ഒരു വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി മമ്മൂട്ടിയും മാധവിയും വാള്‍പയറ്റ് പഠിച്ചത് ഒരു ദിവസം കൊണ്ട്: പി.വി. ഗംഗാധരന്‍
Film News
ഒരു വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി മമ്മൂട്ടിയും മാധവിയും വാള്‍പയറ്റ് പഠിച്ചത് ഒരു ദിവസം കൊണ്ട്: പി.വി. ഗംഗാധരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 4th April 2022, 2:00 pm

മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളെടുത്താല്‍ അതിലൊന്ന് ഒരു വടക്കന്‍ വീരഗാഥയായിരിക്കും. എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ മമ്മൂട്ടി-ഹരിഹരന്‍ കൂട്ടുകെട്ടിന്റെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ചിത്രമായാണ് ഒരു വടക്കന്‍ വീരഗാഥ അറിയപ്പെടുന്നത്.

ചന്തു ചേകവരായി മമ്മൂട്ടിയെത്തിയ ചിത്രം അദ്ദേഹത്തിന് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു. മമ്മൂട്ടിക്ക് പുറമേ മാധവി, സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു ഉള്‍പ്പെടെയുള്ള മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയത്.

ചിത്രത്തിനായി മമ്മൂട്ടി വാള്‍പയറ്റ് പഠിച്ചത് ഒരു ദിവസം കൊണ്ടാണെന്ന് പറയുകയാണ് നിര്‍മാതാവ് പി.വി. ഗംഗാധരന്‍. മമ്മൂട്ടിക്ക് വാള്‍പയറ്റ് അറിയില്ലായിരുന്നു എന്നും ഗുരുവായൂരിലെ ഒരു ഹോട്ടലില്‍ വെച്ച് മമ്മൂട്ടിയും മാധവിയും ഒരു ദിവസം കൊണ്ടാണ് വാള്‍ പയറ്റ് പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഗാധരന്‍ ഒരു വടക്കന്‍ വീരഗാഥയെ പറ്റി പറഞ്ഞത്.

‘ഈ സിനിമക്ക് വേണ്ടി മമ്മൂട്ടി എടുത്ത ഒരു പരിശ്രമം ഭയങ്കരമാണ്. അദ്ദേഹത്തിന്റെ ഫിഗര്‍, അദ്ദേഹത്തിന്റെ മസില്‍ പവര്‍, അദ്ദേഹത്തിന്റെ മുഖത്തെ ഭാവാഭിനയം അതൊക്കെയാണ് സിനിമയില്‍ കാണുന്നത്. മമ്മൂട്ടിക്ക് വാള്‍പയറ്റ് അറിയില്ലായിരുന്നു.

ഗുരുവായൂരിലെ എലൈറ്റ് ഹോട്ടലില്‍ വെച്ച് മമ്മൂട്ടിയും മാധവിയും വാള്‍പയറ്റ് പഠിച്ചു. ഒറിജിനല്‍ വാളായിരുന്നു. എന്തെങ്കിലും തട്ടിയാല്‍ പോയി. ഒരു ദിവസം കൊണ്ട് പഠിച്ചിട്ടാണ് സിനിമയില്‍ ചെയ്തത്. എത്രയും പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിച്ച് ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പ്രധാനം.

ഒരു നടനാവാന്‍ ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് മമ്മൂട്ടി. ഒരു വടക്കന്‍ വീരഗാഥയിലേക്ക് മമ്മൂട്ടിയെ തന്നെ വേണമെന്നാണ് സംവിധായകനും തിരക്കഥാകൃത്തും പറഞ്ഞത്,’ ഗംഗാധരന്‍ പറഞ്ഞു.

‘മമ്മൂട്ടി പുറത്ത് ഗൗരവം കാണിക്കുമെങ്കിലും ഹൃദയം വിശാലമാണ്. നല്ലൊരു മനുഷ്യനാണ്. ചിലര്‍ പറയും മമ്മൂട്ടി ഭയങ്കര ഗൗരവക്കാരനാണെന്ന്. പക്ഷേ മമ്മൂട്ടി ഗൗരവക്കാരനാകേണ്ടിടത്ത് ഗൗരവക്കാരനാകും. പറയേണ്ട കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞിരിക്കും,’ ഗംഗാധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: producer PV Gangadharan says Mammootty and Madhavi learn wallpaper in one day for oru Vadakkan Veeragatha