സിംഹവാലനായി പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്; ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണെന്ന് സുരേഷ് ഗോപി
Kerala News
സിംഹവാലനായി പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്; ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണെന്ന് സുരേഷ് ഗോപി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th April 2022, 6:43 pm

ന്യൂദല്‍ഹി:രാജ്യസഭയിലെ ആറ് വര്‍ഷ കാലയളവില്‍ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് സുരേഷ് ഗോപി. താടി വടിച്ചുള്ള പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഒരു രാജ്യസഭാ എം.പി എന്ന നിലയില്‍ എന്റെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണകൊണ്ട് എന്റെ കൈകള്‍ക്ക് കരുത്തും എന്റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നു, സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞദിവസം, സുരേഷ് ഗോപിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ രംഗത്തെത്തിയിരുന്നു. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന് വേണ്ടി സാള്‍ട്ട് ആന്റ് പെപ്പര്‍ ഗെറ്റപ്പിലുള്ള സുരേഷ് ഗോപിയുടെ ചിത്രവും സിംഹവാലന്‍ കുരങ്ങിന്റെ ചിത്രവും വെച്ചായിരുന്നു
പരിഹാസം. ഇതിന് ഗോകുല്‍ സുരേഷ് നല്‍കിയ മറുപടിയും വൈറലായിരുന്നു. ഈ പരിഹാസത്തിനും സുരേഷ് ഗോപി മറുപടി നല്‍കുന്നുണ്ട്.

”പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്..
ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ് ,” അദ്ദേഹം പറഞ്ഞു.

 

Content highlights: Suresh Gopi New Facebook post About His Look