അവര്‍ അപകടകാരികള്‍, മുന്നോട്ട് പോകാന്‍ ആ ടീമിനെ ഒഴിവാക്കേണ്ടതുണ്ട്; ബെംഗളൂരുവിന് മുന്നറിയിപ്പുമായി ചോപ്ര
IPL
അവര്‍ അപകടകാരികള്‍, മുന്നോട്ട് പോകാന്‍ ആ ടീമിനെ ഒഴിവാക്കേണ്ടതുണ്ട്; ബെംഗളൂരുവിന് മുന്നറിയിപ്പുമായി ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th May 2025, 1:35 pm

ഐ.പി.എല്‍ 2025ലെ പ്ലേ ഓഫ് ലൈനപ്പായെങ്കിലും ക്വാളിഫെയറിലും എലിമിനേറ്ററിലും ആരൊക്കെയാവും പരസ്പരം ഏറ്റുമുട്ടുകയെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. പ്ലേ ഓഫിന് യോഗ്യത നേടിയ നാല് ടീമുകളുടെയും ഉന്നം പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനങ്ങളാണ്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും പരാജയപ്പെട്ടതോടെ ഈ മത്സരം കടുക്കുകയാണ്.

നിലവില്‍ 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം സ്ഥാനത്തും പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും 17 പോയിന്റുമായി രണ്ട് മൂന്നും സ്ഥാനത്തുമാണ്. 16 പോയിന്റുള്ള മുംബൈ നാലാം സ്ഥാനത്തുമുണ്ട്. പഞ്ചാബിനൊഴികെ ബാക്കി എല്ലാ ടീമുകളും സീസണില്‍ ഒരു മത്സരമാണ് ശേഷിക്കുന്നത്.

ഗുജറാത്തിനും പഞ്ചാബിനും അടുത്ത മത്സരങ്ങള്‍ ജയിക്കാനായാല്‍ നിലവിലെ സ്ഥാനവും ക്വാളിഫെയറും ഉറപ്പിക്കാനാവും. അങ്ങനെയെങ്കില്‍ ബെംഗളൂരും മുംബൈയുമായിരിക്കും എലിമിനേറ്ററില്‍ ഏറ്റുമുട്ടുക.

ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ബെംഗളൂരു മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്താല്‍, എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ അവര്‍ക്ക് നേരിടേണ്ടി വരുമെന്നും ഈ സമയത്ത് മുംബൈ ഇന്ത്യന്‍സിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.സി.ബി മികച്ച പ്രകടനം കാഴ്ച വെക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നതിനാല്‍ അപകടകാരികളായി മാറിയ മുംബൈയെ ബെംഗളൂരു ഒഴിവാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അവര്‍ ആദ്യം നേരിട്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ മുംബൈയാണ് ഇപ്പോള്‍ ഉള്ളതെന്നും ചോപ്ര മുന്നറിയിപ്പ് നല്‍കി.

‘ആദ്യ രണ്ട് സ്ഥാനങ്ങള്‍ വളരെ പ്രധാനമാണ്. അവിടെ എത്തുന്നവര്‍ക്ക് രണ്ട് അവസരങ്ങള്‍ ലഭിക്കും. ബെംഗളൂരുവിന്റെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍, നിങ്ങള്‍ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ഫിനിഷ് ചെയ്താല്‍, എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെ നിങ്ങള്‍ക്ക് നേരിടേണ്ടി വരും. ഈ സമയത്ത് മുംബൈ ഇന്ത്യന്‍സിനെതിരെ നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

ആര്‍.സി.ബി മികച്ച പ്രകടനം കാഴ്ച വെക്കുകയും മുന്നോട്ട് പോകുകയും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ മുംബൈയെ അല്‍പ്പം ഒഴിവാക്കുക. ഫൈനലില്‍ നിങ്ങള്‍ അവരെ നേരിടുന്നതില്‍ കുഴപ്പമില്ല. പക്ഷേ അവര്‍ അപകടകാരികളായ ഒരു ടീമായി മാറിയിരിക്കുന്നതിനാല്‍ നിങ്ങള്‍ അവരെ അല്‍പ്പം ഒഴിവാക്കേണ്ടതുണ്ട്.

നിങ്ങള്‍ തീര്‍ച്ചയായും അവരുടെ സ്വന്തം നാട്ടില്‍ അവരെ തോല്‍പ്പിച്ചു, പക്ഷേ അത് വ്യത്യസ്തമായ ഒരു മുംബൈയായിരുന്നു. അവര്‍ ഇപ്പോള്‍ അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു മുംബൈയാണ്,’ ചോപ്ര പറഞ്ഞു.

പതിവ് പോലെ തോറ്റാണ് പതിനെട്ടാം സീസണും മുംബൈ ഇന്ത്യന്‍സ് തുടക്കമിട്ടത്. ആദ്യ കളിച്ച അഞ്ച് മത്സരത്തില്‍ നാലും തോറ്റിരുന്നു. എന്നാല്‍ പിന്നീട് മുന്‍ ചാമ്പ്യന്മാരുടെ തിരിച്ച് വരവിനായിരുന്നു സീസണ്‍ സാക്ഷിയായത്. തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ വിജയിച്ചാണ് നാലാം സ്ഥാനം ഉറപ്പിച്ചത്.

Content Highlight: IPL 2025: Akash Chopra says Royal Challengers Bengaluru need to avoid Mumbai Indians to move forward in ongoing IPL Season