മഅദനിയുടെ വിഷയത്തില്‍ നിയമസഭ ഇടപെടണം: മഅദനി ജസ്റ്റിസ് ഫോറം
Kerala
മഅദനിയുടെ വിഷയത്തില്‍ നിയമസഭ ഇടപെടണം: മഅദനി ജസ്റ്റിസ് ഫോറം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2012, 9:37 am

തിരുവനന്തപുരം: ബാംഗ്ലൂരിലെ ജയിലില്‍ വിചാരണ തടവുകരാനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിക്ക് നീതി ലഭ്യമാക്കാന്‍ അടുത്തയാഴ്ച ചേരുന്ന സംസ്ഥാന നിയമസഭ ഇടപെടണമെന്ന് മഅദനി ജസ്റ്റിസ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.[]

മനുഷ്യാവകാശവും ആവശ്യമായ ചികിത്സയും നിഷേധിക്കപ്പെട്ടാണ് മഅദനി ബാംഗ്ലൂര്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്നത്. വിചാരണ തടവുകാരനായി ദീര്‍ഘകാലം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ഇന്ത്യന്‍ ജുഡീഷ്യറിക്ക് നാണക്കേടാണെന്ന മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വാക്കുകള്‍ ശരിവെയ്ക്കുന്ന രീതിയിലാണ് മഅദനിയുടെ കാര്യത്തില്‍ വിഷയങ്ങള്‍ നീങ്ങുന്നത്.

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായി ഒമ്പതര വര്‍ഷം അന്യായമായി തടവില്‍ കിടക്കേണ്ടിവന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ച കൊണ്ടാണ്. അതേ തെറ്റ് വീണ്ടും ആവര്‍ത്തിക്കുന്നത് മനുഷ്യത്വത്തോടുള്ള ക്രൂരതയാണെന്നും മഅദനി ജസ്റ്റിസ് ഫോറം സംസ്ഥാന കമ്മിറ്റി ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ആവശ്യപ്പെട്ടു.

ഐ.എസ്.ആര്‍.ഒ കേന്ദ്രത്തില്‍ അതിക്രമിച്ചുകയറിയ കൊല്ലം സ്വദേശിയായ വിചാരണ തടവുകാരി ഏകാന്തത അനുഭവിക്കുന്നുവെന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ജാമ്യം അനുവദിക്കുമ്പോള്‍, ഏതോ ഫോണ്‍ കോളിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട മഅദനിക്ക് ജാമ്യവും ചികിത്സയും നിഷേധിക്കുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥ എങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ വ്യക്തമായ തെളിവാണ്.

ഗുരുതരമായ രോഗങ്ങള്‍ ബാധിച്ച് അപകടത്തില്‍ കഴിയുന്ന മഅദനിയെ രക്ഷിക്കാന്‍ സംസ്ഥാന നിയമസഭ അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. നീതി നിഷേധത്തിനെതിരെ നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന് ജില്ലാ കേന്ദ്രങ്ങളില്‍ ഉപവാസം സംഘടിപ്പിക്കും.

ദേശീയ രംഗത്തെ ആക്ടിവിസ്റ്റുകളെ പങ്കെടുപ്പിച്ച് ബാംഗ്ലൂരില്‍ സെമിനാറും സംഘടിപ്പിക്കും.