ചെന്നൈയിയെ കരകയറ്റാന്‍ ക്യാപ്റ്റനായി വീണ്ടും ധോണി; ജഡേജ സ്ഥാനമൊഴിഞ്ഞു
IPL
ചെന്നൈയിയെ കരകയറ്റാന്‍ ക്യാപ്റ്റനായി വീണ്ടും ധോണി; ജഡേജ സ്ഥാനമൊഴിഞ്ഞു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th April 2022, 8:14 pm

എം.എസ്. ധോണി ചെന്നൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തു. നിലവിലെ ക്യാപ്റ്റന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്രഖ്യാപിച്ചു.

ഐ.പി.എല്ലിലെ ഈ സീസണില്‍ മോശം തുടക്കമാണ് ചെന്നൈക്ക് നേടാനായത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ ആറാം തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. പഞ്ചാബ് കിംഗ്‌സായിരുന്നു ചെന്നൈയെ തോല്‍പിച്ചത്. ഇതോടെ എട്ട് കളിയില്‍ നിന്നും 2 ജയം മാത്രമായി പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ചെന്നൈ.

ജയിക്കാന്‍ സാധ്യതയുണ്ടായിരുന്ന മത്സരമായിരുന്നു പഞ്ചാബിനെതിരെ ചെന്നൈ കൈവിട്ടുകളഞ്ഞത്. 11 റണ്‍സിനായിരുന്നു ചെന്നൈയുടെ പരാജയം.

ചെന്നൈ തുടര്‍ച്ചയായി പരാജയപ്പെടുമ്പോള്‍ ആരാധകരും ക്രിക്കറ്റ് അനലിസ്റ്റുകളും ഒരുപോലെ വിരല്‍ ചൂണ്ടിയിരുന്നത് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയ്ക്ക് നേരെയാണ്.

പ്രഷര്‍ സിറ്റ്വേഷനുകളില്‍ കൃത്യമായ തീരുമാനെമെടുക്കാനാവാതെ സമ്മര്‍ദ്ദത്തിലാവുന്ന ക്യാപ്റ്റനെയായിരുന്നു സി.എസ്.കെ ആരാധകര്‍ എന്നും കണ്ടിരുന്നത്.

2022 ഐ.പി.എല്‍ സീസണില്‍ ആദ്യമായി നായകസ്ഥാനമേറ്റെടുത്ത താരമാണ് രവീന്ദ്ര ജഡേജ. 2008ല്‍ ഐ.പി.എല്‍ ആരംഭിച്ചതുമുതല്‍ ധോണിയല്ലാതെ മറ്റൊരാളും അലങ്കരിക്കാത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനമാണ് ജഡേജ ഏറ്റെടുത്തിരുന്നത്.