Interview| ചാര്‍ലിയിലെ അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് കടസീലേ ബിരിയാണിയിലെ സൈക്കോയിലേക്ക് | ഹക്കീം ഷാജഹാന്‍
Dool Talk
Interview| ചാര്‍ലിയിലെ അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന് കടസീലേ ബിരിയാണിയിലെ സൈക്കോയിലേക്ക് | ഹക്കീം ഷാജഹാന്‍
അന്ന കീർത്തി ജോർജ്
Wednesday, 29th December 2021, 8:23 pm
സമീപ കാലത്ത് മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായ തമിഴ് സിനിമയായിരുന്നു കടസീലേ ബിരിയാണി. നവാഗതനായ നിഷാന്ത് കാലിദിണ്ടി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ നടക്കുന്നത് കേരളത്തിലായതും മലയാളം ഡയലോഗുകളും സിനിമക്ക് വലിയ സ്വീകാര്യതയാണ് ഇവിടെ നേടിക്കൊടുത്തത്. ഇതിനൊപ്പം മലയാളിയായ ഹക്കീം ഷാജഹാന്‍ ചെയ്ത ചിത്രത്തിലെ ജൊഹാന്‍ കരിയ എന്ന സൈക്കോ കഥാപാത്രവും ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. തെന്നിന്ത്യന്‍ സിനിമകളില്‍ ഇതുവരെ വന്ന ഏറ്റവും മികച്ച വില്ലന്‍ സൈക്കോകളുടെ കൂട്ടത്തിലാണ് ഹക്കീം തന്റെ സൂക്ഷ്മമായ പ്രകടനത്തിലൂടെ ഇടം നേടിയിരിക്കുന്നത്.

അഞ്ച് വര്‍ഷം മുന്‍പ് കടസീലേ ബിരിയാണിയിലേക്ക് എത്തിയതിനെ കുറിച്ചും ചാര്‍ലി സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന നാളുകളെ കുറിച്ചും നാടകരംഗത്തെ കുറിച്ചും ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് ഹക്കീം. സിനിമ കണ്ട് ഇഷ്ടപ്പെട്ട നടന്‍ വിജയ് സേതുപതി കടസീലേ ബിരിയാണിയുടെ ഭാഗമായതിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് വരെ സാധ്യമായതെങ്ങനെയെന്നും ഹക്കീം പങ്കുവെക്കുന്നു.

ഹക്കീം ഷാജഹാന്‍

കടസീലേ ബിരിയാണി ഇന്ന് സിനിമാപ്രേമികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയാണ്, ഒപ്പം ഹക്കീം ചെയ്ത ജൊഹാന്‍ കരിയ എന്ന കഥാപാത്രവും. എങ്ങനെയായിരുന്നു ഈ സിനിമയിലേക്ക് എത്തിയത്?

സത്യത്തില്‍, ഈ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായി. ആ സമയത്ത് ചാര്‍ലി സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ഞാന്‍. ചാര്‍ലിക്ക് ശേഷം ആക്ട് ലാബ് എന്ന ആക്ടിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെ ഞങ്ങള്‍ തന്നെ കഥ എഴുതി സംവിധാനം ചെയ്ത് നാടകങ്ങള്‍ ചെയ്യുമായിരുന്നു.

അഭിനേതാക്കള്‍ മാത്രമുള്ള ഒരു അടിപൊളി കമ്യൂണിറ്റിയായിരുന്നു അത്. അവിടുത്തെ സംസാരങ്ങളെല്ലാം സിനിമകളെയും നാടകങ്ങളെയും കുറിച്ചായിരുന്നു. വളരെ തീവ്രസ്വഭാവമുള്ള നാടകങ്ങള്‍ക്കായിരുന്നു ഞങ്ങള്‍ മുന്‍ഗണന കൊടുത്തിരുന്നത്. അങ്ങനെയുള്ള ഒരു സമയത്തായിരുന്നു സംവിധായകന്‍ നിഷാന്ത് ഒരു സിനിമ പിടിക്കാനായി തിയേറ്റര്‍ ആക്ടേഴ്സിനെ അന്വേഷിച്ച് കൊച്ചിയിലെത്തുന്നത്.

കടസീലേ ബിരിയാണിയില്‍ അഭിനയച്ചവരില്‍ ഒരുവിധം പേരും നാടകരംഗത്തുള്ളവരാണ്. മൂത്ത ചേട്ടനായി അഭിനയിച്ച വസന്ത് സെല്‍വം പ്രശസ്ത തിയേറ്റര്‍ ആക്ടറാണ്. നാടക അഭിനേതാക്കളെ അന്വേഷിച്ചെത്തിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആക്ട് ലാബ് വഴി എന്നിലേക്ക് എത്തുകയായിരുന്നു.

ഓഡിഷന്‍ ചെയ്യാനുള്ള സമയമില്ലായിരുന്നു. അതുകൊണ്ട് എന്നോട് മുമ്പ് ചെയ്തിട്ടുള്ള വര്‍ക്കുകള്‍ ഏതെങ്കിലുമുണ്ടോയെന്ന് ചോദിച്ചു. ആ സമയത്ത് എന്റെ ഒരു നാടകം യൂട്യൂബിലുണ്ടായിരുന്നു. കുറച്ച് സൈക്കൊ ആയിട്ടുള്ള, ഉറക്കമൊന്നുമില്ലാത്ത ഒരു മച്ചാന്റെ ഒരു കഥയായിരുന്നു അത്. ആകെ കിളിപോയി ഇരിക്കുന്ന ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ഒരു ജയില്‍ നാടകമായിരുന്നു അത്. ഫൈറ്റ് ക്ലബ് എന്ന സിനിമയില്‍ നിന്നും ഇന്‍സ്‌പെയറായിട്ടായിരുന്നു അത് ഒരുക്കിയിരുന്നത്. ആ നാടകം അവര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു, എന്നെ സിനിമയിലേക്കെടുത്തു.

ചിത്രത്തില്‍ ഞാന്‍ ചെയ്ത ജൊഹാന്‍ കരിയ എന്ന കഥാപാത്രത്തിന്റെ പതിനഞ്ചോളം പേജുള്ള ക്യാരക്ടര്‍ ഡീറ്റെയ്ല്‍സായിരുന്നു അവര്‍ തന്നത്. അത് എനിക്ക് പുതിയ അനുഭവമായിരുന്നു. ഞാന്‍ അതുവരെ ചെയ്ത നാടകങ്ങളിലൊക്കെ ക്യാരക്റ്റര്‍ ഡീറ്റെയ്ല്‍സ് ഞാന്‍ തന്നെയായിരുന്നു ചെയ്തിരുന്നത്. ഞാന്‍ കണ്ടുവളര്‍ന്ന ജീവിത സാഹചര്യങ്ങളുടെയും ചുറ്റുപാടുകളുടെയും പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് മാത്രമേ ക്യാരക്ടര്‍ ഡീറ്റെയ്ല്‍സ് ചെയ്യാന്‍ സാധിച്ചിരുന്നുള്ളു എന്ന പരിമിതി അപ്പോഴുണ്ടായിരുന്നു.

എന്നാല്‍ ഈ സിനിമയില്‍, എന്നെ അറിയാത്ത ഒരാള്‍ എനിക്ക് വേണ്ടി ക്യാരക്ടര്‍ ഡീറ്റെയ്‌ലിങ്ങുണ്ടാക്കി തന്നപ്പോള്‍ ഞാന്‍ വളരെ എക്‌സൈറ്റഡായി. വായിച്ചുനോക്കിയപ്പോള്‍ റിലേറ്റ് ചെയ്യാനും കഥാപാത്രത്തെ മനസിലാക്കാനും സാധിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഞാന്‍ കടസീലേ ബിരിയാണിയിലേക്ക് എത്തി.

അടുത്തകാലത്ത് മലയാളത്തിലും മറ്റ് ഭാഷകളിലും ഒരുപാട് സൈക്കൊ കഥാപാത്രങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ അതിനേക്കാളെല്ലാം മികച്ചതാണ് ജൊഹാന്‍ കരിയ എന്നാണ് വരുന്ന റിപ്പോട്ടുകള്‍. ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ ക്യാരക്ടര്‍ ഡീറ്റെയ്ല്‍സിന് പുറമേ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ?

അങ്ങനെ ചോദിച്ചാല്‍, നാടകമൊക്കെ ചെയ്യുമ്പോള്‍ നടത്താറുള്ള തയ്യാറെടുപ്പുകള്‍ ചെയ്തു. ഒരു കഥാപാത്രത്തെ ഉള്‍ക്കാള്ളാന്‍ സമയമെടുക്കാറുണ്ട്. ഒരു കഥാപാത്രത്തിന്റെ ഡയലോഗുകള്‍ പഠിച്ചു ആ കഥാപാത്രത്തിന്റെ മൂഡിലേക്ക് ഞാനെത്താന്‍ ഒരാഴ്ചയെങ്കിലും എടുക്കാറുണ്ട്.
പെര്‍ഫോം ചെയ്യുന്നതിനേക്കാളും ഞാനേറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത് കഥാപാത്രത്തിലേക്കെത്താനുള്ള ഈ ട്രാക്കാണ്. ആ യാത്ര ഒരു രസമാണ്.

ഹോളിവുഡ് സിനിമകളിലെ സൂക്ഷ്മാഭിനയം കൊണ്ട് ശ്രദ്ധ നേടിയ സൈക്കോ കഥാപാത്രങ്ങളെയായിരുന്നു ജൊഹാന്‍ കരിയ കുറിച്ച് കേട്ടപ്പോള്‍ ഓര്‍മ വന്നത്. ഉദാഹരണത്തിന്, ‘സൈലന്‍സ് ഓഫ് ലാമ്പില്‍’ ആന്റണി ഹോപ്പ്കിന്‍സ് അവതരിപ്പിച്ച കഥാപാത്രമൊക്കെ.

കടസീലേ ബിരിയാണിയിലെ ജൊഹാന്‍ കരിയയായി ഹക്കീം

മറ്റു സിനിമകളില്‍ കാണുന്നതുപോലെ പിടിവിട്ട തരം സംഭാഷണങ്ങളൊന്നുമില്ലാതെ ചെറിയ ചില എക്‌സ്പ്രഷന്‍സ് കൊണ്ട് മച്ചാന്‍ നമ്മളെ പേടിപ്പിച്ചിട്ടുണ്ട്. ആ ഒരു രീതിയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം.

നിഷാന്തുമായി സംസാരിച്ചപ്പോള്‍ പുള്ളിക്കും അതായിരുന്നു താല്‍പര്യം. പക്ഷെ എന്റെ പേടി മറ്റൊന്നായിരുന്നു. ഈ റോള്‍ ചെയ്യുമ്പോള്‍ 24 വയസേ ഉണ്ടായിരുന്നുള്ളു എനിക്ക്. വളരെ മെലിഞ്ഞിരിക്കുന്ന ഞാന്‍ ആ പേര്‍സണാലിറ്റിയില്‍ വന്നാല്‍ ആള്‍ക്കാര്‍ ഉള്‍കൊള്ളുമോ എന്നായിരുന്നു ആ പേടി. എന്നാല്‍ ഇന്ന് ജനങ്ങള്‍ പടം ഏറ്റെടുക്കുന്നത് കാണുമ്പോള്‍ കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

ജൊഹാന്‍ കരിയ ചില ഇംഗ്ലിഷ് ഡയലോഗുകള്‍ പറയുന്നത് ഈ ചര്‍ച്ചകള്‍ക്ക് ശേഷം വന്ന ഇംപ്രവൈസേഷന്‍ ആയിരുന്നോ? അതോ നേരത്തെ തിരക്കഥയിലുണ്ടായിരുന്നോ?

അത് തിരക്കഥയില്‍ ആദ്യമേ ഉണ്ടായിരുന്നതാണ്. ഇംഗ്ലീഷില്‍ വലിയ പരിജ്ഞാനമുള്ള വ്യക്തിയല്ല ഞാന്‍. എഴുതാനും വായിക്കാനുമൊക്കെ അറിയാമെങ്കിലും കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ കുറവാണ്. അതൊന്നും പ്രശ്നമല്ലമല്ലെന്നായിരുന്നു സംവിധായകന്റെ പ്രതികരണം. കാരണം ജൊഹാന്‍ കരിയയുടെ ബാക്ക്‌സ്‌റ്റോറി വെച്ചുനോക്കുമ്പോള്‍ അയാളുടെ ഇംഗ്ലീഷ് ഉച്ചാരണത്തിന് വലിയ പ്രാധാന്യമില്ല.

തലതെറിച്ച സ്വഭാവം കാരണം നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ അമേരിക്കയിലേക്ക് പറഞ്ഞുവിടുന്ന ജൊഹാന്‍ അവിടെയും പ്രശ്‌നങ്ങളുണ്ടാക്കി തടവിലാവുന്നു. പിന്നീട് വൈകാതെ നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. ഈ കഥാപാത്രത്തിന്റെ ഇന്‍സ്പിറേഷന്‍ ‘ക്ലോക് വര്‍ക്ക് ഓറഞ്ച്’ പോലുള്ള സിനിമകളാണ്. അത്രയും തീവ്രമായ സൈക്കൊ സിനിമകളോട് അഡിക്ഷനുള്ള ഈ കഥാപാത്രത്തിന്റെ ഉള്ളിലുള്ള സൈക്കൊയാണ് ഇംഗ്ലീഷില്‍ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ഉച്ചാരണം ഒരു പ്രധാന ഘടകമല്ലായിരുന്നു.

നാടകത്തില്‍ നിന്നും സിനിമയിലേക്ക് വന്നപ്പോഴുണ്ടായ വ്യത്യാസങ്ങള്‍ എന്തെല്ലാമായിരുന്നു? കടസീലേ ബിരിയാണിയുടെ ഷൂട്ടിംഗ് അനുഭവം എങ്ങനെയുണ്ടായിരുന്നു ?

നാടകത്തിലായിരുന്നെങ്കില്‍ ആ കഥാപാത്രത്തിന്റെ ആഴങ്ങളില്‍ ചെന്നിറങ്ങി നാടകം അവസാനിക്കുന്നത് വരെ ആ കഥാപാത്രത്തില്‍ തന്നെ പൂര്‍ണമായും തുടരാം. എന്നാല്‍ സിനിമയില്‍ ഇത് മുപ്പതോ നാല്‍പ്പത് ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. അതുകൊണ്ടു തന്നെ അതിന്റേതായ പ്രയാസങ്ങളുണ്ടായിരുന്നു, പക്ഷെ അത്ര വലിയ ബുദ്ധിമുട്ടുകളൊന്നുമുണ്ടായിരുന്നില്ല. പിന്നെ അഭിനേതാവെന്ന നിലയില്‍ അത്തരം പ്രയാസങ്ങളെ മനസിലാക്കി മുന്നേറുകയാണ് വിജയമെന്നാണ് ഞാന്‍ കരുതുന്നത്.

രണ്ട് മാധ്യമങ്ങളുടെയും വ്യത്യാസം മനസിലാക്കാന്‍ സാധിക്കണം. സിനിമ എന്നാല്‍ ടെക്നിക്കാലിറ്റിയാണല്ലൊ, ഒരു അസിസ്റ്റന്റ് ഡയറക്ടറായതുകൊണ്ട് അതേ കുറിച്ച് ഞാന്‍ ബോധവാനായിരിന്നു. ക്യാമറയുടെ പിന്നില്‍ ഒരു ക്രിട്ടിക്കായി നിന്നുകൊണ്ട് അഭിനേതാക്കളുടെ പെര്‍ഫോമന്‍സിനെ നോക്കികണ്ടിരുന്നു. അതുകൊണ്ട് എന്തൊക്കെ വേണം, എന്തൊക്കെ വേണ്ട എന്നുള്ള ധാരണയുണ്ടായിരുന്നു.

കടസീലേ ബിരിയാണിയിലെ ഷൂട്ടിംഗ് ദിവസം, ആദ്യം റൗണ്ട് ട്രോളി സീനായിരുന്നു എടുക്കാന്‍ തീരുമാനിച്ചത്. സിംഗിള്‍ ഷോട്ടായിരുന്നു അത്. എന്നെ കഥാപാത്രത്തിലേക്ക് കൊണ്ടുവരാന്‍ സംവിധായകന്‍ ഒരുപാട് സമയം സംസാരിച്ചു. ‘ഞാന്‍ നിന്നെ ശല്യം ചെയ്യാന്‍ വരുന്നില്ല. എപ്പോഴാണോ നീ തയ്യാറാകുന്നത് അപ്പോള്‍ വന്നാല്‍ മതി’ എന്നായിരുന്നു നിഷാന്ത് പറഞ്ഞത്.

സെറ്റില്‍ ലൈറ്റ് അപ്പ് ചെയ്ത് ഷോട്ടിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തി എല്ലാവരും മിണ്ടാതെ ഇരുന്നു. ഞാനാണെങ്കില്‍ ഒരു മണിക്കൂര്‍…രണ്ട് മണിക്കൂര്‍…മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും സെറ്റിലേക്ക് ചെല്ലുന്നില്ല. കുറച്ചുകൂടി സമയമെടുത്ത്, ഒരു വൈകുന്നേരമായപ്പോഴാണ് എനിക്ക് കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ആദ്യം സെറ്റ് ചെയ്ത ലൈറ്റെല്ലാം മാറ്റി വേറെ സെറ്റ് ചെയ്യേണ്ടി വന്നു. പക്ഷെ, കഥാപാത്രത്തിലേക്ക് എനിക്കെത്താനാകണം എന്നതിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയത്.

പിന്നീടുള്ള ഷൂട്ടിംഗ് ദിവസങ്ങളിലെല്ലാം ജൊഹാന്‍ കരിയയായിട്ടായിരുന്നു എന്നെ അവര്‍ കണ്ടിരുന്നത്. ഹക്കീമേ എന്ന് പോലും ആരും വിളിക്കുന്നില്ലായിരുന്നു. ഞാനും ആ കഥാപാത്രത്തില്‍ തന്നെയായിരുന്നു. ഫോണെല്ലാം സ്വിച്ച് ഓഫ് ചെയ്ത് വെച്ചു. ജൊഹാന്‍ കരിയയാട്ടായിരുന്നു സെറ്റിലെ നടത്തവും പെരുമാറ്റവുമൊക്കെ. വീട്ടിലേക്ക് വിളിക്കുമ്പോള്‍ മാത്രമായിരുന്നു ജൊഹാനില്‍ നിന്നും മാറി ഹക്കീമായിരുന്നത്.

അഭിനയത്തിനൊപ്പം സംവിധാനവും മുന്നോട്ടുകൊണ്ടു പോകുന്നുണ്ടല്ലോ. സംവിധാനരംഗത്തേക്ക് കടന്നുവന്നതിനെ കുറിച്ചും ആ കരിയറിനെ കുറിച്ചും ?

നാടകങ്ങള്‍ ചെയ്യുന്ന സമയം മുതല്‍ തന്നെ കണ്ടന്റ് ക്രിയേറ്റ് ചെയ്ത് പെര്‍ഫോം ചെയ്യുമായിരുന്നു. അന്നുതന്നെ ഈ സംവിധാനം എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണെന്ന് തോന്നിയിരുന്നു. ചാര്‍ലിയില്‍ മാത്രമാണ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിന്നത്. എ.ബി.സി.ഡിയില്‍ ഞാന്‍ ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. അങ്ങനെ മാര്‍ട്ടിന്‍ സാറുമായി പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ചാര്‍ലിയിലെത്തിയത്. അവിടെ പോയി കുറച്ച് നാള്‍ അടിച്ചുപൊളിച്ചു. അത് കഴിഞ്ഞ് പിന്നെ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി നിന്നിട്ടില്ല. ഇതിനു മുന്‍പ് മഴവില്‍ മനോരമക്ക് വേണ്ടി വെബ് സീരീസ് പോലെയുള്ള വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്.

സിനിമ ചെയ്യണം എന്ന ആഗ്രഹം ഉള്ളിലുണ്ട്. ചാര്‍ലിയിലൂടെ ആ പ്രോസസ് ആഴത്തില്‍ മനസിലായി. എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യമാണെന്നും തോന്നി. പക്ഷെ, അതിന് മുന്‍പ് സര്‍വൈവ് ചെയ്യണമെങ്കില്‍ അഭിനയം തന്നെ നോക്കേണ്ടി വരുമെന്ന് തോന്നി. സംവിധാനം മനസിലുണ്ട്. അതിനുവേണ്ടിയുള്ള വര്‍ക്കുകളൊക്കെ നടക്കുന്നുണ്ട്. ഒപ്പം അഭിനയവും മുന്നോട്ടുകൊണ്ടുപോകുന്നു.

ഇപ്പോള്‍ ഞങ്ങള്‍ ചെറിയൊരു വെബ് സീരീസ് ആലോചിക്കുന്നുണ്ട്. ‘മൗഗ്ലി’ എന്നാണ് പേര് ഇട്ടിരിക്കുന്നത്. അതിന്റെ തിരക്കഥയെഴുത്ത് നടന്നുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ചെയ്യണം എന്നാണ് കരുതുന്നത്.

അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ ഷോര്‍ട്ട് ഫിലിമായ ഫ്രീഡം അറ്റ് മിഡ്‌നൈറ്റിലും പ്രധാന വേഷത്തില്‍ ഹക്കീമുണ്ടായിരുന്നു. യൂട്യൂബില്‍ ഏറെ പ്രേക്ഷകരെ നേടിയ ഹ്രസ്വ ചിത്രമായിരുന്നു അത്. എങ്ങനെയാണ് ഫ്രീഡത്തില്‍ അഭിനയിക്കാന്‍ എത്തുന്നത് ?

ഫ്രീഡം അറ്റ് മിഡ്നൈറ്റിന്റെ അസോസിയേറ്റ് ഡയറക്ടര്‍ മോഹിത് എന്റെ സുഹൃത്താണ്. സംവിധായകന്‍ ഷാനുമായി നാലഞ്ച് വര്‍ഷത്തെ പരിചയമുണ്ട്. ലോക്ക്ഡൗണ്‍ സമയത്ത് ഒന്നും ചെയ്യാനാകാത്തതിന്റെ പിരിമുറക്കത്തിലായിരുന്നു എല്ലാവരും. അപ്പോഴാണ് ഈ കഥയെ കുറിച്ച് ആലോചിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്ത് തിരക്കഥ ഏകദേശം ട്രാക്കിലായി.

ചിത്രത്തിലെ ചന്ദ്രയാകാന്‍ ചിലരെ സമീപിച്ചിരുന്നു. അവരെല്ലാം തയ്യാറായിരുന്നെങ്കിലും പിന്നീട് പല സിനിമകളുടെയും ഷൂട്ടിന്റെ തീയതികളുമായി ക്ലാഷാവുകയായിരുന്നു. പിന്നീട് ഷൂട്ടിന്റെ ഒരാഴ്ച മുന്‍പാണ് അനുപമ എത്തുന്നത്. അനുപമ നല്ല അടിപൊളിയായി ആ കഥാപാത്രത്തെ ചെയ്തു. നല്ല ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന, ടീമിനൊപ്പം ചേര്‍ന്നുപോകുന്ന ഒരു അടിപൊളി സ്ത്രീയാണ് അനുപമ. പിന്നെ, ഈ ഷോര്‍ട്ട് ഫിലിം ഇത്രയും ചര്‍ച്ചയാകുമെന്നൊന്നും നമ്മള്‍ വിചാരിച്ചിരുന്നേയില്ല.

ഹക്കീം ഭാഗമായ മറ്റു പല ഷോര്‍ട് ഫിലിമുകളും സീരിസുകളും യൂട്യൂബില്‍ ട്രെന്റിങ്ങായിട്ടുണ്ട്. ഈ രംഗത്താണോ സിനിമയിലാണോ കൂടുതല്‍ ഫോക്കസ് ചെയ്യുന്നത്? പുതിയ സിനിമാ പ്രോജക്ടുകള്‍?

ലോക്ക്ഡൗണ്‍ സമയത്താണ് ഷോര്‍ട്ട് ഫിലിംസ് കൂടുതലായി ചെയ്തത്. എന്നുവെച്ച് ഇനി അതുമാത്രമേ ചെയ്യൂ എന്നൊന്നുമില്ല. ആ സമയത്ത് വേറെ വഴിയില്ലായിരുന്നു. ഈ ഷോര്‍ട്ട് ഫിലിമുകളും ചെറു സീരിസുകളുമെല്ലാം സര്‍വൈവ് ചെയ്തുപോകുന്നതിന്റെ ഭാഗമാണ്.

കടസീലേ ബിരിയാണി തന്നെ ഞങ്ങള്‍ വളരെ ലോ ബഡ്ജറ്റിലാണ് ഷൂട്ട് ചെയ്തത്. പുറത്ത് നിന്ന് ഒരാള്‍ വന്ന് കണ്ടാല്‍ ഷോര്‍ട്ട് ഫിലിമാണെന്നേ പറയൂ. ആല്‍ഫ 7s ന്റെ ചെറിയ ക്യാമറയായിരുന്നു ഉപയോഗിച്ചത്. മറ്റെല്ലാം നാച്ചുറല്‍ ലൈറ്റായിരുന്നു. വണ്ടിയുടെ ബ്രേക്ക് ലൈറ്റും ഹെഡ്‌ലൈറ്റും മാത്രമാണ് അല്ലാതെയുള്ളത്. ഏത് പ്രൊഡക്ഷന്റെയാണെങ്കിലും ക്രൂവിന്റെ വലുപ്പത്തില്‍ വലിയ കാര്യമൊന്നുമില്ല. അതില്‍ ഉപയോഗിക്കുന്ന കണ്ടന്റിലും അല്ലെങ്കില്‍ വര്‍ക്ക് ചെയ്യുന്നവരുടെ കഴിവിലുമാണ് കാര്യം കിടക്കുന്നത്. അതുകൊണ്ട് തന്നെ ഷോര്‍ട്ട് ഫിലിം, സിനിമ എന്ന വേര്‍തിരിവൊന്നുമില്ല. എല്ലാം അഭിനയം തന്നെയാണ്.


അഭിനയിച്ച ചില സിനിമകള്‍ ഇറങ്ങാനുണ്ട്. അര്‍ച്ചന 31 നോട്ട് ഔട്ടില്‍ തരക്കേടില്ലാത്ത വേഷത്തിലുണ്ട്. ആസിഫ് അലി- സിബി മലയില്‍ ചിത്രം കൊത്ത്, പേരിടാത്ത ടോവിനോ ചിത്രം, വിശുദ്ധ മെജോ, പ്രിയന്‍ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളിലുമുണ്ട്. ഫെബ്രുവരിയില്‍ ഒരു തമിഴ് പടം സ്റ്റാര്‍ട്ട് ചെയ്യാനുണ്ട്.

ചെയ്യണമെന്ന് ആഗ്രഹമുള്ള ഏതെങ്കിലും കഥാപാത്രങ്ങളുണ്ടോ?

അങ്ങനെയൊന്നുമില്ല. പക്ഷെ ചെയ്യുന്ന കഥാപാത്രത്തെ ആളുകള്‍ ഓര്‍ത്തിരിക്കണമെന്നുണ്ട്. ചെറിയ വേഷമാണെങ്കിലും നല്ല ആഴമുള്ള, ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുന്ന കഥാപാത്രങ്ങളായിരിക്കണം എന്നുണ്ട്. സിനിമയില്‍ ഒരുപാട് സമയമോ സ്‌പേസോ ഇത്തരം കഥാപാത്രങ്ങള്‍ക്ക് നല്‍കാനാകില്ലായിരിക്കും. പക്ഷെ, വ്യക്തമായ കഥാപാത്രസൃഷ്ടിയുള്ള ക്യാരക്ടര്‍ ചെയ്യണമെന്നേയുള്ളു. അതില്‍ ഞാന്‍ ഹാപ്പിയായിരിക്കും. അല്ലാതെ ഈ ടൈപ്പ് കഥാപാത്രങ്ങള്‍ മാത്രമേ ചെയ്യൂ എന്നൊന്നുമില്ല.

ഒ.ടി.ടി റിലീസിന് പിന്നാലെ കടസീലേ ബിരിയാണിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. പ്രേക്ഷകരും മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെക്കുന്നത്. ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നോ? ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഏതെങ്കിലും അഭിനന്ദനമോ ആശംസയോ ഉണ്ടോ?

ഒ.ടി.ടിയില്‍ ഇറങ്ങുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ സിനിമ രണ്ടാഴ്ചയോളം ഓടിയിരുന്നു. അപ്പോള്‍ വന്ന പ്രതികരണങ്ങളില്‍ നിന്നുതന്നെ ഒ.ടി.ടിയില്‍ റിലീസ് ചെയ്താല്‍ വരാന്‍ പോകുന്ന പ്രതികരണങ്ങളെ കുറിച്ച് ഏകദേശം മനസിലായിരുന്നു. പക്ഷെ അതിനുമുന്‍പ് ഈ സിനിമ ഇറക്കാന്‍ പോലുമാകാതെ ഇരിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം ഇത് പെട്ടിയിലായിപ്പോയി. പൈസയില്ലായിരുന്നു.

ലോക്ക്ഡൗണ്‍ സമയത്ത് നിഷാന്ത് ഈ സിനിമ ഒരിക്കല്‍ കൂടി വെട്ടിക്കൂട്ടി. എവിടെയെങ്കിലും പിച്ച് ചെയ്യാനായി പലര്‍ക്കുമയച്ചു. അക്കൂട്ടത്തില്‍ വിജയ് സേതുപതി ഈ പടം കണ്ടു. അദ്ദേഹത്തിന് ഒരുപാട് ഇഷ്ടപ്പെട്ടു. നിഷാന്തിനെ വിളിച്ച് അരമണിക്കൂറോളമായിരുന്നു സംസാരിച്ചത്. എന്നോട് സംസാരിക്കണം എന്നു പറഞ്ഞ് എന്റെ നമ്പറും വാങ്ങി.

ഞാന്‍ ഈ കഥ ഒന്നും അറിയുന്നില്ല. പിറ്റേ ദിവസം വിജയ് സേതുപതി വിളിക്കുമെന്ന് പറഞ്ഞ് നിഷാന്ത് എനിക്ക് ടെക്സ്റ്റ് ചെയ്തു. അതുകണ്ട് ഞെട്ടാന്‍ തുടങ്ങുന്നതിന് മുന്‍പേ ഫോണിലേക്ക് ഒരു കോള്‍ വന്നു. ട്രൂകോളറില്‍ സേതുപതി എന്ന് കാണാം. എന്റെ ചങ്കിടിച്ച്, ജീവന്‍ പോയ അസ്ഥയിലായിരുന്നു, എന്ത് ചെയ്യണമെന്നറിയില്ല.

വിജയ് സേതുപതി

ഏകദേശം 15 മിനിറ്റോളം അദ്ദേഹം സംസാരിച്ചു. എന്നെ പരിചയപ്പെട്ട്, സംസാരിച്ച് ഒരു ആര്‍ട്ടിസ്റ്റിക് കമ്യൂണിക്കേഷനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. എവിടെയാണ് പഠിച്ചത്, എങ്ങനെയാണ് ഈ കഥാപാത്രത്തെ ചെയ്തത് എന്നെല്ലാം ചോദിക്കുന്നുണ്ടായിരുന്നു. ആ ഭാഗത്തെ നോട്ടം നന്നായിട്ടുണ്ട് എന്നു തുടങ്ങി സിനിമയിലെ ഓരോ ചെറിയ കാര്യങ്ങള്‍ വരെ എടുത്തു പറഞ്ഞു. എനിക്കാണെങ്കില്‍ ‘താങ്ക് യു സര്‍, താങ്ക് യു സര്‍’ എന്നല്ലാതെ വേറൊന്നും പറയാനും കിട്ടുന്നില്ല.

അവസാനം ചെന്നൈയില്‍ വരുമ്പോള്‍ കാണാം, കോണ്‍ടാക്ട് കീപ്പ് ചെയ്യണം എന്ന് പറഞ്ഞു. പേഴ്‌സണല്‍ നമ്പറാണ്. എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞു. വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ എന്നടക്കം ചോദിച്ചുകൊണ്ടായിരുന്നു ഫോണ്‍ വെച്ചത്. കോള്‍ കട്ടായ ശേഷമാണ് ഞാന്‍ ഒന്നും സംസാരിച്ചില്ലല്ലോയെന്ന് ആലോചിച്ചത്. എന്റെ കിളി പോയത് തിരിച്ചുവരാന്‍ ഒരു പത്ത് മിനിറ്റെടുത്തു.

‘ഹക്കീം താങ്ക് യു അല്ലാതെ വേറൊന്നും പറയുന്നില്ലല്ലോ. ആ കഥാപാത്രത്തെ പോലെ തന്നെയാണോ റിയല്‍ ലൈഫിലും’ എന്നായിരുന്നു ഈ കോളിന് ശേഷം വിജയ് സേതുപതി കടസീലേ ബിരിയാണി ടീമിലെ മറ്റുള്ളവരോട് ചോദിച്ചത്. അങ്ങനെ വരാന്‍ വഴിയില്ലല്ലോ എന്നായിരുന്നു അവരുടെ മറുപടി. ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരു നടനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഞാന്‍ ഏറ്റവും ഓര്‍ത്തുവെക്കുന്ന സംഭവമാണ് ആ കോള്‍.

ഇതിനെല്ലാം ശേഷമാണോ വിജയ് സേതുപതി കടസീലേ ബിരിയാണിയിലേക്ക് എത്തുന്നത് ?

അതെ. ആദ്യ ലോക്ക്ഡൗണ്‍ സമയത്താണ് വിജയ് സേതുപതി ഈ പടം കാണുന്നത്. നാലഞ്ച് പ്രാവശ്യം അദ്ദേഹം ഈ പടം കാണുകയും സുഹൃത്തുക്കളെയും വീട്ടുകാരെയുമെല്ലാം കാണിക്കുകയും ചെയ്തു. അവരെല്ലാം പടം അടിപൊളിയായിട്ടുണ്ടെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം നിഷാന്തിനെ കോണ്‍ടാക്ട് ചെയ്യുന്നത്. എന്താണ് കടസീലേ ബിരിയാണിക്ക് വേണ്ടി ചെയ്യാനാകുക എന്ന് അദ്ദേഹം ചോദിച്ചു. താന്‍ നരേറ്റ് ചെയ്താല്‍ എങ്ങനെയിരിക്കുമെന്ന് വിജയ് സേതുപതി നിഷാന്തിനോട് ചോദിച്ചു. സൂപ്പറായിരിക്കുമെന്നായിരുന്നു നിഷാന്തിന്റെ മറുപടി. അങ്ങനെ വിജയ് സേതുപതി ഞങ്ങളുടെ സിനിമയിലെത്തി.

ക്ലൈമാക്‌സില്‍ വണ്ടി ഇടിച്ചതിന് ശേഷമുള്ള സീന്‍, ആരെയെങ്കിലും കൊണ്ട് ചെയ്യിപ്പിക്കാം എന്ന് കരുതി, വെറുതെ ഇട്ടിരിക്കുകയായിരുന്നു. അത് താന്‍ ചെയ്യാമെന്ന് പുള്ളി പറഞ്ഞു. അങ്ങനെ നരേഷനും അഭിനയിക്കലും വിജയ് സേതുപതി ചെയ്തു. വിജയ് സേതുപതി പ്രെസെന്‍സ് എന്നു പറഞ്ഞുകൊണ്ടായിരുന്നു ഞങ്ങള്‍ പിന്നീട് മറ്റുള്ളവരെ സമീപിച്ചത്. വൈ നോട്ടിന് മുന്‍പിലെത്തുന്നത് പോലും അങ്ങനെയാണ്.

കടസീലേ ബിരിയാണി സംവിധായകന്‍ നിഷാന്ത് കാലിദിണ്ടി

പിന്നീട് വൈ നോട്ട് സിനിമ ഏറ്റെടുത്തു, ബാക്കി ഫണ്ടിങ്ങ് നടത്തി. ബാക്ക് ഗ്രൗണ്ട് മ്യൂസികും പാട്ടുകളുമെല്ലാം ചേര്‍ത്തു. അപ്പോഴേക്കും സിനിമ കുറച്ച് റിച്ചായി.

വിജയ് സേതുപതി വളരെ ജെനുവിനാണ്. കലയെ സ്‌നേഹിക്കുന്ന മനുഷ്യനാണ് അദ്ദേഹം. ഞങ്ങളുടെ സിനിമക്ക് വേണ്ടി എല്ലാം ഫ്രീ ആയിട്ടാണ് ചെയ്തത്. സിനിമയുടെ ലാഭത്തില്‍ നിന്നും ഒന്നും ചോദിച്ചിട്ടില്ല. ഭയങ്കര ഡൗണ്‍ ടു എര്‍ത്താണ്. ഞാന്‍ നേരിട്ട് പോയി കണ്ടിരുന്നു. വലിയ ബഹുമാനമാണ് നമുക്ക് തരുന്നത്. എന്നെയൊക്കെ ത്പ്പിപ്പിടിച്ച് വിളിക്കേണ്ട ഒരു ആവശ്യവും അദ്ദേഹത്തിനില്ല. പക്ഷെ അദ്ദേഹം അത് ചെയ്യും. അങ്ങനെ വല്ലാത്ത മനുഷ്യനാണ് വിജയ് സേതുപതി.

ചെറിയ ക്രൂവിന്റെ കാര്യം പറഞ്ഞിരുന്നില്ലോ. ഈ ലോക്ക്ഡൗണ്‍ സമയത്ത് അത്തരം ചെറിയ ടീമുകള്‍ യൂട്യൂബിലും ഒ.ടി.ടിയിലുമൊക്കെ വമ്പന്‍ വിജയങ്ങള്‍ കൊയ്യുന്നത് നമ്മള്‍ കണ്ടു. വലിയ ബാനറോ മുതല്‍മുടക്കോ ഇല്ലാതെ വരുന്ന വെബ് സീരിസുകളും സിനിമകളും ഷോര്‍ട്ട് ഫിലിമുകളുമൊക്കെ വലിയ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്നുണ്ട്. ഈയൊരു മാറ്റത്തെ എങ്ങനെയാണ് കാണുന്നത് ?

അഞ്ച് വര്‍ഷം മുന്‍പേ ഷൂട്ട് ചെയ്ത കടസീലേ ബിരിയാണി അന്ന് ഇറങ്ങിയിരുന്നുവെങ്കില്‍ ഇത്രയും ചര്‍ച്ചയാകുമെന്ന് തോന്നുന്നില്ല. തിയേറ്ററില്‍ വന്ന് അങ്ങനയെങ്ങ് പോകും. പക്ഷെ ലോക്ക്ഡൗണ്‍ സമയത്ത് മലയാളികളടക്കമുള്ള പ്രേക്ഷകരെല്ലാവരും വ്യാപകമായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകളും സീരിസുകളുമെല്ലാം കാണാന്‍ തുടങ്ങി.

ആളുകളുടെ ആസ്വാദനരീതികള്‍ മാറിയിട്ടുണ്ട്. ഫ്രീഡം@മിഡ്‌നെറ്റൊക്കെ ചര്‍ച്ചയാകുന്നതും അത്രയും വ്യൂ നേടുന്നതും ആ പശ്ചാത്തലത്തിലാണെന്നാണ് ഞാന്‍ കരുതുന്നത്. ചെറിയ ക്രൂവാണെങ്കിലും മികച്ച കണ്ടന്റിലൂടെ പ്രേക്ഷക ശ്രദ്ധ നേടാനും, സോഷ്യല്‍ മീഡിയയിലൂടെയും ഒ.ടി.ടിയിലൂടെയും മാത്രം തന്നെ വിജയമായി മാറാനുമുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.


Content Highlight: Interview| Actor Hakkim Shajahan| Tamil film Kadaseela Biriyani

 

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.