ഉത്തർപ്രദേശിൽ റീല്‍സ് ചിത്രീകരിക്കാന്‍ ഐഫോണ്‍ മോഷണവും കൊലപാതകവും; പ്രതികള്‍ പിടിയില്‍
national news
ഉത്തർപ്രദേശിൽ റീല്‍സ് ചിത്രീകരിക്കാന്‍ ഐഫോണ്‍ മോഷണവും കൊലപാതകവും; പ്രതികള്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th June 2025, 8:04 pm

ലഖ്‌നൗ: ഉത്തർപ്രദേശിൽ റീല്‍സ് ചിത്രീകരിക്കാന്‍ യുവാവിനെ കൊലപ്പെടുത്തി ഐഫോണ്‍ മോഷ്ടിച്ച പ്രതികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരാണ് പിടിയിലായത്. ജൂണ്‍ 20 രാത്രിയിലാണ് സംഭവം നടന്നത്.

യുവാവിന്റെ തലക്കടിച്ചും കഴുത്തറുത്തുമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അമ്മാവന്റെ വിവാഹത്തിനായി ബഹ്റൈച്ചിലെ നാഗൗര്‍ ഗ്രാമത്തില്‍ എത്തിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ട ഷാദാബ് (19) ആക്രമിക്കപ്പെട്ടത്.

ബെംഗളുരുവിലാണ് യുവാവ് താമസിച്ചിരുന്നത്. നാഗൗര്‍ ഗ്രാമത്തിലെത്തിയ ഷാദാബിനെ ജൂണ്‍ 21ന് കാണാതാകുകയായിരുന്നു. തുടര്‍ന്ന് ഗ്രാമത്തിന് അടുത്തുള്ള ഒരു കുഴല്‍ക്കിണറിന് സമീപത്ത് നിന്ന് ഷാദാബിന്റെ മൃതദേഹം കണ്ടെത്തി.

യുവാവിന്റെ കഴുത്ത് കത്തി ഉപയോഗിച്ച് അറുത്ത നിലയിലായിരുന്നുവെന്നും തലയ്ക്ക് അടിയേറ്റിരുന്നുവെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ 14 ഉം 16 ഉം വയസുള്ള രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്നും രാമാനന്ദ് പ്രസാദ് പ്രതികരിച്ചു.

ഇവര്‍ക്കെതിരെ ബി.എന്‍.എസ് സെക്ഷന്‍ 103(1) (കൊലപാതകം), 238 (തെളിവുകള്‍ മറച്ചുവെക്കല്‍) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കേസ്. സംഭവസ്ഥലത്തും മറ്റും പൊലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ മോഷ്ടിക്കപ്പെട്ട ഐഫോണ്‍, കത്തി, ഇഷ്ടിക എന്നീ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഉയര്‍ന്ന നിലവാരമുള്ള റീല്‍സുകള്‍ ചിത്രീകരിക്കാന്‍ കഴിയുന്ന ഐഫോണ്‍ കൈയില്‍ കണ്ടതോടെയാണ് ഷാദാബിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്നും ഇരുവരും സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്തവരെ ഗോണ്ടയിലെ ഡിവിഷണല്‍ ജുവനൈല്‍ റിഫോം ഹോമിലേക്ക് അയച്ചതായി ദേഹാട്ടിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദദ്ദന്‍ സിങ് അറിയിച്ചു. ആയുധം ഒളിപ്പിക്കാന്‍ സഹായിച്ചതായി ആരോപിക്കപ്പെടുന്ന മുതിര്‍ന്ന ഒരാളെ ജയിലിലേക്ക് അയച്ചതായും എസ്.എച്ച്.ഒ പറഞ്ഞു.

Content Highlight: iPhone theft and murder for reels; Suspects arrested in up