അള്‍ട്ടിമേറ്റ് കാര്‍ണേജ്! അവസാന രണ്ട് ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ചെയ്തുകൂട്ടിയതെന്തോ, ആ ഇന്നിങ്‌സിനെ വിശേഷിപ്പിക്കാന്‍ ഏറ്റവും ചുരുങ്ങിയത് കാര്‍ണേജ് എന്ന് വാക്കെങ്കിലും ഉപയോഗിക്കണം.
ഒന്നിന് പിന്നാലെ ഒന്നായി ആകാശം തൊട്ട് പറന്നിറങ്ങിയ സിക്‌സറുകള്‍. തുള്ളിച്ചാടി അതിര്‍ത്തി വര കടന്ന പന്തുകള്‍. ഒടുവില്‍ വെറും 14 പന്തില്‍ പുറത്താകാതെ 53 റണ്‍സുമായി ഷെപ്പേര്‍ഡ് തിളങ്ങി.
— Royal Challengers Bengaluru (@RCBTweets) May 3, 2025
ആറ് സിക്‌സറും നാല് ഫോറും അടക്കം 378.6 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു കരിബീയന്‍ കരുത്തന്‍ ചിന്നസ്വാമിയില്‍ ബാറ്റിലൊളിപ്പിച്ച കൊടുങ്കാറ്റിനെ സ്വതന്ത്രമാക്കിയത്.
19ാം ഓവറില്‍ ഖലീല്‍ അഹമ്മദും 20ാം ഓവറില്‍ മതീശ പതിരാനയും ഷെപ്പേര്‍ഡിന്റെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. 19ാം ഓവറില്‍ 33 റണ്‍സ് നേടിയ താരം അവസാന ഓവറില്‍ 21 റണ്‍സും അടിച്ചെടുത്തു.
ഇന്നിങ്സിലെ അവസാന പന്തില്‍, വ്യക്തിഗത സ്‌കോര്‍ 47ല്‍ നില്‍ക്കവെ സിക്സര്‍ നേടി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഒരു റെക്കോഡും ഷെപ്പേര്‍ഡിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ രണ്ടാമത് ഹാഫ് സെഞ്ച്വറിയുടെ റെക്കോഡാണ് കുറിക്കപ്പെട്ടത്.
2023ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 13 പന്തില്‍ അര്‍ധ സെഞ്ച്വറിയടിച്ച യശസ്വി ജെയ്‌സ്വാളിന് ശേഷം ഈ റെക്കോഡ് പുസ്തകത്തില്‍ രണ്ടാമനായാണ് ഷെപ്പേര്‍ഡ് തന്റെ പേരെഴുതിച്ചേര്‍ത്തത്.
വേഗതയേറിയ ഫിഫ്റ്റിയില്‍ ഒന്നാമനാകാന്‍ സാധിച്ചില്ലെങ്കിലും മറ്റൊരു വെടിക്കെട്ട് നേട്ടത്തില്‍ ഒന്നാമനാകാന്‍ ഷെപ്പേര്‍ഡിന് സാധിച്ചിരുന്നു.
ഐ.പി.എല്‍ ചരിത്രത്തില്‍ ഒരു 50+ ഇന്നിങ്‌സിന്റെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റെന്ന റെക്കോഡാണ് ഷെപ്പേര്‍ഡ് സ്വന്തമാക്കിയത്.
Carnage corridor at the Chinnaswamy! ☄️
Best strike rate for any 50+ score by a batter in the history of the IPL! 🙇♂️ pic.twitter.com/33RaMQSWqM
— Royal Challengers Bengaluru (@RCBTweets) May 3, 2025
2023ല്‍ 13ല്‍ പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ജെയ്‌സ്വാള്‍ തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത് 47 പന്തില്‍ 98* എന്ന നിലവിയിലാണ്. 208.51 ആയിരുന്നു താരത്തിന്റെ പ്രഹരശേഷി.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുമായി വിരാട് – ബേഥല്‍ സഖ്യം തിളങ്ങി.
മികച്ച രീതിയില്‍ ചെന്നൈ ബൗളര്‍മാരെ പഞ്ഞിക്കിട്ട് മുമ്പോട്ട് കുതിച്ച ഈ റണ്ണൊഴുക്കിന് തടയിട്ടത് മതീശ പതിരാനയാണ്. പത്താം ഓവറിലെ അഞ്ചാം പന്തില്‍ ബേഥലിനെ പുറത്താക്കി സൂപ്പര്‍ കിങ്സ് ആദ്യ ബ്രേക് ത്രൂ നേടി. യുവതാരം ഡെവാള്‍ഡ് ബ്രെവിസിന്റെ അവിശ്വസനീയമായ ക്യാച്ചിലൂടെയാണ് സൂപ്പര്‍ കിങ്സ് ബേഥലിനെ മടക്കിയത്.
— Royal Challengers Bengaluru (@RCBTweets) May 3, 2025
വണ്‍ ഡൗണായെത്തിയ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെ വിരാടിനെയും ടീമിന് നഷ്ടമായി. 33 പന്തില്‍ 62 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. അഞ്ച് വീതം ഫോറും സിക്‌സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സാം കറനാണ് വിരാടിനെ പുറത്താക്കിയത്.
18ാം ഓവറിലെ അഞ്ചാം പന്തില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ക്രീസിലെത്തിയതോടെ സ്‌കോര്‍ ബോര്‍ഡും അതിവേഗം ചലിച്ചു. 17.4 ഓവറില്‍ 157/5 എന്ന നിലയില്‍ നിന്നും 20.0 ഓവറില്‍ 213/5 എന്ന നിലയിലേക്കാണ് ഷെപ്പേര്‍ഡ് ടീമിനെ നയിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 എന്ന നിലയിലാണ്. 22 പന്തില്‍ 47 റണ്‍സുമായി ആയുഷ് മാഹ്‌ത്രെയും നാല് പന്തില്‍ രണ്ട് റണ്ണുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍
ആയുഷ് മാഹ്‌ത്രെ, ഷെയ്ഖ് റഷീദ്, സാം കറന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ദീപക് ഹൂഡ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.