ആദ്യം സഞ്ജു, ശേഷം പന്ത്, ദേ ഇപ്പോള്‍ രാഹുലും; താരമായ ക്യാപ്റ്റന്‍മാര്‍ ഇവര്‍ മാത്രം, ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകതയും
IPL
ആദ്യം സഞ്ജു, ശേഷം പന്ത്, ദേ ഇപ്പോള്‍ രാഹുലും; താരമായ ക്യാപ്റ്റന്‍മാര്‍ ഇവര്‍ മാത്രം, ഈ നേട്ടത്തിന് മറ്റൊരു പ്രത്യേകതയും
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 20th April 2024, 7:21 pm

ഐ.പി.എല്‍ 2024ലെ 34ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. സ്വന്തം തട്ടകമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു രാഹുലിന്റെയും സംഘത്തിന്റെയും വിജയം.

ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, ആറ് പന്ത് ബാക്കി നില്‍ക്കെ ലഖ്‌നൗ മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിന് അനായാസ വിജയം സമ്മാനിച്ചത്.

53 പന്ത് നേരിട്ട് ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടക്കം 82 റണ്‍സാണ് രാഹുല്‍ നേടിയത്. 154.72 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. 43 പന്തില്‍ 54 റണ്‍സാണ് ഡി കോക്ക് നേടിയത്.

ഈ പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുത്തതും രാഹുലിനെ തന്നെയായിരുന്നു.

34 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത് മാത്രം നായകനാണ് രാഹുല്‍. ഇതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ദല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റനായ റിഷബ് പന്തുമാണ് സീസണില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയത്.

സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ പുരസ്‌കാര നേട്ടം. തങ്ങളുടെ കോട്ടയായ സവായ് മാന്‍സിങ് സ്‌റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയായിരുന്നു സഞ്ജു പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയത്.

52 പന്തില്‍ പുറത്താകാതെ 82 റണ്‍സാണ് സഞ്ജു നേടിയത്. ആറ് പടുകൂറ്റന്‍ സിക്‌സറും മൂന്ന് ഫോറും അടക്കം 157.69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ് പിറവിയെടുത്തത്.

ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ലോ സ്‌കോറിങ് ത്രില്ലറിലാണ് ക്യാപ്പിറ്റല്‍സിനെ വിജയിപ്പിച്ച് പന്ത് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത്.

ഹോം ടീമായ ഗുജറാത്ത് ടൈറ്റന്‍സ് ഉയര്‍ത്തിയ 90 റണ്‍സിന്റെ വിജയലക്ഷ്യം 67 പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ക്യാപ്പിറ്റല്‍സ് മറികടക്കുകയായിരുന്നു.

വിക്കറ്റിന് പിന്നില്‍ രണ്ട് ക്യാച്ചും ഒരു സ്റ്റംപിങ്ങും നടത്തിയ പന്ത് 11 പന്തില്‍ പുറത്താകാതെ 16 റണ്‍സും നേടിയിരുന്നു.

സീസണില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയ ക്യാപ്റ്റന്‍മാരില്‍ മൂന്ന് പേരും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

ഐ.പി.എല്ലിന് ശേഷം ടി-20 ലോകകപ്പ് നടക്കുന്നതിനാല്‍ താരങ്ങളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലോകകപ്പിനുള്ള വിക്കറ്റ് കീപ്പര്‍ ബാറ്ററെ തെരഞ്ഞെടുക്കുന്നതാകും സെലക്ടര്‍മാര്‍ക്ക് ഏറ്റവും തലവേദനയുണ്ടാക്കാന്‍ പോകുന്നത്. സഞ്ജു സാംസണ്‍, കെ.എല്‍. രാഹുല്‍. റിഷബ് പന്ത്, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറെല്‍, ജിതേഷ് ശര്‍മ, പ്രഭ്‌സിമ്രാന്‍ സിങ് തുടങ്ങി നിരവധി ഓപ്ഷനുകളാണ് ബി.സി.സി.ഐക്ക് മുമ്പിലുള്ളത്.

ഇതില്‍ നിന്നും ആരെയാകും അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള അപെക്സ് ബോര്‍ഡ് ടീമിലുള്‍പ്പെടുത്തുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

 

 

Content Highlight: IPL 2024: Sanju Samson, Rishabh Pant and KL Rahul are the only captains who won player of the match award in this season