ഇസ്രഈലി,യു.എസ്‌ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം; ഐ.സി.സി ജഡ്ജിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക
America
ഇസ്രഈലി,യു.എസ്‌ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം; ഐ.സി.സി ജഡ്ജിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 7:41 am

വാഷിങ്ടൺ: അമേരിക്കൻ, ഇസ്രഈലി ഉദ്യോഗസ്ഥർക്കെതിരായ യുദ്ധകുറ്റങ്ങളുടെ അന്വേഷണങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐ.സി.സി) ജഡ്ജിമാർക്കെതിരെയും പ്രോസിക്യൂട്ടർമാർക്കെതിരെയും ഉപരോധം ഏർപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഹേഗ് കോടതിയിലെ ആറ് ജഡ്ജിമാരും ചീഫ് പ്രോസിക്യൂട്ടർമാരും ഉൾപ്പെടെ ഒമ്പത് സ്റ്റാഫ് അംഗങ്ങൾക്ക് മേലാണ് യു.എസ് ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഏർപ്പെടുത്തിയ അതേ സാമ്പത്തിക, യാത്രാ നിയന്ത്രണങ്ങളാണ് യു.എസ് ഏർപ്പെടുത്തിയതെന്ന് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഉപരോധത്തെ തുടർന്ന് ഐ.സി.സി ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും അമേരിക്കയിലേക്കുള്ള പ്രവേശനവും സാമ്പത്തിക സേവനങ്ങളും ലഭ്യമാകില്ലെന്നും റിപ്പോർട്ടുകളുണ്ട്.

കോടതിയിലെ ഉന്നത പ്രോസിക്യൂട്ടറും ബ്രിട്ടീഷ് പൗരനുമായ കരിം ഖാന്റെ ബാങ്ക് അക്കൗണ്ടുകൾ പൂട്ടിക്കുകയും യു.എസ് വിസ റദ്ദാക്കുകയും ചെയ്തെന്നും അദ്ദേഹത്തിന്റെ ഐ.സി.സി ഇമെയിൽ അഡ്രസ് മൈക്രോസോഫ്റ്റ് റദ്ദാക്കിയെന്നും എ.പി റിപ്പോർട്ട് ചെയ്തു.

കനേഡിയൻ ജഡ്ജിയായ കിംബർലി പ്രോസ്റ്റിന് അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാർഡുകളിലേക്കുള്ള ആക്സസ് നഷ്ടപ്പെട്ടെന്നും ആമസോണിന്റെ അലക്സയുടെ ഉപയോഗം നഷ്ടപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. ലോകം മുഴുവൻ നിയന്ത്രണത്തിലാണെന്നും പ്രോസ്റ്റ് എ.പിയോട് പറഞ്ഞു.

തന്റെ ജീവിതകാലം മുഴുവൻ നീതിക്കായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഇപ്പോൾ തീവ്രവാദത്തിലും സംഘടിത കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവരുടെ പട്ടികയിലാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

അടിസ്ഥാന സാമ്പത്തിക സേവനങ്ങൾ, ഓൺലൈൻ ഷോപ്പിംഗ്, ഇമെയിൽ അഡ്രസ് റദ്ദാക്കുകയും യുഎസിൽ പ്രവേശിക്കുന്നത് തടയുകയും ചെയ്യുമെന്നാണ് ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിൽ പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ യു.എസ് സർക്കാർ വീണ്ടും ഭീഷണിപ്പെടുത്തിയ റിപ്പോർട്ടുകൾ നേരത്തെ വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ചെയ്തിരുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും മറ്റു മുതിർന്ന നേതാക്കൾക്കുമെതിരെയും അന്വേഷണം നടത്താൻ കഴിയാത്തവിധം ഉടമ്പടികളിൽ ഭേദഗതി വരുത്തണമെന്നും തയ്യാറായില്ലെങ്കിൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നുമായിരുന്നു ഭീഷണി.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ വംശഹത്യ കേസിലെ അന്വേഷണവും അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന യു.എസ് സൈനികർക്കെതിരായ അന്വേഷണവും നിർത്തിവെക്കണമെന്നും ട്രംപ് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Investigation against Israeli, US officials; US imposes sanctions on ICC judges