ജയിച്ച മുംബൈയ്ക്ക് മാത്രമല്ല, തോറ്റ ഗുജറാത്തിനും ഈ ചരിത്ര നേട്ടത്തില്‍ തുല്യ അവകാശം; റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയ മാച്ച്
IPL
ജയിച്ച മുംബൈയ്ക്ക് മാത്രമല്ല, തോറ്റ ഗുജറാത്തിനും ഈ ചരിത്ര നേട്ടത്തില്‍ തുല്യ അവകാശം; റെക്കോഡ് പുസ്തകത്തില്‍ ഇടം നേടിയ മാച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 31st May 2025, 6:05 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയിരുന്നു.

ന്യൂ ചണ്ഡിഗഢ്, മുല്ലാന്‍പൂരിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഹര്‍ദിക്കും സംഘവും ടൈറ്റന്‍സിനെ തകര്‍ത്തുവിട്ടത്. മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

മത്സരത്തിന് പിന്നാലെ ഒരു ചരിത്ര റെക്കോഡും പിറവിയെടുത്തിരിക്കുകയാണ്. ഒരു താരത്തിനോ ടീമിനോ മാത്രം അവകാശപ്പെട്ടതല്ല, മറിച്ച് ഇരു ടീമുകളും ചേര്‍ന്ന് നേടിയ റെക്കോഡാണ് മുല്ലാന്‍പൂരില്‍ കുറിക്കപ്പെട്ടത്.

ഐ.പി.എല്‍ പ്ലേ ഓഫുകളിലെ ഏറ്റവുമുയര്‍ന്ന അഗ്രഗേറ്റ് സ്‌കോറിന്റെ റെക്കോഡാണ് എലിമിനേറ്ററില്‍ പിറവിയെടുത്തത്. ഇരു ടീമുകളും ചേര്‍ന്ന് 436 റണ്‍സാണ് അടിച്ചെടുത്തത്.

രോഹിത് ശര്‍മയാണ് മുംബൈ ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍. 50 പന്ത് നേരിട്ട താരം നാല് സിക്‌സറും ഒമ്പത് ഫോറും അടക്കം 81 റണ്‍സ് സ്വന്തമാക്കിയിരുന്നു. 22 പന്തില്‍ 47 റണ്‍സടിച്ച ജോണി ബെയര്‍സ്‌റ്റോയാണ് പള്‍ട്ടാന്‍സ് നിരയിലെ രണ്ടാമത് മികച്ച റണ്‍ഗെറ്റര്‍.

സൂര്യകുമാര്‍ യാദവ് (20 പന്തില്‍ 33), തിലക് വര്‍മ (11 പന്തില്‍ 25), ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ (ഒമ്പത് പന്തില്‍ പുറത്താകാതെ 22) എന്നിവരുടെ മികച്ച ഇന്നിങ്‌സുകളും എക്‌സ്ട്രാസ് ഇനത്തില്‍ ലഭിച്ച 11 റണ്‍സും മുംബൈ ടോട്ടലില്‍ നിര്‍ണായകമായി.

ഓപ്പണര്‍ സായ് സുദര്‍ശനാണ് ടൈറ്റന്‍സ് നിരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയത്. 49 പന്ത് നേരിട്ട താരം പത്ത് ഫോറും ഒരു സിക്‌സറും അടക്കം 80 റണ്‍സ് സ്വന്തമാക്കി. 24 പന്ത് നേരിട്ട് 200.00 സ്‌ട്രൈക്ക് റേറ്റില്‍ 48 റണ്‍സിന്റെ വെടിക്കെട്ടുമായി തിളങ്ങിയ വാഷിങ്ടണ്‍ സുന്ദറും തന്റെ റോള്‍ ഗംഭീരമാക്കി.

ഇംപാക്ട് പ്ലെയറായെത്തിയ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് (15 പന്തില്‍ 24), വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് (പത്ത് പന്തില്‍ 20) എന്നിവരും തങ്ങളുടെ സംഭാവന ടോട്ടലിലേക്ക് ചേര്‍ത്തുവെച്ചു.

അതേസമയം, എലിമിനേറ്ററിലെ വിജയത്തിന് പിന്നാലെ രണ്ടാം ക്വാളിഫയറിന് യോഗ്യത നേടാനും മുംബൈ ഇന്ത്യന്‍സിന് സാധിച്ചു. ആദ്യ ക്വാളിഫയര്‍ പരാജയപ്പെട്ട പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. ജൂണ്‍ ഒന്നിന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡയത്തിലാണ് രണ്ടാം ക്വാളിഫയര്‍.

 

Content Highlight: IPL 2025: Eliminator: MI vs GT: Match set the record of highest aggregate in IPL play offs