IPL
അതേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നു; അവനെയൊക്കെ ഒരു ഓള്‍ റൗണ്ടറായാണോ പരിഗണിക്കുന്നത്; ആഞ്ഞടിച്ച് ആകാശ് ചോപ്ര
ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന്റെ ആവേശം കെട്ടടങ്ങി. ഒന്നിച്ച് ഇന്ത്യയുടെ ജയത്തിനായി ആര്‍പ്പുവിളിച്ച ആരാധകര്‍ ഇനി ഇഷ്ടതാരങ്ങള്‍ക്കായി ചേരി തിരിഞ്ഞ് പോര്‍വിളി മുഴക്കാന്‍ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്.
2008ല്‍ ആരംഭിച്ച് ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറിനെ പോലും സ്വാധീനിക്കാന്‍ പോന്ന ശക്തിയായി വളര്‍ന്ന ഐ.പി.എല്‍ എന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിന്റെ 18ാം എഡിഷനിലെത്തി നില്‍ക്കുകയാണ്.
മാര്‍ച്ച് 23നാണ് ഫാന്‍ ഫേവറിറ്റുകളായ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. മുന്‍ ചാമ്പ്യന്‍മാരും കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളുമായ സണ്‍റൈസേഴ്സ് ഹൈദരാബാദാണ് എതിരാളികള്‍. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
കഴിഞ്ഞ വര്‍ഷത്തെ ടീമില്‍ നിന്നും ഏറെ മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ ഇത്തവണ കളത്തിലിറങ്ങുന്നത്. മെഗാ താരലേലത്തില്‍ വിശ്വസ്തരായ താരങ്ങളെ കൈവിട്ടുകളഞ്ഞ രാജസ്ഥാന്‍ ആരാധകരില്‍ നിന്നും ഏറെ വിമര്‍ശനങ്ങളുമേറ്റുവാങ്ങിയിരുന്നു.
പുതിയ സീസണിലെ രാജസ്ഥാന്റെ ടീമിനെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജസ്ഥാന്‍ റോയല്‍സിന് മികച്ച ഓള്‍റൗണ്ടര്‍മാരില്ലെന്നും കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ അവസ്ഥയിലേക്കാണ് രാജസ്ഥാന്‍ ലേലത്തിന് ശേഷം എത്തിപ്പെട്ടതെന്നും ചോപ്ര പറഞ്ഞു.

‘എന്നെ കുഴപ്പിക്കുന്ന മറ്റൊരു കാര്യമെന്തെന്നാല്‍ ഇംപാക്ട് പ്ലെയര്‍ റൂള്‍ കൊണ്ടുവന്നതിന് ശേഷം ഓരോ ടീമിലും എക്‌സ്ട്രാ ഒന്നോ രണ്ടോ ഓള്‍ റൗണ്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ ഈ ടീമില്‍ അങ്ങനെ ഒരാള്‍ പോലുമില്ല.
അഞ്ച് ബാറ്ററും ആറ് ബൗളര്‍മാരും എന്ന കോമ്പിനേഷനില്‍ തന്നെയായിരിക്കും അവര്‍ കളിക്കുക. അവര്‍ ഒരിക്കല്‍ക്കൂടി പഴയ അവസ്ഥയില്‍ തന്നെ എത്തിപ്പെട്ടു.
മെഗാ താരലേലത്തില്‍ സംഭവിച്ചതെന്താണ്, ഇതെന്നെ ആശ്ചര്യപ്പെടുത്തുന്നു. നിങ്ങള്‍ വാനിന്ദു ഹസരങ്കയെ ഒരു ഓള്‍ റൗണ്ടറായാണ് കണക്കാക്കുന്നത്. എന്നാല്‍ ഐ.പി.എല്ലിന്റെ ലെവല്‍ പരിശോധിക്കുമ്പോള്‍ അവനെ ഒരിക്കലും ഒരു ഓള്‍ റൗണ്ടറായി കണക്കാക്കാന്‍ സാധിക്കില്ല.
ഈ സീസണില്‍ ഒരുപക്ഷേ അവന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചേക്കും. ഒരോ തവണയും അവന്‍ പന്തെറിഞ്ഞ് മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നുണ്ട്. എന്നാല്‍ ഒരു ബാറ്റര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താന്‍ ഹസരങ്കക്ക് ഇനിയും സാധിച്ചിട്ടില്ല,’ ചോപ്ര അഭിപ്രായപ്പെട്ടു.

രാജസ്ഥാന്‍ റോയല്‍സിന്റെ വെബ്‌സൈറ്റില്‍ പങ്കുവെച്ച സ്‌ക്വാഡില്‍ രണ്ടേ രണ്ട് താരങ്ങളെ മാത്രമാണ് ഓള്‍-റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ പെടുത്തിയിട്ടുള്ളത്. ഹസരങ്കക്ക് പുറമെ 13 വയസുകാരന്‍ വൈഭവ് സൂര്യവംശി മാത്രമാണ് ടീമിലെ ഓള്‍-റൗണ്ടര്‍. റിയാന്‍ പരാഗ് അടക്കമുള്ളവരെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഉപയോഗപ്പെടുത്താന്‍ സാധിക്കുമെങ്കിലും ഇത് എത്രത്തോളം മികച്ചതാകുമെന്ന ചോദ്യം അവശേഷിക്കുന്നു.
ഐ.പി.എല്‍ 2025നുള്ള രാജസ്ഥാന്‍ റോയല്‍സ് സ്‌ക്വാഡ്
ബാറ്റര്‍മാര്‍
- നിതീഷ് റാണ
- ശുഭം ദുബെ
- ഷിംറോണ്‍ ഹെറ്റ്മെയര്‍ ✈
- യശസ്വി ജെയ്‌സ്വാള്‍
- റിയാന്‍ പരാഗ്
ഓള്‍റൗണ്ടര്‍മാര്‍
- വാനിന്ദു ഹസരങ്ക ✈
- വൈഭവ് സൂര്യവംശി
വിക്കറ്റ് കീപ്പര്‍മാര്‍
- സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍)
- ധ്രുവ് ജുറെല്‍
- കുണാല്‍ സിങ് റാത്തോഡ്
ബൗളര്‍മാര്‍
- മഹീഷ് തീക്ഷണ ✈
- ആകാശ് മധ്വാള്‍
- കുമാര്‍ കാര്‍ത്തികേയ സിങ്
- തുഷാര്‍ ദേശ്പാണ്ഡേ
- ഫസല്‍ഹഖ് ഫാറൂഖി ✈
- ക്വേന മഫാക്ക ✈
- അശോക് ശര്‍മ
- സന്ദീപ് ശര്‍മ
- ജോഫ്രാ ആര്‍ച്ചര്‍ ✈
- യുദ്ധ്‌വീര്‍ സിങ്
Content Highlight: IPL 2025: Aakash Chopra on the absence of a quality all-rounder in the Rajasthan Royals’ squad