ഇന്ത്യക്കാരില്‍ അഞ്ചാമനാവാന്‍ രാഹുല്‍; വിരാടിനും രോഹിത്തിനുമുള്ള നേട്ടത്തിലെത്താന്‍ വേണ്ടത് ഇത്ര മാത്രം...
IPL
ഇന്ത്യക്കാരില്‍ അഞ്ചാമനാവാന്‍ രാഹുല്‍; വിരാടിനും രോഹിത്തിനുമുള്ള നേട്ടത്തിലെത്താന്‍ വേണ്ടത് ഇത്ര മാത്രം...
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th May 2025, 2:39 pm

ഐ.പി.എല്ലിലെ ഡബിള്‍ ഹെഡ്ഡര്‍ സണ്‍ഡേയിലെ  രണ്ടാം മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് നടക്കാനിരിക്കുന്നത്. ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇരു ടീമുകള്‍ക്കും വളരെ നിര്‍ണായകമാണ്.

ശുഭ്മന്‍ ഗില്ലിന്റെ കീഴില്‍ എത്തുന്ന ഗുജറാത്ത് ടൈറ്റന്‍സിന് ഒരു ജയമകലെയാണ് പ്ലേ ഓഫ്. നിലവില്‍ 16 പോയിന്റുമായി ഗുജറാത്ത് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളില്‍ നിന്നും എട്ട് ജയവും മൂന്ന് തോല്‍വിയുമാണ് ടീമിനുള്ളത്. ഇന്ന് മത്സരത്തിനിറങ്ങുമ്പോള്‍ ഗില്ലും സംഘവും ജയം തന്നെയാണ് ലക്ഷ്യമിടുന്നത്.

അതേസമയം, പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം അനിവാര്യമാണ്. ക്യാപിറ്റല്‍സ് 11 മത്സരങ്ങളില്‍ ആറ് ജയവും നാല് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. അക്‌സറിന്റെ സംഘത്തിന്  13 പോയിന്റാണുള്ളത്.

ഗുജറാത്തിനെതിരെ സ്വന്തം തട്ടകത്തിലിറങ്ങുമ്പോള്‍ ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ കെ.എല്‍ രാഹുലിനെ കാത്തിരിക്കുന്നത് ഒരു വമ്പന്‍ നേട്ടമാണ്.  ടി – 20  ക്രിക്കറ്റില്‍ 8000 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടാനാണ് താരത്തിന് അവസരമുള്ളത്.

രാഹുലിന് ഈ നേട്ടം കൈവരിക്കാന്‍ വേണ്ടത് 33 റണ്‍സ് മാത്രമാണ്. നിലവില്‍ 236 മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ താരം 7967 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ആറ് സെഞ്ച്വറികളും 68 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. ടി – 20യില്‍ 42.15 ആവറേജും 136.14 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ദല്‍ഹിക്കെതിരെ ഈ നാഴികക്കല്ലില്‍ എത്തിയാല്‍ 8000 റണ്‍സ് പിന്നിടുന്ന ആറാമത്തെ ഇന്ത്യക്കാരനാവാന്‍ രാഹുലിന് സാധിക്കും. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

പതിനെട്ടാം സീസണില്‍ ദല്‍ഹി ക്യാപിറ്റല്‍സിനായി മികച്ച പ്രകടനമാണ് രാഹുല്‍ നടത്തുന്നത്. പത്ത് മത്സരങ്ങളില്‍ നിന്ന് താരം മൂന്ന് അര്‍ധ സെഞ്ച്വറികളടക്കം 381 റണ്‍സ് നേടിയിട്ടുണ്ട്. 47.63 ആവറേജും 142.16 സ്‌ട്രൈക്ക് റേറ്റുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്ക് ഈ സീസണിലുള്ളത്.

Content Highlight: IPL 2025: DC vs GT: KL Rahul needs 33 runs to complete 8000 runs T20 cricket