ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ മുംബൈയെ കൈവിട്ടേക്കും; ഗുജറാത്തിനും ലഖ്‌നൗവിനും സാധ്യത
IPL
ഐ.പി.എല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ മുംബൈയെ കൈവിട്ടേക്കും; ഗുജറാത്തിനും ലഖ്‌നൗവിനും സാധ്യത
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th April 2022, 3:39 pm

ഐ.പി.എല്‍ മത്സരത്തിന്റെ ആവേശം വാനോളമുയരുമ്പോള്‍ പ്ലേ ഓഫ് മത്സരങ്ങള്‍ പുതിയ രണ്ട് വേദികളിലായി നടത്താന്‍ ബി.സി.സി.ഐ ലക്ഷ്യമിടുന്നു.

പതിനഞ്ചാം സീസണിലെ എല്ലാ മത്സരങ്ങളും മുംബൈയിലും പൂനെയിലും നവി മുംബൈയിലും വെച്ച് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഹമ്മദാബാദിലും ലഖ്‌നൗവിലും വെച്ച് പ്ലേ ഓഫ് നടത്താനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.

ഇത്തവണ ഐ.പി.എല്ലിലേക്ക് കടന്നു വന്ന പുതിയ രണ്ട് ടീമുകളായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരുടെ ഹോം ഗ്രൗണ്ടുകള്‍ക്കായിരിക്കും പ്ലേ ഓഫ് മത്സരങ്ങള്‍ നടത്താനുള്ള അവകാശം ലഭിക്കുന്നത്.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരമാണെങ്കില്‍ ആദ്യ ക്വാളിഫയര്‍ മത്സരവും ആദ്യ എലിമിനേറ്റര്‍ മത്സരവും ലഖ്‌നൗവില്‍ വെച്ചും രണ്ടാം എലിമിനേറ്റര്‍ മത്സരവും ഫൈനലും അഹമ്മദാബാദില്‍ വെച്ചുമാവും നടക്കുന്നത്.

‘സൂപ്പര്‍ ജയന്റ്‌സും ടൈറ്റന്‍സും ഈ വര്‍ഷമാണ് ഐ.പി.എല്ലിനൊപ്പം ചേര്‍ന്നത്. അതിനാല്‍ തന്നെ പ്ലേ ഓഫ് മത്സരങ്ങള്‍ ലഖ്നൗവിലും അഹമ്മദാബാദിലും വെച്ച് നടത്താന്‍ കഴിയുമെങ്കില്‍ അത് വളരെ മികച്ച മുന്നേറ്റമായിരിക്കും.

ഇത് നേരത്തെ തന്നെ ചര്‍ച്ച ചെയ്തതാണ്. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ചയിലാണ്. കാര്യങ്ങള്‍ തീരുമാനിച്ചതുപോലെ നടന്നാല്‍ ലഖ്നൗവും അഹമ്മദാബാദും പ്ലേ ഓഫ് മത്സരങ്ങള്‍ ആതിഥേയത്വം വഹിക്കുന്നത് നിങ്ങള്‍ കാണും,’ ബി.സി.സി.ഐ ഉദ്യോഗസ്ഥന്‍ന്‍ സ്‌പോര്‍ട്‌സ് തക്കിനോട് പറഞ്ഞു.

നിലവില്‍ മഹാരാഷ്ട്രയാണ് എല്ലാ മത്സരങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുന്നത്. മുംബൈയിലും പൂനെയിലുമായി വാംഖഡെ, ഡി.വി പാട്ടീല്‍ സ്റ്റേഡിയം സി.സി.ഐ ബ്രാബോണ്‍ എന്നീ സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇക്കാരണമൊന്നുകൊണ്ടുതന്നെ മുംബൈ ഇന്ത്യന്‍സിന് മാത്രമാണ് ഹോം അഡ്വനാന്റേജ് ലഭിക്കുന്നത്.

പുതിയ രണ്ട് ടീമുകളെ കൂടി ഉള്‍പ്പെടുത്തിയതോടെ രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. പുതിയ ടീമുകള്‍ വന്നതോടെ മത്സരങ്ങളുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എലിമിനേറ്റററും ഫൈനലുമടക്കം 74 മത്സരങ്ങളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ ഉണ്ടാവുക.

Content Highlight: IPL 2022 playoff matches likely to be played in Lucknow and Ahmedabad, says reports