്തില്‍ 26 റണ്‍സ് നേടിയും പുറത്തായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ പഞ്ചാബ് ബൗളര്‍മാര്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് അപ്പര്‍ഹാന്‍ഡ് ലഭിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വെച്ചുപുലര്‍ത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി 190ല്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ഇതോടെ ഒരു റെക്കോഡും റോയല്‍ ചലഞ്ചേഴ്‌സിന്റെ പേരില്‍ പിറന്നു. ഐ.പി.എല്‍ പ്ലേ ഓഫിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ടീമിലെ ആദ്യ ഏഴ് താരങ്ങളും ഏറ്റവും ചുരുങ്ങിയത് 15 റണ്‍സ് കണ്ടെത്തുന്നത്.
പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും കൈല്‍ ജാമൈസണും മൂന്ന് വിക്കറ്റ് വീതം നേടി. വൈശാഖ് വിജയ് കുമാര്‍, അസ്മത്തുള്ള ഒമര്‍സായ്, യൂസ്വന്ദ്രേ ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 എന്ന നിലയിലാണ്. 19 പന്തില്‍ 24 റണ്‍സടിച്ച പ്രിയാന്‍ഷ് ആര്യയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 12 പന്തില്‍ 15 റണ്‍സുമായി പ്രഭ്‌സിമ്രാനും അഞ്ച് പന്തില്‍ എട്ട് റണ്‍സുമായി ജോഷ് ഇംഗ്ലീസുമാണ് ക്രീസില്‍.