ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സ് വമ്പന്‍ വിജയമണ് സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 100 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത്. അതേസമയം ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ പുറത്തായിരുന്നു.
സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും ഏഴ് തോല്‍വിയും വഴങ്ങി ആറ് പോയിന്റ് മാത്രമാണ് രാജസ്ഥാന് നേടാന്‍ സാധിച്ചത്. പുറത്തായതോടെ വലിയ വിമര്‍ശനങ്ങളാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങേണ്ടി വന്നത്. ഇപ്പോള്‍ രാജസ്ഥാന്റെ ടീം സെലക്ഷനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ്.
ബോളിങ് കോമ്പിനേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതുകൊണ്ട് ഈ സീസണില്‍ രാജസ്ഥാന് തിരിച്ചടിയുണ്ടായതെന്ന് അഭിനവ് മുകുന്ദ് പറഞ്ഞു. മാത്രമല്ല വലിയ തുക മുടക്കി 14കാരനായ വൈഭവ് സൂര്യവന്‍ശിയേയും നിതീഷ് റാണയേയും വാങ്ങേണ്ടിയിരുന്നില്ലെന്നും അഭിനവ് പറഞ്ഞു.
‘രാജസ്ഥാന്‍ കൂടുതല്‍ തുക മുടക്കിയെടുത്ത നല്ല ബോളര്‍ ആര്‍ച്ചറാണ്. നിര്‍ഭാഗ്യവശാല്‍ അവര്‍ ടീമിലെടുത്ത ഇന്ത്യന്‍ ബോളര്‍മാര്‍ കാര്യമായി തിളങ്ങിയില്ല. തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് മുടക്കിയത് 6.75 കോടി രൂപയാണ്. എന്നാല്‍ താരം കൂടുതല്‍ മത്സരങ്ങളിലും ബെഞ്ചിലായിരുന്നു. ബൗളിങ് കോമ്പിനേഷനില്‍ ശ്രദ്ധിക്കണമായിരുന്നു. പിന്നെ കൂടുതല്‍ തുക മുടക്കിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിതീഷ് റാണയും വൈഭവ് സൂര്യവന്‍ഷിയുമാണ്.
എത്ര ചിന്തിച്ചാലും വൈഭവ് സൂര്യവന്‍ഷിയ 1.1 കോടി രൂപയ്ക്കും നിതീഷ് റാണയെ 4.2 കോടി രൂപയ്ക്കും ഞാന്‍ വാങ്ങില്ലായിരുന്നു. ആ പണം ഞാന്‍ കുറച്ച് നല്ല ബൗളര്‍മാര്‍ക്കായി ചെലവഴിക്കുമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അവരുടെ ബൗളിങ് നോക്കൂ, നിങ്ങള്‍ക്ക് ആവേശ് ഖാന്‍, ചഹല്‍, അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവരുണ്ടായിരുന്നു, മുടക്കിയ തുകയ്ക്ക് അനുസരിച്ചുളള മികച്ച ബൗളര്‍മാരായിരുന്നു അവര്‍,’ അഭിനവ് മുകുന്ദ് പറഞ്ഞു.
മാത്രമല്ല മത്സരത്തില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അഭാവം മൂലം ക്യാപറ്റനായി കളത്തിലിറങ്ങിയ റിയാന്‍ പരാഗിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലായിരുന്നു. സഞ്ജുവിന്റെ പരിക്ക് ഗൗരവമുള്ളതാണെന്ന് രാജസ്ഥാന്റെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. മെയ് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത പോരാട്ടം.