നവോത്ഥാനമല്ല, സ്ത്രീവിമോചനം; അഭിമുഖം: ഡോ. പി.ഗീത/ അംബിക
Dool Talk
നവോത്ഥാനമല്ല, സ്ത്രീവിമോചനം; അഭിമുഖം: ഡോ. പി.ഗീത/ അംബിക
ന്യൂസ് ഡെസ്‌ക്
Saturday, 30th November 2019, 7:59 pm

കേരളത്തില്‍ മനുസ്മൃതി കത്തിച്ചതിന്റെ 30ാം വാര്‍ഷികം പിന്നിട്ടുകഴിഞ്ഞു. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ തെരുവുകളിലരങ്ങേറിയ സംഭവവികാസങ്ങള്‍ നമ്മള്‍ കണ്ടതാണ്. അതിനു തൊട്ടു മുമ്പായിരുന്നു കന്യാസ്ത്രീകള്‍ നടത്തിയ സമരം. ഈ പശ്ചാത്തലത്തില്‍ കന്യാസ്ത്രീ സമരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ടീച്ചര്‍ എങ്ങനെയാണ് കാണുന്നത്? അതിനെ സ്ത്രീകളുടെ കര്‍തൃത്വത്തില്‍ നടന്ന നവോത്ഥാനമായി വിലയിരുത്താനാവുമോ?

മനുസ്മൃതി കത്തിച്ചതിനും ശബരിമല പ്രക്ഷോഭത്തിനും ഇടയ്ക്കാണ് കന്യാസ്ത്രീ സമരം വരുന്നത്. മനുസ്മൃതി കത്തിച്ച് കാലം കുറെയായി. അതിനു ശേഷം നമ്മള്‍ മറ്റൊരുപാട് സംഗതികള്‍ കത്തിക്കുകയും എഴുതുകയും വീണ്ടെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അങ്ങനെ നമ്മള്‍ കടന്നുപോവുന്നതിനിടയിലാണ് കന്യാസ്ത്രീ സമരം വരുന്നത്. ഞാനതിനെ നവോത്ഥാനമായിട്ടല്ല കാണുന്നത്, നവോത്ഥാനവുമായുള്ള വിച്ഛേദമായിട്ടാണ്. കാരണം നവോത്ഥാനത്തെ വിമര്‍ശനപരമായാണ് ഞാന്‍ കാണുന്നത്.

നവോത്ഥാനമെന്നത് പുരുഷന്‍മാരുടെ മുന്‍കൈയില്‍ സ്ത്രീകളെ ഉദ്ധരിക്കാനായി, പുരുഷന്‍മാരുടെ നിലയ്ക്കും വിലയ്ക്കും ഒത്തവരായി, അവരുടെ സാമൂഹിക പദവിക്ക് ചേര്‍ന്നവരായി സ്ത്രീകളെ മാറ്റാനായി നടത്തിയിട്ടുള്ള പല തലങ്ങളിലുള്ള പരിഷ്‌കരണശ്രമങ്ങളാണ്. നവോത്ഥാനം അഥവാ പരിഷ്‌കരണമെന്നത് വിമോചനത്തിലേക്കുള്ള കുതിപ്പിനെ തടസ്സപ്പെടുത്തുന്ന, വേഗത കുറയ്ക്കുന്ന ഒന്നായാണ് ഞാന്‍ കാണുന്നത്. എന്തോ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്ന് തോന്നിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ മാറ്റത്തിലേക്കുള്ള സമയം വൈകിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയായാണ് ഇന്ത്യയിലായാലും കേരളത്തിലായാലും പരിഷ്‌കരണം എന്ന പ്രവൃത്തി എനിക്ക് അനുഭവപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതുകൊണ്ടാണ് അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കു വരൂ എന്നു പറഞ്ഞപ്പോള്‍ സ്ത്രീകളെല്ലാം മാറാന്‍ പോവുകയാണ്, അവര്‍ അടുക്കളയില്‍ മാത്രം ഇരിക്കേണ്ടവരല്ല, അവരുടെ സാമൂഹിക പദവിയെല്ലാം മാറാന്‍ പോവുകയാണ് എന്ന തോന്നലുണ്ടായത്. അടുക്കളയില്‍ നിന്ന് സ്ത്രീകളെല്ലാം അരങ്ങിലേക്കെത്തുകയും അവിടെ നിന്നോടി തൊഴില്‍ കേന്ദ്രത്തിലേക്കെത്തുകയുമൊക്കെ ചെയ്ത സാഹചര്യത്തില്‍ എന്താണ് സ്ത്രീകളുടെ ജീവിതത്തില്‍, ആത്മവിശ്വാസത്തില്‍, ആത്മബോധത്തില്‍, സ്വത്വബോധത്തിലൊക്കെ വന്നിട്ടുള്ള അടിസ്ഥാനപരമായ മാറ്റം എന്നു നമ്മള്‍ നോക്കിക്കഴിഞ്ഞാല്‍ അത് വലിയ ശൂന്യതയിലേക്കാണ് എത്തുക എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ആദ്യം വി ടിയുടെ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ ഉണ്ടാവുന്നു, 1948ല്‍ ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ ഉണ്ടാവുന്നു. ‘തൊഴില്‍ കേന്ദ്രത്തിലേക്ക്’ എന്ന നാടകത്തെ പൂര്‍ണമായും സ്ത്രീകളുടെ കര്‍തൃത്വത്തില്‍ മാത്രം നടന്ന ഒന്നായി കാണാനാവില്ല. സ്ത്രീകളുടെ നേതൃത്വപരമായ പങ്കുണ്ട്, സ്ത്രീകളുടെ ആഗ്രഹങ്ങളുണ്ട്, സ്ത്രീകളുടെ മാറ്റത്തിനായുള്ള ത്വരയുണ്ട്. പക്ഷേ, അതിലൊക്കെ എവിടെയോ നമ്മള്‍ സ്ഥാപിച്ചിട്ടുള്ള, അദൃശ്യരായി നില്‍ക്കുന്ന പുരുഷന്‍മാരുടെ കൈകളാണ് വാസ്തവത്തില്‍ ഇതിനെ വിമോചനമാവുന്നതിനു പകരം പരിഷ്‌കരണമാക്കി സങ്കോചിപ്പിച്ചു കളഞ്ഞത് എന്നാണ് എനിക്കു തോന്നുന്നത്.

കന്യാസ്ത്രീസമരം പോലുള്ളൊരു സമരം തുടങ്ങാന്‍, തുടങ്ങണമെന്നു പറയാന്‍ പോലും പുരുഷന്‍മാര്‍ക്ക് സാധിക്കില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചുപോയ ഒരു അഭയയുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ആ കേസുമായി മുന്നോട്ടുപോയിട്ടുണ്ട്. അഭയകേസ് ചരിത്രത്തിലെങ്ങനെയാണ് രേഖപ്പെടുത്തപ്പെട്ടത് എന്നു നോക്കാം. ഒരു മതത്തിന്റെ ശക്തമായ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഒരു പെണ്‍കുട്ടിക്ക് കിണറ്റില്‍ ചത്തുമലയ്‌ക്കേണ്ടിവരുന്നു. ആ പെണ്‍കുട്ടി ഒന്നും സംസാരിച്ചിട്ടില്ല. പക്ഷേ, സമീപകാലത്തുപോലും ആ കുട്ടി ഉയര്‍ത്തിയിട്ടുള്ള പ്രശ്‌നങ്ങള്‍ നിരവധിയാണ് എന്നാണെനിക്കു തോന്നുന്നത്.

അവള്‍ പറയാതെ വിട്ടുപോയ കാര്യങ്ങള്‍ ഇനിയുമെത്രയോ ഉണ്ട്. എത്രയോ കിണറുകളില്‍ പെണ്‍കുട്ടികളുടെ അസ്ഥികൂടങ്ങളുണ്ടാവും. അവരുടെ എന്തെങ്കിലുമൊക്കെ ബാക്കി അവശേഷിക്കുന്നുണ്ടെങ്കില്‍, അവ പരിശോധിച്ചാല്‍ മതമേലധ്യക്ഷന്‍മാരുടെ ശുക്ലത്തിന്റെ സാമ്പിള്‍ കിട്ടാന്‍ സാധ്യതയുണ്ട് എന്നു തുടങ്ങി നിരവധി ഉള്ളറിവുകളിലേക്ക് കേരളീയ പൊതുബോധം എത്തിച്ചേര്‍ന്നു. കന്യാസ്ത്രീസമരത്തോടെ അത് പുറത്തേക്ക് പറയാന്‍ അവര്‍ ധൈര്യപ്പെടുന്നു, അതിനുള്ള സാഹചര്യം ഉയര്‍ന്നുവന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ടീച്ചര്‍ എങ്ങനെയാണ് ഈ സമരത്തിലേക്കെത്തുന്നത്?

കന്യാസ്ത്രീ സമരത്തെ കന്യാസ്ത്രീകള്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നിട്ടുള്ള, തടുക്കാനാവാത്ത ഒരു പ്രതിരോധമായിട്ടാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടുതന്നെ കന്യാസ്ത്രീ സമരത്തെ ഞാന്‍ അടയാളപ്പെടുത്തുന്നത, കേരളത്തില്‍  ഇതുവരെ നടന്നതും ആണുങ്ങള്‍ കൊണ്ടാടിയിട്ടുള്ളതുമായ നവോത്ഥാന പ്രക്ഷോഭങ്ങളെ മുഴുവന്‍ വിച്ഛേദിച്ചുകൊണ്ട, കഴിഞ്ഞ മുപ്പതുവര്‍ഷമായി കേരളത്തിലുണ്ടായിട്ടുള്ള ഫെമിനിസ്റ്റ് മൂവ്‌മെന്റിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഉള്‍ക്കൊണ്ടുകൊണ്ട് സ്ത്രീകളുടെ മുന്‍കൈയില്‍ നടന്ന ഒരു വിമോചന സമരമായിട്ടാണ്. അങ്ങനെയൊരു സമരത്തില്‍ എല്ലാംകൊണ്ടും, മനസ്സുകൊണ്ടും ശരീരംകൊണ്ടും ആത്മാവുകൊണ്ടും (അങ്ങനെയൊന്നുണ്ടെങ്കില്‍) പങ്കെടുക്കേണ്ടത് ധാര്‍മികമായ ബാധ്യതയാണ് എന്നതിനാലാണ് ഞാനാ സമരത്തിലേക്ക് എത്തിയത്.

സ്ത്രീകളില്‍ നിന്നുതന്നെ ഉയര്‍ന്നുവന്ന, സ്ത്രീകള്‍ തന്നെ നയിച്ച, കേരളത്തിലെ സ്ത്രീപ്രസ്ഥാന ചരിത്രത്തില്‍ നാഴികക്കല്ലായ, ഒരു സമരം എന്ന് കന്യാസ്ത്രീ സമരത്തെ വിലയിരുത്താമോ?

തീര്‍ച്ചയായും. അന്വേഷിയുടെയും മാനുഷിയുടെയുമൊക്കെ മുന്‍കൈയില്‍ സ്ത്രീ രാഷ്ട്രീയത്തില്‍ ഊന്നിക്കൊണ്ട് സ്ത്രീകളുടെ ധാരാളം ചെറിയ ചെറിയ സമരങ്ങള്‍ നടന്നിട്ടുണ്ട്. ചിലര്‍ ഒറ്റയ്ക്കുതന്നെ നയിച്ചുകൊണ്ടുപോയിട്ടുള്ള കവിയൂര്‍-കിളിരൂര്‍ പോലുള്ള സമരങ്ങളുണ്ട്. ഇത്തരം നിരവധി സമരങ്ങളുടെ ഭാഗമായുണ്ടായ ഒരു വലിയ ഉണര്‍വിന്റെ ഫലമാണ് ഈ സമരം. പൊതുമണ്ഡലത്തിന് നിരസിക്കാനോ മാറിനില്‍ക്കാനോ സാധ്യമല്ലാത്ത രീതിയിലുള്ളൊരു കുതിപ്പ് ആ സമരത്തില്‍ നമുക്ക് കാണാന്‍ പറ്റുന്നുണ്ട്. അവിടെ എത്തിച്ചേര്‍ന്നിട്ടുള്ള സ്ത്രീകളെ വിലയിരുത്തിയാല്‍ മനസ്സിലാവും ഒറ്റയ്ക്കും കൂട്ടായും എത്തിച്ചേര്‍ന്നിട്ടുള്ള സ്ത്രീകളെല്ലാംതന്നെ അവരുടെ സ്വയംബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വന്നെത്തിയവരാണ് എന്ന്.

ആ സമരത്തെ ഒരു പ്രത്യേക ഘട്ടം മുതല്‍ നയിച്ചുകൊണ്ടുപോയത് കേരളത്തില്‍ ഒരു കാലത്ത് സജീവമായിരുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനത്തെ നയിച്ച വ്യക്തികളാണ് എന്നും മനസ്സിലാവും. പിന്നീട് വന്ന സെലിബ്രിറ്റികളായിട്ടുള്ളവരെല്ലാം അതിന്റെ പെരിഫെറിയിലേക്ക് പോയപ്പോള്‍   സ്ത്രീരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചിരുന്ന സ്ത്രീകള്‍ സമരത്തെ ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോയത് സ്ത്രീപക്ഷബോധത്തിന്റെ ജൈവികമായ വികാസമായിട്ടാണ് ഞാന്‍ കാണുന്നത്. അതിന് മറ്റൊരു വലിയ തലമുണ്ട്. സ്ത്രീയുടെ ബോധം വികസിക്കുമ്പോള്‍, വിമോചനത്തിന്റെ ഭാഗമായുള്ള സമരം വികസിക്കുമ്പോള്‍ അതിന് നിലനില്‍ക്കുന്ന ആധിപത്യത്തിന്റെ സ്ഥാപനങ്ങളെ ചോദ്യംചെയ്യാതെയും എതിര്‍ക്കാതെയും വയ്യ എന്നൊരു പാഠംകൂടി അത് ഉല്‍പാദിപ്പിക്കുന്നുണ്ട്.

മതംപോലെ ശക്തമായൊരു പ്രസ്ഥാനത്തെ, ക്രിസ്ത്യന്‍ സഭയെ-ഞാനതിനെ ന്യൂനപക്ഷം എന്ന അര്‍ത്ഥത്തിലൊന്നുമല്ല- ഏറ്റവും കൂടുതല്‍ പണം കുമിഞ്ഞുകൂടുന്ന ഒരിടമെന്ന നിലയ്ക്കാണ് കാണുന്നത്. വര്‍ഗരാഷ്ട്രീയത്തിന്റേതായ വലിയ തലത്തിലുള്ള കാര്യങ്ങള്‍ അതില്‍ നടക്കുന്നുണ്ട്. അതേസമയം തന്നെ പണത്തിന്റെയും മതത്തിന്റെയും സംരക്ഷണത്തിലുള്ള ഈ പുരുഷാധിപത്യത്തെ പരസ്യമായി തെരുവിലിറങ്ങി ചോദ്യംചെയ്യുന്നു എന്നുള്ളത് ആ സമരത്തിന്റെ പ്രത്യേകതയായി ഞാന്‍ കാണുന്നു. അതോടെ അചോദ്യമായിരുന്ന പല സ്ഥാപനങ്ങളും ചോദ്യംചെയ്യപ്പെടാവുന്നതേയുള്ളൂ എന്ന ധാരണയിലേക്ക് സമൂഹം എത്തിച്ചേരുന്നുണ്ട്.

ഒരുപക്ഷേ, ഏതെങ്കിലും പുരുഷപ്രശ്‌നങ്ങള്‍ക്ക് മുകളിലായിരുന്നു ഇത്തരമൊരു സമരം നടന്നതെങ്കില്‍ ഇത്രമാത്രം ആധികാരികത അതിനു വരില്ലായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഭാഗമായുണ്ടായ ഇംഗ്ലീഷ് വിദ്യാഭ്യാസം ലോകത്തിന്റെ വാതില്‍ നമുക്ക് തുറന്നു തന്നു എന്നു പറയുന്നതുപോലെ, വളരെ മോശമായ ചില കാര്യങ്ങള്‍ക്കും പോസിറ്റീവ് ആയ ചില ഉപോല്‍പ്പന്നങ്ങള്‍ ഉണ്ടാവുമെന്നു കാണാം. അത്തരത്തിലുള്ള ഒന്നാണ് കന്യാസ്ത്രീകള്‍ ഉന്നയിച്ച വിഷയം. കാരണം സ്ത്രീയുടെ കന്യാകാത്വമെന്നു പറയുന്നത് ഇവിടെ മൂല്യവര്‍ധനവുള്ള വിഭവമാണ് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അത്തരം പരമ്പരാഗത മൂല്യംകൊണ്ടാണ് വാസ്തവത്തില്‍ നിലനില്‍ക്കുന്ന സ്ഥാപനങ്ങളുടെ പാരമ്പര്യത്തെ പെണ്ണുങ്ങള്‍ തകര്‍ത്തുകളഞ്ഞത് എന്നിടത്താണ് അതിന്റെ ചരിത്രപ്രാധാന്യം.

രാജാവിന്റെ പത്‌നി കന്യകയാണോ എന്നറിയാന്‍ ആദ്യ രാത്രിയില്‍ കന്യാരക്തം പുരണ്ടിട്ടുള്ള തുണി പ്രദര്‍ശിപ്പിച്ചിരുന്ന കാലഘട്ടത്തില്‍ നിന്ന് മുന്നോട്ടുപോവുകയും ‘ഇല്ല, ഞാന്‍ കന്യകയല്ല’ എന്ന് മതത്തിന്റെയും പണത്തിന്റെയും അധികാരം കൊണ്ട് കന്യാസ്ത്രീ എന്ന് വിളിക്കപ്പെട്ടിട്ടുള്ള ഒരുവള്‍ ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നത് ആധികാരികമാവുന്നുവെന്ന ഒരു തലം അതിനുണ്ട്. ആ പാരമ്പര്യത്തിന്റെ ഒരു ഘടകം ഇല്ലാതെപോയതിനാലാണ് വാസ്തവത്തില്‍ സൂര്യനെല്ലിയിലേയും വിതുരയിലേയും കിളിരൂരിലേയും കവിയൂരിലേയും കുട്ടികള്‍ക്ക് ഇത്ര വിശ്വാസ്യത ഇല്ലാതെ പോയത് എന്നുകൂടി ഇതുമായി ചേര്‍ത്തുവച്ച് കാണേണ്ടതുണ്ട്.

അതിനു ശേഷം സോഷ്യല്‍ മീഡിയയിലൂടെ കേരളത്തില്‍ നടന്നിട്ടുള്ള ‘മീ ടൂ’ ക്യാമ്പയിന്‍ നമുക്ക് കാണിച്ചു തന്നത് മറ്റൊന്നല്ല. അതിലൊരുപാട് കള്ളനാണയങ്ങള്‍ കയറിയിട്ടുണ്ടായിരിക്കാം. എന്നാലും അത് പോസിറ്റീവ് ആണെന്നു ഞാന്‍ കരുതുന്നു. ഏത് സ്ത്രീക്കും അവള്‍ക്കു നേരെ നടന്ന അതിക്രമത്തെ ആധികാരികമാക്കാനുള്ള ഒരു സ്‌പേസാണ് കന്യാസ്ത്രീ സമരത്തിലൂടെ തുറന്നു കിട്ടിയത്. അതിന്റെ ഒരു ആനുകൂല്യം കന്യകാത്വം എന്ന പരമ്പരാഗതമായ ഘടകമാണ്. പരമ്പരാഗത ഘടകം കൊണ്ട് പാരമ്പര്യത്തെ തകര്‍ത്തുകളയുന്ന ഒരു സമരം കൂടിയായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്. സ്ത്രീയെ എന്തിന്റെ മുകളിലാണോ തളച്ചിട്ടത് ആ പാരമ്പര്യഘടകമായിരിക്കുന്ന കന്യകാത്വം എന്ന ഘടകം കൊണ്ട് മാത്രമാണ് ഈ സമരത്തെ മുന്നോട്ടു നയിക്കാന്‍ കഴിഞ്ഞത്. ‘കന്യകാത്വ’ത്തെ വിച്ഛേദിക്കാന്‍ സാധിച്ചത് ‘കന്യകാത്വം’ കൊണ്ട് തന്നെയാണ്.

ചരിത്രം കന്യാസ്ത്രീ സമരത്തെ എങ്ങനെ രേഖപ്പെടുത്തും? തൊണ്ണൂറുകള്‍ക്കു ശേഷം കേരളത്തില്‍ സ്ത്രീപ്രസ്ഥാനങ്ങളുടെ അദൃശ്യത, ഒരു ശൂന്യത നിലനിന്നിരുന്നു എന്ന് പറയാമോ?

അങ്ങനെ പറയാനാവില്ല. പിന്നീടുവന്ന സമരങ്ങള്‍ മാധ്യമങ്ങള്‍ കൊണ്ടാടിയില്ല എന്നേയുള്ളൂ. എന്നാല്‍ സമൂഹത്തില്‍ അത് ഉണ്ടായിരുന്നു. അത്തരം പ്രതിരോധങ്ങളും സമരങ്ങളും അതിശക്തമായി ഈ സമൂഹത്തില്‍ ഉണ്ടായിരുന്നതുകൊണ്ടാണ് കന്യാസ്ത്രീ സമരം സാധ്യമായത്.

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വലിയ ശൂന്യതയിലേക്ക് പോയി എന്ന് ടീച്ചര്‍ തന്നെ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. തെരുവുകളില്‍ നിന്ന് പിന്‍മാറി ഹാള്‍ യോഗങ്ങളിലേക്കും സെമിനാറുകളിലേക്കുമായി സ്ത്രീപ്രസ്ഥാനങ്ങള്‍ ചുരുങ്ങിയിട്ടുണ്ടോ? ആ ശൂന്യതയെക്കുറിച്ചാണ് ഞാന്‍ സൂചിപ്പിച്ചത്. ആ അവസ്ഥയില്‍നിന്നുള്ള ഒരു തിരിച്ചുവരവായി കന്യാസ്ത്രീ സമരത്തെ കാണാമോ?

അല്ല. അങ്ങനെ കാണാനാവില്ല. കാരണം സൂര്യനെല്ലിയായാലും ഐസ്‌ക്രീം പാര്‍ലര്‍ കേസായാലും അതുപോലുള്ള മറ്റു കേസുകളെടുത്താലും ഇരകളാക്കപ്പെട്ടവര്‍ ആരായിരുന്നു? ഒരു അധികാരവുമില്ലാത്ത, ‘വിശ്വാസ്യത’യില്ലാത്ത, ഒന്നുമില്ലാത്ത കുറച്ചു പാവം പെണ്‍കുട്ടികളാണ്. അവരുടെ വാക്കുകളെ വിശ്വസിക്കാന്‍ സമൂഹത്തിന് യാതൊരു ബാധ്യതയുമില്ല. ഈ പെണ്‍കുട്ടികള്‍ നുണപറയുകയാണോ അല്ലയോ എന്ന് ഉറപ്പിക്കുന്നതിനുള്ള യാതൊരു സാധ്യതയുമില്ല. ഇനി സത്യമാണെന്ന് വിശ്വസിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ തന്നെയും വലിയ തോതിലുള്ള സദാചാരബോധം മലയാളിയെ അതില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുമുണ്ടെന്ന് ഞാന്‍ പറയും.

അത് വേറൊരര്‍ത്ഥത്തിലല്ല, ഞാന്‍ പറയുന്നത്. ഈ പെണ്‍കുട്ടി ഇത്ര ദിവസം ഇത്രയുമാളുകളുടെ കൂടെ കിടന്നിട്ടുള്ളവള്‍- ‘തെരുവുവേശ്യ’ എന്ന മലയാളി പുരുഷന്റെ ബോധമാണ് കേരളീയ സമൂഹത്തിന്റെ പൊതുബോധം- എന്ന സമീപനമാണ് സമൂഹത്തിന് ഇത്തരം കുട്ടികളോട് ഉണ്ടായിരുന്നത്. അത് സമൂഹത്തെ പിന്‍വാങ്ങിപ്പിക്കുന്നുണ്ട്.

എന്നാല്‍, സൗമ്യയോടും ജിഷയോടും ഉണ്ടായിരുന്ന സമീപനം വ്യത്യസ്തമായിരുന്നെന്നു കാണാം. സൗമ്യ ജോലിക്കുപോയി വരുന്ന ഒരു പാവം പെണ്‍കുട്ടി, വിവാഹം നിശ്ചയിച്ച കന്യകയായൊരു പെണ്‍കുട്ടി, എന്നതാണ്. അതുപോലെ ജിഷ കന്യകയാണ്. അപ്പോള്‍ കന്യാകാത്വം എന്നൊരു മൂല്യബോധം ഇക്കാര്യങ്ങളിലൊക്കെ നമ്മളുടെ അബോധത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. ആ കന്യകാത്വ മൂല്യബോധത്തിന്റെ വലിയതോതിലുള്ള ആനുകൂല്യംകൊണ്ടാണ് കന്യാകാത്വ പാരമ്പര്യത്തെ കന്യാസ്ത്രീകള്‍ തകര്‍ത്തുകളഞ്ഞത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് നമുക്ക് കിണറ്റില്‍ നിന്ന് അഭയയെ പൊക്കിക്കൊണ്ടുവരാന്‍ സാധിച്ചത്. വാസ്തവത്തില്‍ ‘കന്യകന്‍’മാരാവേണ്ടുന്ന സഭാ പിതാക്കന്‍മാരെയാണ് പ്രശ്‌നവല്‍ക്കരിക്കേണ്ടത്. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്ക് കേട് പറ്റുകയല്ല, മുള്ളിന്റെ മുന ഒടിയുകയാണ് ചെയ്യുക എന്ന തരത്തിലേക്കുള്ളൊരു പ്രായോഗിക ബോധത്തിലേക്കാണ് എത്തുന്നത്.

പിന്നെ തെരുവില്‍ നിന്ന് എന്തുകൊണ്ടാണ് സ്ത്രീ സമരങ്ങള്‍ ഹാളുകളിലേക്ക് മാറിപ്പോയത് എന്നതിന് ചില കാരണങ്ങള്‍ ഉണ്ട്. ഒരു കാരണം, നമ്മുടെ മുന്നിലുണ്ടായിരുന്നത് ഫെമിനിസത്തെക്കുറിച്ചുള്ള ഇംഗ്ലീഷ് ടെക്സ്റ്റുകളാണ്. സ്ത്രീവിമോചനം എന്ന് ലേബലൊട്ടിച്ചിട്ടുള്ള ഇംഗ്ലീഷ് ടെക്സ്റ്റുകളുടെ ബലത്തിലാണ് നമ്മുടെ പ്രസ്ഥാനങ്ങള്‍ ഉണ്ടാവുന്നത്. ഇവിടെയുണ്ടായിരുന്ന കുഞ്ഞീബിയും സൂര്യനെല്ലിയും തങ്കമണിയും ഒന്നുംതന്നെ ഈ ടെക്സ്റ്റുകളിലേക്ക് സ്വീകാര്യമാവുന്ന ഉദാഹരണങ്ങളായിരുന്നില്ല. അപ്പോള്‍ അതിനുമുമ്പ് ആ ടെക്സ്റ്റുകളില്‍ പറഞ്ഞിട്ടുള്ള പരിഹാരങ്ങള്‍ മതിയാവില്ല നമുക്ക്. അവിടെയാണ് നമ്മള്‍ സ്തംഭിച്ചു നിന്നത്.

മുന്നിലുള്ള ടെക്സ്റ്റുകളും പ്രയോഗങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകളാണ് കാരണം. നമ്മുടെതല്ലാത്ത സിദ്ധാന്തങ്ങളും നമ്മള്‍ നേരിടുന്ന അതിക്രമങ്ങളും തമ്മില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഈ പൊരുത്തക്കേടിനിടയില്‍ ഇതിനെ ഹാളിലേക്കു കൊണ്ടുപോവാനുള്ള കാരണം നമ്മള്‍ അറിയാതെയാണെങ്കിലും അതിനെ സിദ്ധാന്തവല്‍ക്കരിക്കാന്‍ ശ്രമിച്ചു എന്നതാണ്. മധ്യവര്‍ഗമാണ് അത് കൈകാര്യം ചെയ്തിരുന്നത് എന്നതുകൊണ്ടുതന്നെ സുരക്ഷിതമായ സ്ഥലങ്ങള്‍ അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കും. ഉപരിവര്‍ഗത്തേക്കാള്‍ സുരക്ഷിതമായ സ്ഥലത്തെത്താനാണ് മധ്യവര്‍ഗത്തിനെപ്പോഴും ആഗ്രഹം. ഉപരിവര്‍ഗം വല്ലപ്പോഴും ചില റിസ്‌ക് എടുക്കും. മധ്യവര്‍ഗം അതിന് തയ്യാറാവില്ല. അപ്പോള്‍ അവര്‍ ഇത്തരം റിസ്‌കുകളില്‍ നിന്ന് സ്വയം പിന്‍വലിഞ്ഞതായി തോന്നാം.

അതേസമയം, ഇവിടെ കിട്ടിയിട്ടുള്ള പ്രായോഗികാനുഭവങ്ങളെ ഏത് സിദ്ധാന്തങ്ങളിലേക്കാണ് കൂട്ടിച്ചേര്‍ക്കേണ്ടത് എന്നുള്ളത് നമുക്ക് അറിയുമായിരുന്നില്ല. അതിന്റെ കുറെ അഭ്യാസപ്രകടനങ്ങളാണ് യൂനിവേഴ്‌സിറ്റി തലങ്ങളിലും അക്കാദമിക് തലങ്ങളിലും സെമിനാര്‍ ഹാളുകളിലും ഒക്കെ അലച്ചു നടന്നത് എന്നാണ് തോന്നുന്നത്. നമ്മുടെ കവിതകളാണെങ്കിലും പ്രയോഗങ്ങളാണെങ്കിലും എങ്ങനെ അതിനെ നമ്മുടെ നാടിന് ചേര്‍ന്നൊരു സിദ്ധാന്തമാക്കി മാറ്റാം എന്നതായിരുന്നു എന്റെയൊക്കെ മുന്നിലുണ്ടായിരുന്ന വിഷയം. നമുക്കത് സാധ്യമല്ലാതിരുന്നതുകൊണ്ടാണ് ‘സ്ത്രീകള്‍ക്ക് ആദ്യമായി വേണ്ടത് സ്വന്തമായൊരു മുറിയാണ്’ എന്ന് 1903ല്‍ ഒരു മലയാളിസ്ത്രീ എഴുതിയിട്ടും (ജെ കുഞ്ഞിലക്ഷ്മിയമ്മ-സുധര്‍മ മാസിക, കേരളീയ സ്ത്രീകള്‍ക്കൊരുപദേശം) അത് ആധികാരികമാവാന്‍ 1928ല്‍ ‘റൂം ഓഫ് വണ്‍സ് ഓണ്‍’ വരെ കാത്തിരിക്കേണ്ടിവന്നത്.

ഇത് ഗംഭീര പാരമ്പര്യമായിരുന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല. മറിച്ച് നമ്മളെപ്പോഴും കൊളോണിയല്‍ പാരമ്പര്യത്തെ സ്വാംശീകരിക്കുകയും അതിനനുകൂലമായി നമ്മളുടെ പ്രയോഗങ്ങളെ അതിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്തിരുന്നത്. അതിന്റെ പരാജയമായിരുന്നു നിശ്ശബ്ദതയും പിന്‍വാങ്ങലുമൊക്കെയായി നമ്മള്‍ കണ്ടത്. പലതും നമുക്ക് യോജിക്കാത്തതായിരുന്നു. ഇത് എന്തു ചെയ്യും എന്നുള്ളതായിരുന്നു നമ്മുടെ പ്രശ്‌നം. അതിലേക്ക് നമ്മള്‍ ഉരുണ്ടുനീങ്ങുന്നതിനിടെയാണ് ഇത്തരം സിദ്ധാന്തങ്ങളില്‍ നിന്നും പ്രയോഗങ്ങളില്‍ നിന്നും മാറി നിന്നിരുന്ന, അതില്‍ ഒരിക്കലും ഇടപെടാതിരുന്ന ഒരു സമൂഹം, തെരുവില്‍ വന്ന് ഞങ്ങളിതാ ഇവിടെ ഇത് വിളിച്ചുപറയാന്‍ പോവുകയാണ് എന്നു പ്രഖ്യാപിക്കുന്നത്. അത് സിദ്ധാന്തപരമായും പ്രായോഗികമായും വലിയ തരത്തിലുള്ള വിച്ഛേദമാണ് എന്നു ഞാന്‍ കരുതുന്നു.

അതിന് ഇവിടെയുള്ള പുരുഷന്‍മാര്‍ കൊണ്ടാടിയിട്ടുള്ള നവോത്ഥാനവുമായി വിച്ഛേദ ബന്ധം മാത്രമാണുള്ളത്. അല്ലാതെ അതിന്റെ തുടര്‍ച്ചയല്ലിത്. വിച്ഛേദവും മറ്റൊരര്‍ത്ഥത്തില്‍ തുടര്‍ച്ചയാണെന്നു പറയാമെങ്കിലും. ഏറെക്കാലം ഫ്രാങ്കോയെ ജയിലിലിടാന്‍ പറ്റില്ല. കേരളത്തിലെ ഒരു നടന്‍ കിടന്നത്ര കാലമൊന്നും ഫ്രാങ്കോ ജയിലില്‍ കിടന്നില്ല. വോട്ടും പണവും സംഘടിപ്പിച്ചു കൊടുക്കാന്‍ ശേഷിയുള്ളതാണ് സഭ. ജനാധിപത്യത്തിലെ അധികാരമാണ് വോട്ട്. തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ധാരാളം പണവും വോട്ടും എത്തിച്ചുകൊടുക്കാനുള്ള ശേഷി സഭയ്ക്കുണ്ട്. അതുകൊണ്ടുതന്നെ ഒരു മുന്നണിക്കും ഒരു നടനെതിരേ സംസാരിക്കുന്ന ലാഘവത്തോടെ സഭയ്‌ക്കെതിരേ നില്‍ക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ നടനെ അറസ്റ്റ് ചെയ്യിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് ഊര്‍ജം വേണം ഒരു ബിഷപ്പിനെ അറസ്റ്റ്് ചെയ്യിക്കാന്‍ എന്നിടത്താണ് എന്റെ ഊന്നല്‍. നടന്റെ ആരാധകരെ പോലെയല്ല വിശ്വാസികളുടെ സ്വാധീനം.

കന്യാസ്ത്രീസമരം നടന്നതിനു ശേഷവും എങ്ങനെയാണ് ശബരിമല പ്രശ്‌നം ഇത്ര പ്രതിലോമകരമായി ഉപയോഗിക്കാന്‍ സംഘപരിവാര ശക്തികള്‍ക്ക് കഴിഞ്ഞത്?

അക്കാര്യത്തില്‍ എനിക്ക് സംശയങ്ങളുണ്ട്. പിന്നെ അവിടെയാണ് ഞാന്‍ പറയുന്ന കന്യാകാത്വം എന്ന അവസ്ഥ. ആര്‍പ്പോ ആര്‍ത്തവം എന്നു പറഞ്ഞ് യോനീകവാടം വരച്ച് ഉണ്ടാക്കി വയ്ക്കുന്നതോടെ നഷ്ടപ്പെടുന്ന വോട്ടാണത്. അത് ചെയ്തവര്‍ക്ക് അക്കാര്യം ഇപ്പോഴും മനസ്സിലാക്കാനായിട്ടില്ല. എന്തിനാണതിനെ പുനരുല്‍പാദിപ്പിച്ചത് എന്നാണ് എന്റെ ചോദ്യം. ആര്‍ക്കുവേണം ഇവര്‍ ഉണ്ടാക്കിവച്ച യോനി? എത്ര വിഷമിച്ചാണ് ഒരു സ്ത്രീ അവളുടെ വോട്ട് ചെയ്യാനുള്ള അവകാശം, അല്ലെങ്കില്‍ പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടാനുള്ള അവകാശം ഇവിടെ നേടിയെടുത്തിട്ടുള്ളത്? അത്തരത്തിലൊരു സ്ത്രീയെ ഇവര്‍ വെറും യോനിയായി കാണുമ്പോഴുള്ള ഒരു സങ്കോചമുണ്ടല്ലോ, അത് ഭയാനകമാണ്. ആര്‍ത്തവമല്ല വിഷയം. അധികാരമാണ് യഥാര്‍ത്ഥ വിഷയം.

പെണ്ണിനും ആണിനും ഉള്ള അധികാരത്തിലെ വ്യത്യാസമാണ് വിഷയം. അവര്‍ ചര്‍ച്ചയെ എവിടെയാണ് കൊണ്ടുചെന്നെത്തിച്ചത്? അക്കാര്യത്തില്‍ എനിക്ക് ശക്തമായ വിയോജിപ്പുണ്ട്. സ്ത്രീക്ക് തടസ്സമാവുന്നത് ഈ അവയവമാണെന്നു പറയുന്നതിനെ ഞാന്‍ ശക്തമായി  എതിര്‍ക്കുന്നു. എന്റെ അല്ലെങ്കില്‍ സ്ത്രീകളുടെ രണ്ടാംകിട പൗരത്വമാണ് വിഷയം. നവോത്ഥാനമെന്നു പറഞ്ഞ് ഇവിടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ പുരുഷന്‍മാരുടെയും സമുദായ മേലധ്യക്ഷന്‍മാരുടെയും നേതൃത്വത്തില്‍ സ്ത്രീകളെക്കൊണ്ട് മതിലുകെട്ടിച്ചു. ഈ അധികാരമാണ് വിഷയം. സ്ത്രീകളുടെ ഈ അവയവമാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണം എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുകയാണ് അവര്‍ ചെയ്തത്. ശക്തമായ പിറകോട്ടടിയായിരുന്നു ഇതിന്റെയെല്ലാം ഫലമായുണ്ടായത്. മാത്രമല്ല, ആര്‍എസ്എസ് മുന്നോട്ടുവച്ച അതേ രാഷ്ട്രീയമാണ് വ്യവസ്ഥാപിത ഇടതുപക്ഷവും മുന്നോട്ടുവച്ചത്.

സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും തീരുമാനമനുസരിച്ച് പടുത്തുയര്‍ത്തിയ മതിലിലെ കല്ലുകളായി സ്ത്രീപക്ഷവാദികളായിരുന്ന നിരവധി സ്ത്രീകള്‍ മാറിയത് എന്തുകൊണ്ടാണ്?

ഫെമിനിസ്റ്റുകള്‍ക്ക് സാധ്യമല്ലാത്ത ഒന്ന് സാമുദായിക സംഘടനകള്‍ക്ക് സാധ്യമാണ്. അത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ട് പിടിച്ചു കൊടുക്കുക എന്നുള്ളതാണ്. സാമുദായിക സംഘടനകളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗമായാണ് അവരുടെ ആജ്ഞ അനുസരിക്കുന്ന ഒന്നായി ഈ സര്‍ക്കാര്‍ മാറുന്നത്. അതോടൊപ്പം ഇവിടെ ഒരു ദ്വന്ദം രൂപപ്പെട്ടിട്ടുണ്ട്. ബിജെപി വേഴ്‌സസ് ഇടതുപക്ഷം എന്ന നിലയില്‍. ബിജെപിയെ ചെറുക്കണമെങ്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ സിപിഎം നേതൃത്വത്തിലുള്ള ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു പോംവഴിയുമില്ല എന്നു ധരിച്ച് വശായിട്ട്, മതിലിനൊപ്പംപോയതാണ് എന്നാണ് ഞാന്‍ അവര്‍ക്ക് കൊടുക്കുന്ന ജാമ്യം.

അവര്‍ വര്‍ഗീയതയെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സ്ത്രീവിരുദ്ധമായ അത്തരം വര്‍ഗീയതകള്‍ക്കൊക്കെ എതിരുനില്‍ക്കുന്നവരാണവര്‍. അതുകൊണ്ട് ബിജെപിക്കെതിരേ ഇടതുപക്ഷത്തിന് വോട്ട് ഉണ്ടാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അവര്‍ മതിലിനെത്തിയത്. എന്നാല്‍ മതിലില്‍ അണിനിരന്നവരുടെ വോട്ടുപോലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേടാനായില്ല. അതിന്റെ കണക്ക് അവര്‍ക്ക് പരിശോധിക്കേണ്ടിവരും. അതോടൊപ്പം തന്നെ മതിലില്‍ പങ്കെടുക്കാത്തവരൊക്കെ സ്ത്രീവിരുദ്ധരും വര്‍ഗീയവാദികളുമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു എന്നതാണ് മറ്റൊരുവശം. മാത്രമല്ല, മതിലില്‍ പങ്കെടുക്കാത്ത പെണ്‍കുട്ടികള്‍ക്ക്, എന്റെയൊക്കെ കുടുംബത്തിലുള്ളവര്‍ക്കടക്കം വോട്ടവകാശം നിഷേധിക്കപ്പെട്ടിട്ടുണ്ട്. വനിതാ മതിലില്‍ പങ്കെടുക്കാത്തവരെ അത്രയേറെ ദ്രോഹിച്ചിട്ടുണ്ട്.

കന്യാസ്ത്രീസമരവുമായി ബന്ധപ്പെട്ട് ഒരുകാര്യം കൂടി അറിയാന്‍ ആഗ്രഹിക്കുന്നു. ടീച്ചറുടെ വാക്കുകളില്‍ പറഞ്ഞാല്‍ മനസ്സും ശരീരവും ആത്മാവും അര്‍പ്പിച്ച, ആറുദിവസം നീണ്ട നിരാഹാര സമരത്തിന്റെ അനുഭവം?

സാധാരണ രീതിയില്‍ വീട്ടില്‍ നിന്ന് പൊതുവെ വിട്ടുനില്‍ക്കാന്‍ താല്‍പര്യമില്ലാത്തൊരാളാണ് ഞാന്‍. വീടുമായി ചുറ്റിപ്പറ്റി നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നതാണ് എന്റെ പ്രകൃതം. എവിടെയൊക്കെ പോയാലും  വീട്ടിലേക്ക് തിരിച്ചെത്താന്‍ ശ്രമിക്കുന്നൊരാളാണ് ഞാന്‍. അമ്മയുള്ളപ്പോള്‍ അമ്മയുടെ പേരുപറഞ്ഞായിരുന്നു ഈ മടക്കം. എന്നാല്‍, സമരം ആരംഭിച്ചതുമുതല്‍ ആഹാരമില്ലാത്ത അവസ്ഥയോ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതോ പ്രിയപ്പെട്ടവരെ വിട്ടുനില്‍ക്കുന്നതോ ഒന്നും എന്നെ ബാധിച്ചിരുന്നില്ല. താല്‍ക്കാലിക ലക്ഷ്യത്തിലേക്കെങ്കിലും, ഫ്രാങ്കോയുടെ അറസ്റ്റ് വരെയെങ്കിലും സമരത്തിനിരിക്കുന്നവരോടൊപ്പം മുന്നോട്ടുപോവേണ്ടതുണ്ട് എന്നെനിക്ക് തോന്നിയിരുന്നു. തെരുവില്‍ സമരത്തിനിരുന്ന കന്യാസ്ത്രീകളാണ് എന്നെ നയിച്ചിരുന്നത്. അവര്‍ക്ക് ആ ഊര്‍ജമില്ലായിരുന്നെങ്കില്‍ എന്റെ ഊര്‍ജംകൊണ്ട് ഒരു കാര്യവുമില്ലല്ലോ. പിന്നെ പൊതുസമൂഹത്തിന്റെയും സത്രീസമൂഹത്തിന്റെയും പ്രതിനിധി എന്ന നിലയിലാണ് ഞാനാ സമരത്തില്‍ പങ്കെടുത്തത്.

ഈ സമരം മതത്തിനകത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു എന്നു കരുതുന്നുണ്ടോ?

ഈ സമരം മതത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്ത്രീകള്‍ മതത്തിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഇതാദ്യമാണ്. സ്ത്രീകളുടെ പേരില്‍ മതത്തിനകത്ത് പ്രശ്‌നങ്ങളുണ്ടാവാറുണ്ടെങ്കിലും  സ്ത്രീകളുടെ കര്‍തൃത്വത്തില്‍ പ്രശ്‌നമുണ്ടാവുന്നത് ആദ്യമായാണ്. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സമരത്തിന് പിന്തുണയുമായി വരുന്നു. തുടര്‍ന്നും ക്രിസ്ത്യന്‍ സഭകള്‍ ഒരുപാട് കാര്യങ്ങള്‍ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരു സഭ സംസാരിക്കുന്നു എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം ക്രിസ്ത്യന്‍ സഭ എന്നു മാത്രമല്ല, മറ്റു മതങ്ങള്‍, മതങ്ങളിലെ സ്ത്രീപുരുഷന്‍മാര്‍ ഒക്കെ സംസാരിച്ചുതുടങ്ങിയിരിക്കുന്നു എന്നാണ്. കന്യാസ്ത്രീ സമരം അതിന്റെ ചരിത്രദൗത്യം നിറവേറ്റിക്കഴിഞ്ഞിരിക്കുന്നു. ഇനി ഫ്രാങ്കോ ശിക്ഷിക്കപ്പെടുക എന്നത് ജുഡീഷ്യറിയുടെ മുമ്പിലെ പ്രശ്‌നമാണ്. പൊതുസമൂഹത്തിന്റെയും.

കടപ്പാട്: മറുവാക്ക് പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച് അംബിക എഡിറ്റ് ചെയ്ത കണ്ണീര്‍ മഠങ്ങള്‍ എന്ന പുസ്തകത്തിന്‌