ഐ.പി.എല്‍ 2025ലെ രണ്ടാം സതേണ്‍ ഡെര്‍ബി മത്സരത്തിലും ചെന്നൈ സൂപ്പര്‍ കിങ്‌സിന് തോല്‍വി. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമിയില്‍ നടന്ന മത്സരത്തില്‍ രണ്ട് റൺസിന്റെ തോല്‍വിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ വഴങ്ങിയത്. ഇതോടെ സീസണിലെ ഒമ്പതാം തോല്‍വിയും ടീമിന് നേരിടേണ്ടി വന്നു.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് എടുത്തിരുന്നു. വിരാട് കോഹ്ലി, ജേകബ് ബേഥല്‍, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ബെംഗളൂരു മികച്ച സ്‌കോറിലെത്തിയത്.
A clash for the ages 👏
A finish that’ll be remembered for years🔥#RCB triumph in an absolute thriller as Yash Dayal holds off the mighty #CSK in a roaring Bengaluru night 💪Scorecard ▶ https://t.co/I4Eij3Zfwf#TATAIPL | #RCBvCSK | @RCBTweets pic.twitter.com/IDKvGd3wuP
— IndianPremierLeague (@IPL) May 3, 2025
എന്നാല്‍, വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ പോരാട്ടം 211ല്‍ അവസാനിക്കുകയായിരുന്നു. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തില്‍ ചെന്നൈക്കായി യുവതാരം ആയുഷ് മാഹ്ത്രെയും രവീന്ദ്ര ജഡേജയും മാത്രമാണ് കരുത്തരായത്.
മത്സരശേഷം തോല്‍വിയെ കുറിച്ച് ചെന്നൈ നായകന്‍ എം.എസ്. ധോണി സംസാരിച്ചിരുന്നു. താന്‍ കുറച്ച് കൂടെ മികച്ച ഷോട്ടുകള്‍ കളിച്ച് റണ്‍സ് നേടണമായിരുന്നെന്നതിനാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് ധോണി പറഞ്ഞു. ബെംഗളൂരു താരം റൊമാരിയോ ഷെപ്പേര്‍ഡ് വളരെ നന്നായി കളിച്ചുവെന്നും ചെന്നൈ ബൗളര്‍മാര്‍ യോര്‍ക്കറുകള്‍ എങ്ങനെ എറിയണമെന്ന് പഠിക്കേണ്ടതുണ്ട് എന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഷോട്ടുകള്‍ കളിച്ച് കുറച്ച് റണ്‍സ് നേടണമായിരുന്നു. അതിനാല്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. റൊമാരിയോ ഷെപ്പേര്‍ഡ് വളരെ നന്നായി കളിച്ചു. ഞങ്ങളുടെ ബൗളര്‍മാര്‍ എറിഞ്ഞ പന്തുകള്‍ പരമാവധി പ്രയോജനപ്പെടുത്തി.
യോര്‍ക്കറുകള്‍ എങ്ങനെ എറിയണമെന്ന് നമ്മള്‍ പഠിക്കേണ്ടതുണ്ട്. കാരണം ബാറ്റര്‍മാരെ വലിയ ഷോട്ടുകള്‍ അടിക്കുന്നത് തടയാന്‍ കഴിയുന്ന ഒരു ഡെലിവറിയാണ് ഇത്,’ ധോണി പറഞ്ഞു.
മത്സരത്തിലെ ചെന്നൈ ബാറ്റര്‍മാരുടെ പ്രകടനത്തെ കുറിച്ചും ധോണി സംസാരിച്ചു. ഒരു യൂണിറ്റ് എന്ന നിലയില്‍ നന്നായി ബാറ്റ് ചെയ്തുവെന്നും തങ്ങളുടെ ബാറ്റര്‍മാര്‍ക്ക് ഇത് ഒരു നല്ല മത്സരമായിരുന്നുവെന്നും ധോണി പറഞ്ഞു.

‘ഞങ്ങള്‍ ഒരു യൂണിറ്റ് എന്ന നിലയില്‍ നന്നായി ബാറ്റ് ചെയ്തു. ഞങ്ങളുടെ ബാറ്റര്‍മാര്‍ക്ക് ഇത് ഒരു നല്ല മത്സരമായിരുന്നു. മുന്‍ മത്സരങ്ങളില്‍ ഞങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ ആര്‍.സി.ബിക്കെതിരെ ബാറ്റര്‍മാര്‍ അവരുടെ മികവ് കാണിച്ചു.
ഞങ്ങളുടെ ബൗളര്‍മാര്‍ റണ്‍സ് വഴങ്ങിയാല്‍ നമ്മുക്ക് മത്സരത്തിലേക്ക് തിരിച്ച് വരാന്‍ കഴിയും. പക്ഷേ, ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ച വെക്കാത്തപ്പോള്‍ കാര്യങ്ങള്‍ വെല്ലുവിളിയാണ്,’ ധോണി പറഞ്ഞു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്സിനും മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി യുവതാരങ്ങളായ ആയുഷ് മാഹ്ത്രെയും ഷെയ്ഖ് റഷീദും മികച്ച പ്രകടനം പുറത്തെടുത്തു.
Fought strong and hard!🦁💛#RCBvCSK #WhistlePodu pic.twitter.com/vzv3hGDz7o
— Chennai Super Kings (@ChennaiIPL) May 3, 2025
മാഹ്ത്രെ അര്‍ധ സെഞ്ച്വറിയുമായാണ് ചെന്നൈയുടെ നെടും തൂണായത്. 48 പന്തില്‍ അഞ്ച് സിക്സും ഒമ്പത് ഫോറും അടക്കം 94 റണ്‍സാണ് താരം നേടിയത്. ആയുഷിന് പുറമെ രവീന്ദ്ര ജഡേജയും അര്‍ധ സെഞ്ച്വറി നേടി കരുത്ത് കാട്ടി. 45 പന്തില്‍ 77 നേടി താരം പുറത്താവാതെ നിന്നു.
കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ടുമായി തിളങ്ങിയ സാം കറന്‍ ഇത്തവണ പാടെ നിരാശപ്പെടുത്തി. അഞ്ച് പന്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
റോയല്‍ ചലഞ്ചേഴ്സിനായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
We believed.
We stepped up.
We secured 2️⃣ points.Ladies and gentlemen, we are the Royal Challengers Bengaluru. ❤️🔥 pic.twitter.com/cCqIB4BDCx
— Royal Challengers Bengaluru (@RCBTweets) May 3, 2025
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി വിരാട് 33 പന്തില്‍ 62 റണ്‍സും ബേഥല്‍ 33 പന്തില്‍ 55 റണ്‍സും സ്വന്തമാക്കി. വെറും 14 പന്ത് നേരിട്ട് പുറത്താകാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെ വെടിക്കെട്ടാണ് ആര്‍.സി.ബിയെ 200 കടത്തിയത്. ആറ് സിക്‌സറും നാല് ഫോറും അടക്കം 378.57 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
സൂപ്പര്‍ കിങ്സിനായി മതീശ പതിരാന മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൂര്‍ അഹമ്മദും സാം കറനും ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: IPL 2025: CSK vs RCB: Chennai Super Kings Captain MS Dhoni take the blame for the defeat against Royal Challengers Bengaluru
