മോദിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചു; മാര്‍ക്ക് കാര്‍ണിക്കെതിരെ കാനഡയില്‍ വിമര്‍ശനം
World News
മോദിയെ ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചു; മാര്‍ക്ക് കാര്‍ണിക്കെതിരെ കാനഡയില്‍ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th June 2025, 6:12 pm

ഒട്ടാവ: കാനഡയില്‍ വെച്ച് നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതിന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിക്കെതിരെ വിമര്‍ശനം. ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്ന ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ്‌ നിജ്ജറിന്റെ കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മോദിയെ ക്ഷണിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സിഖ് അഭിഭാഷക ഗ്രൂപ്പുകളില്‍ നിന്നും ഖലിസ്ഥാന്‍ സംഘടനകളില്‍ നിന്നുമാണ് പ്രധാനമായും വിമര്‍ശനം ഉയരുന്നത്.

ഇന്ത്യ ജി-7 ഗ്രൂപ്പില്‍ അംഗമല്ലാത്തതിനാല്‍ അതിഥി രാഷ്ട്രമായിട്ടാണ് കാര്‍ണി ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ഏറ്റവും ജനസംഖ്യയുള്ള രാജ്യം, വിതരണ ശൃംഖലകളുടെ കേന്ദ്രമാണ് എന്നീ കാരണങ്ങളാണ് ഇന്ത്യയെ ക്ഷണിക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ കാര്‍ണി ചൂണ്ടിക്കാട്ടിയത്.

അതേസമയം നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കാനഡയില്‍ മികച്ച ഒരു നിയമ പ്രക്രിയയുണ്ടെന്നും ആ നിയമ പ്രക്രിയകളെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരിക്കലും ഉചിതമല്ലെന്നുമാണ് ഈ ചോദ്യത്തിന് അദ്ദേഹം ഉത്തരം നല്‍കിയത്.

2023ല്‍ ബ്രിട്ടീഷ് കൊളംബിയയില്‍വെച്ച് ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാവുന്നത്. നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഏജന്റുമാരുടെ പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

എന്നാല്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ കാനഡ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും കാനഡ തങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞതോടെ പ്രശ്നം വഷളാവുകയും ഇരു രാജ്യങ്ങളും അവരുടെ നയതന്ത്രജ്ഞരെ തിരിച്ചു വിളിക്കുകയും ചെയ്തു.

തുടര്‍ന്ന് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നതില്‍ തനിക്ക് ഇന്റലിജന്‍സ് വിവരം മാത്രമേയുള്ളൂവെന്നും തെളിവുകള്‍ ഇല്ലെന്നും മുന്‍ പ്രധാനമന്ത്രി ട്രൂഡോ സമ്മതിച്ചിരുന്നു.

കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരം മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായ പശ്ചാത്തലത്തിലാണ് വിദേശകാര്യ വക്താവിന്റെ പ്രസ്താവന.

സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവത്കരിക്കുക എന്നതാണ് കാനഡ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം പുനര്‍നിര്‍മിക്കാന്‍ കാനഡ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മുമ്പ്‌ പറഞ്ഞിരുന്നു.

Content Highlight: Invited Modi to G-7 summit; Mark Carney criticized in Canada