സമരപ്പന്തലിലെത്തിയില്ലെങ്കിലും വി.എസ് ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്: വിഴിഞ്ഞം സമരസമിതി നേതാവ് സംസാരിക്കുന്നു
Daily News
സമരപ്പന്തലിലെത്തിയില്ലെങ്കിലും വി.എസ് ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുമെന്ന് ഉറപ്പുണ്ട്: വിഴിഞ്ഞം സമരസമിതി നേതാവ് സംസാരിക്കുന്നു
ന്യൂസ് ഡെസ്‌ക്
Thursday, 26th October 2017, 4:05 pm

 

വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര പാക്കേജുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ സമരരംഗത്തിറങ്ങിയിട്ട് ഒരാഴ്ചയിലേറെയായി. പുനരധിവാസം നഷ്ടപരിഹാരം തുടങ്ങിയ തങ്ങളുടെ ആവശ്യങ്ങള്‍ക്കുമുമ്പില്‍ അധികാരികള്‍ മുഖംതിരിച്ചതോടെയാണ് സമരവുമായി മുന്നോട്ടുപോകാന്‍ ഇവര്‍ നിര്‍ബന്ധിതരായത്.

ഇവരുടെ പ്രശ്‌നങ്ങള്‍ അറിയാനെത്തിയ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് കഴിഞ്ഞദിവസം സമരക്കാരെ കാണാതെ മടങ്ങേണ്ടി വന്നിരുന്നു. വി.എസ് തിരിച്ചുപോയതിന് പിന്നില്‍ പൊലീസ് ഇടപെടലാണെന്നാണ് സമരരംഗത്തുള്ളവര്‍ പറയുന്നത്. സമരത്തെക്കുറിച്ചും വി.എസിന്റെ തിരിച്ചുപോകാനുണ്ടായ സാഹചര്യത്തെക്കുറിച്ചും സമരസമിതി നേതാവ് പണി അടിമ ജോണ്‍ സംസാരിക്കുന്നു

 

കഴിഞ്ഞദിവസം വി.എസ് സമരസ്ഥലത്ത് സന്ദര്‍ശിക്കാന്‍ ശ്രമിക്കുകയും പിന്നീട് മടങ്ങിപ്പോവുകയും ചെയ്യാനുള്ള സാഹചര്യമുണ്ടായി. എന്തായിരുന്നു അവിടെ സംഭവിച്ചത്?

ജനകീയമായ ആവശ്യപ്രകാരമാണ് വി.എസ് ഇവിടെ വന്നത്. അതുവഴി സമരത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

വി.എസ് അവിടെ വരുന്നു എന്നറിഞ്ഞ് ഞങ്ങള്‍ ജനങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. ഒരു പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ വി.എസിന്റെ പി.എ എന്നെ വിളിച്ച് വി.എസിന് ഇവിടെ കയറാന്‍  പറ്റുന്നില്ല എന്ന് അറിയിക്കുകയുമായിരുന്നു.

കാര്യം അന്വേഷിച്ചപ്പോള്‍ പൊലീസിന്റെ നാടകീയമായ ചില ഇടപെടലുകള്‍ അതിനകത്ത് ഉണ്ടെന്നാണ് മനസിലായത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ത്തുകൊണ്ട് വി.എസിനെ ഇതിനകത്ത് കടത്തിവിട്ടില്ല. പൊലീസിന്റെ മാത്രമല്ല ചില തല്‍പ്പര കക്ഷികളുടെ കൂടി ഇടപെടലുകള്‍ ഇതിലുണ്ടെന്ന് വിശ്വസിക്കുന്നു.

വി.എസ് സമരപ്പന്തലില്‍ വന്നില്ലെങ്കില്‍ പോലും ഞങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ട്, അദ്ദേഹം ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയും ഇടപെടുകയും ചെയ്യുമെന്ന്.

 

പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനുശേഷം സമരരംഗത്തേക്ക് ഇറങ്ങാന്‍ വിഴിഞ്ഞം സ്വദേശികളെ നിര്‍ബന്ധിതരാക്കിയ സാഹചര്യം എന്തായിരുന്നു?

ടെസ്റ്റ് പൈലിങ് നടക്കുന്ന ഇടങ്ങളും വീടുകളും തമ്മില്‍ അരകിലോമീറ്റര്‍ പോലും വ്യത്യാസമില്ല. ഇതേത്തുടര്‍ന്ന് ആയിരത്തി അഞ്ഞൂറോളം വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണമായും വിള്ളലുകള്‍ സംഭവിച്ചു. ജനലുകള്‍ പൊട്ടി, വീടിന്റെ അടിത്തറ വരെ തകര്‍ന്ന സംഭവങ്ങളും ഇവിടെയുണ്ടായി.

വീടുകള്‍ തകര്‍ന്നതുകാരണം ദുരിതത്തിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഞങ്ങള്‍ പലതവണ അധികാരികള്‍ക്കു മുമ്പില്‍വെച്ചു. എന്നാല്‍ ഈ ആവശ്യം തീര്‍പ്പാക്കാതെ തന്നെ രണ്ടാമത് പൈലിങ് തുടങ്ങിയതോടെയാണ് ഞങ്ങള്‍ ഒരുമിച്ച് കൂടി സമരരംഗത്തിറങ്ങിയത്.

പദ്ധതി ആരംഭിക്കുന്നതിനു മുമ്പു തന്നെ ഞങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന പാക്കേജുകളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല. പാക്കേജ് നടപ്പാക്കുന്നതിനു മുമ്പു തന്നെ ഇവിടെ ആദ്യത്തെ ടെസ്റ്റ് പൈലിങ് നടത്തി.

 

നേരത്തെ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കുക, വീടുതകര്‍ന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുക എന്നിവയാണ് ഞങ്ങള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ യുവാക്കള്‍ക്കും ജനങ്ങള്‍ക്കും ജോലി കൊടുക്കുന്നത് വരെ ഈ സമരവുമായി മുന്നോട്ടുപോകും. സാങ്കേതിക വിദ്യാഭ്യാസമുള്ളവര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ ജോലി നല്‍കണം.

നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ നിങ്ങളുടെ ന്യായമായ ആവശ്യത്തോട് എന്തായിരുന്നു സര്‍ക്കാറിന്റെയും ആദാനി ഗ്രൂപ്പിന്റെയും പ്രതികരണം?

ആദ്യ പൈലിങ് നടന്ന സമയത്തുതന്നെ ഞങ്ങള്‍ രണ്ട് മൂന്ന് സൂചനാ സമരങ്ങള്‍ നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടറുടെയും ചേമ്പറിലെത്തി ഇടവക കമ്മിറ്റി അംഗങ്ങളും ഇടവക വൈദികന്‍ റവറന്റ് ഫാദര്‍ വിന്‍സെന്റും പള്ളിവികാരികളും പലതവണ യോഗം നടത്തിയിട്ടുണ്ടെങ്കിലും ത്വരിതഗതിയിലുള്ള നടപടിയുണ്ടാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. രണ്ടാമത്തെ പൈലിങ് ആയപ്പോഴേക്കും ജനങ്ങള്‍ ഒന്നടങ്കം ഇളകി. സ്ത്രീകളും കുട്ടികളും അടക്കം പ്രദേശവാസികള്‍ എല്ലാവരും സമരപ്പന്തലിലെത്തിയിരുന്നു.

ഞങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് ഇടവക വികാരിയും കമ്മിറ്റിയംഗങ്ങളും പലതവണ സമീപിച്ചിരുന്നു. പക്ഷെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും സര്‍ക്കാറിന്റെ ശ്രദ്ധയില്ലായ്മയും അദാനി ഞങ്ങളെയൊക്കെ നിസാരമായി കാണുന്നതുമൊക്കെയാണ് ഇത്തരമൊരു സമരത്തിലേക്ക് എത്തിച്ചത്.

പൈലിങ് കാരണം വീടുകള്‍ തകര്‍ന്നുവെന്ന് ഞങ്ങള്‍ പരാതിപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് പരിശോധിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ശരിയായ പഠനം നടക്കുകയോ വസ്തുതകള്‍ അടങ്ങിയ റിപ്പോര്‍ട്ടുണ്ടാക്കുകയോ ഉണ്ടായിട്ടില്ല. നഷ്ടപരിഹാരമോ അതിന്റെ ആനുകൂല്യങ്ങളോ പുനരധിവാസമോ ഇതുവരെ നടന്നിട്ടില്ല.

 

ആദ്യ പൈലിങ്ങുണ്ടാക്കിയ നഷ്ടപരിഹാരം നല്‍കാത്തപ്പോഴാണ് രണ്ടാമത്തെ പൈലിങ് ആരംഭിച്ചത്. രണ്ടാമത്തെ പൈലിങ് ആരംഭിച്ചതോടെ ജനങ്ങള്‍ സുരക്ഷിതമായി അദാനിയുടെ പോര്‍ട്ടിനകത്ത് എത്തണമെന്ന് ഇടവക അനൗണ്‍സ് ചെയ്തു. അവിടെ നിന്നാണ് ഈ സമരം ആരംഭിച്ചത്.

കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് നിങ്ങള്‍ സമരം നിര്‍വെച്ചതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്താണ് ഇതിലെ വസ്തുത?

സമരം അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജ പ്രചരണമാണ്. സമരം നിര്‍ത്തിയതായും പൂര്‍ണമായും തകര്‍ന്നതായും ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷേ ഈ സമരത്തില്‍ വിഴിഞ്ഞം ജനത മാത്രമല്ല, വിഴിഞ്ഞം ഇടവകയുടെയും തിരുവനന്തപുരം അതിരൂപതയുടെയും പൂര്‍ണ പിന്തുണയോടുകൂടിയാണ് ഞങ്ങള്‍ ഈ സമരം നടത്തുന്നത്. അഞ്ചുതെങ്ങു മുതല്‍ കൊല്ലങ്കോടു വരെയുളള എല്ലാ മത്സ്യത്തൊഴിലാളികളുടെയും പിന്തുണ ഞങ്ങളുടെ ഈ സമരത്തിനുണ്ട്.

തിരുവനന്തപുരം ജില്ലാ കലക്ടര്‍ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള നിരവധി പാക്കേജുകള്‍ ഞങ്ങള്‍ക്കുമുമ്പില്‍ ഒരു അജണ്ടപോലെ തയ്യാറാക്കികൊണ്ടുവന്നിരുന്നു. ഇടവക നിവാസികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജില്ലാ കലക്ടറുടെയുമെല്ലാം അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചായിരുന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇങ്ങനെയൊരു റിപ്പോര്‍ട്ട് തയ്യാറാക്കി എന്നല്ലാതെ അത് പ്രാവര്‍ത്തികമാക്കാനുള്ള ഒരു നടപടിയുമുണ്ടായിട്ടില്ല. അപ്പോള്‍ ഈയൊരു ഉറപ്പിനെ വിശ്വസിച്ചും ആറും എട്ടും ഒമ്പതും മാസം ഇതു നടപ്പിലാകുമെന്ന് കരുതി നടന്നും ജനങ്ങള്‍ മടുത്തതുകൊണ്ടാണ് അവര്‍ സമരത്തിനിറങ്ങിയത്.

ഈ സമരത്തെ തകര്‍ക്കാന്‍ ഗൂഢ തന്ത്രങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ജനങ്ങള്‍ ഒറ്റക്കെട്ടായിക്കൊണ്ട് ഒരു രാഷ്ട്രീയപാര്‍ട്ടിക്കുപോലും അവസരം നല്‍കാതെ പൂര്‍ണമായും ജനകീയമായാണ് ഈ സമരം നടക്കുന്നത്.