റണ്‍സെടുക്കുന്നുമില്ല, ക്യാച്ചുകളും വിട്ടു; ധോണിക്കെതിരെ വിമര്‍ശനവുമായി ചോപ്ര
IPL
റണ്‍സെടുക്കുന്നുമില്ല, ക്യാച്ചുകളും വിട്ടു; ധോണിക്കെതിരെ വിമര്‍ശനവുമായി ചോപ്ര
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th May 2025, 1:51 pm

ധോണി ആരാധകരും ചെന്നൈ സൂപ്പര്‍ കിങ്സും മറക്കാനാഗ്രഹിക്കുന്ന സീസണായിരിക്കും ഐ.പി.എല്‍ 2025. ഇരുവരും ഒരു കാലത്തുമില്ലാത്ത വിധം മോശം ഫോമിലൂടെയാണ് കടന്ന് പോയത്.

ചെന്നൈ ചരിത്രത്തില്‍ ആദ്യമായി ഒരു സീസണില്‍ പത്ത് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനക്കാരായി. അതേസമയം, ക്യാപ്റ്റനായി തിരിച്ചെത്തിയെങ്കിലും തന്റെ പഴയ ഫോമില്‍ കളിക്കാനോ ടീമിനായി വലിയ പ്രകടനങ്ങള്‍ കാഴ്ച വെക്കാനോ ധോണിക്ക് കഴിഞ്ഞില്ല.

ഇപ്പോള്‍ ധോണിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണി കഴിഞ്ഞ കുറച്ച് സീസണുകളില്‍ ലോവര്‍ ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നതെന്നും ടീമിന്റെ വിജയങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ ഡോട്ട് ബോള്‍ ശതമാനം 45 ശതമാനമാണെന്നും ആരാധകര്‍ അത് ശ്രദ്ധിക്കണമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

‘ധോണി കഴിഞ്ഞ കുറച്ച് സീസണുകളില്‍ ലോവര്‍ ഓര്‍ഡറിലാണ് ബാറ്റ് ചെയ്യുന്നത്. അവന്‍ 45 ശതമാനം മത്സരങ്ങളിലും എട്ടാം സ്ഥാനത്തോ ഒമ്പതാം സ്ഥാനത്തോ ആണ് ബാറ്റ് ചെയ്തത്. മത്സരങ്ങളില്‍ സിക്‌സുകള്‍ നേടിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മിക്ക റണ്‍സും ടീം തോറ്റ മത്സരങ്ങളിലാണ് വന്നത്.

വിജയങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ ഡോട്ട് ബോള്‍ ശതമാനം 45 ശതമാനമാണ്. അത് വളരെ കൂടുതലാണ്. ആരാധകര്‍ അത് ശ്രദ്ധിക്കണം,’ ചോപ്ര പറഞ്ഞു.

ധോണിയുടെ വിക്കറ്റ് കീപ്പിങ് പ്രകടനത്തിന് കുറിച്ചും ചോപ്ര സംസാരിച്ചു. വിക്കറ്റ് കീപ്പിങ്ങില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ടെങ്കിലും സ്റ്റാറ്റസ് നോക്കുമ്പോള്‍ ഈ സീസണില്‍ ഏറ്റവും റണ്‍സ് വിട്ടുകൊടുത്ത വിക്കറ്റ് കീപ്പറാണ് ധോണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ധോണി വിക്കറ്റ് കീപ്പിങ്ങില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്. എന്നാല്‍ സ്റ്റാറ്റസ് വ്യത്യസ്തമായ ഒരു കണക്കാണ് നല്‍കുന്നത്. 18ാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നല്‍കിയ വിക്കറ്റ് കീപ്പര്‍ അദ്ദേഹമാണ്. അഞ്ച് ക്യാച്ചുകള്‍ നേടിയപ്പോള്‍ നാലെണ്ണം വിട്ടു കളഞ്ഞു,’ ചോപ്ര പറഞ്ഞു.

ധോണി ഈ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 196 റണ്‍സാണ് നേടിയത്. 24.50 ആവറേജും 135.17 സ്‌ട്രൈക്ക് റേറ്റുമാണ് ചെന്നൈ നായകനുള്ളത്. താരത്തിന് പതിനെട്ടാം സീസണില്‍ ഒരു അര്‍ധ സെഞ്ച്വറി പോലും നേടാനായിട്ടില്ല. സീസണിന്റെ തുടക്കത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെയും ദല്‍ഹി ക്യാപിറ്റല്‍സിനെതിരെയും നേടിയ 30 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

Content Highlight: IPL 2025: Akash Chopra criticizes Chennai Super Kings skipper MS Dhoni