വികസനവും വിനോദസഞ്ചാരവും വയനാട്ടില്‍ ബാക്കിയാക്കുന്നത്; ഒ.കെ ജോണി സംസാരിക്കുന്നു
ഷഫീഖ് താമരശ്ശേരി

കാലങ്ങളോളം തുടര്‍ന്ന വന സമ്പത്തിന്റെ ചൂഷണം വയനാടിനെ എങ്ങനെയാണ് ബാധിച്ചത്?

പശ്ചിമഘട്ടത്തില്‍ ഏറ്റവുമധികം പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ് വയനാടും തൊട്ടുചേര്‍ന്ന് കിടക്കുന്ന കുടകും നീലഗിരിയും. ഈ മൂന്ന് മലമ്പ്രദേശങ്ങളാണ് വാസ്തവത്തില്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും ലോലവും ഏറ്റവും ജൈവസമ്പത്തുള്ളതും. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആനകളുടെ സങ്കേതവും ഇവിടെയാണ്. ഇത്തരത്തില്‍ ദേശീയ പ്രാധാന്യത്തിനപ്പുറം അന്താരാഷ്ട്ര തലത്തില്‍ത്തന്നെ വലിയ പ്രാധാന്യമുള്ള ഭൂപ്രദേശമാണിത്.

വയനാടിനെ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച കാര്യം ബ്രിട്ടീഷുകാര്‍ തുടങ്ങിവച്ച വന സമ്പത്തിന്റെ ചൂഷണം പില്‍ക്കാലത്ത് നമ്മളും അതേപടി തുടര്‍ന്നു എന്നതാണ്. 1970 കളുടെ പകുതിക്ക് ശേഷമാണ് വാസ്തവത്തില്‍ വനം പൂര്‍ണമായും വെട്ടിവെളിപ്പിക്കുക എന്ന ക്ലിയര്‍ ഫെല്ലിങ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാട് മൊത്തമായി വെട്ടിമാറ്റി കൃഷി ഭൂമിയാക്കുന്ന പ്രക്രിയ നടന്നത്. തുടര്‍ന്ന് വന പ്രദേശങ്ങളില്‍ കാപ്പി, കുരുമുളക് പോലെയുള്ള നാണ്യവിളകള്‍ വ്യാപകമായി കൃഷി ചെയ്തു.

മറ്റൊന്ന്, ബ്രിട്ടീഷുകാര്‍ ആരംഭിച്ച തേക്കിന്‍ തോട്ടങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്ന പദ്ധതി നമ്മള്‍ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ് എന്നതാണ്. അത് വനംവകുപ്പിന്റെ കീഴിലാക്കിയതുകൊണ്ട് ഈ തേക്കിന്‍തോട്ടംകൂടി ഉള്‍പ്പെട്ടതാണ് ഇന്ന് പറയുന്ന വന വിസ്തൃതിയുടെ കണക്കുകള്‍. യഥാര്‍ത്ഥത്തില്‍ അതിനെ വനഭൂമിയായി കണക്കാക്കാന്‍ കഴിയില്ല.

വയനാടന്‍ കാടുകളില്‍ ഭൂരിഭാഗവും ഈ തേക്കിന്‍ തോട്ടങ്ങളാണ്. തേക്ക് ഉഷ്ണം ഉല്‍പാദിപ്പിക്കുന്ന മരമാണ്. കൂടാതെ സമീപഭൂമിയില്‍ യാതൊരു തരത്തിലുള്ള അടിക്കാടുകളോ പുല്‍നാമ്പുകളോ വളരാന്‍ അനുവദിക്കുകയുമില്ല. ഇന്ന് കബനീ നദിയുടെ ഇരുവശങ്ങളിലും ഇത്തരം തേക്കിന്‍ തോട്ടമാണുള്ളത്. കബനിയുടെ വലതുകരയില്‍ കേരളത്തിന്റെ തേക്കിന്‍ തോട്ടങ്ങളും മറുകരയില്‍ കര്‍ണാടകത്തിന്റെ തോട്ടങ്ങളും നിറഞ്ഞ് നില്‍ക്കുകയാണ്. ഒരു വലിയ നദി ഒഴുകുന്ന പ്രദേശമായിരുന്നിട്ട് കൂടിയും ആ പ്രദേശത്ത് കടുത്ത വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവുമാണ് അനുഭവപ്പെടുന്നത്.

വയനാട്ടിലെ കാര്‍ഷിക മേഖലയ്ക്കുണ്ടായ ഏറ്റവും ആദ്യത്തെ തകര്‍ച്ച എണ്‍പതുകളോടെയാണ് സംഭവിച്ചത്. അതിന്റെ ഒരു പ്രധാന കാരണം വയനാട്ടിലെ കുരുമുളക് കൃഷി നശിച്ചതായിരുന്നു. കുരുമുളക് കൃഷിയുടെ പ്രധാന കേന്ദ്രമായിരുന്നു പുല്‍പ്പള്ളി. അതായത് കബനീ നദിയുടെ തീരഗ്രാമങ്ങള്‍. അവിടെയാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. ചൂടുകൊണ്ടാണ് അവിടെ കൃഷി നശിച്ചത്.

വയനാടന്‍ കാലാവസ്ഥയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് കാര്‍ഷിക ശാസ്ത്രജ്ഞരും ജിയോളജിസ്റ്റുകളും ഓരോ കാലങ്ങളില്‍ പറഞ്ഞിട്ടുള്ളതാണ്. അക്കാദമിക് താല്‍പര്യങ്ങളുള്ള വിദഗ്ധര്‍ ഇതില്‍ പഠനം നടത്തിയിട്ടുമുണ്ട്. പക്ഷേ, സമ്മുടെ സര്‍ക്കാരുകള്‍ അത് മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറാവുന്നില്ല.

ഇപ്പോള്‍പോലും ഈ തേക്കിന്‍ തോട്ടങ്ങള്‍ ഉപേക്ഷിക്കാനും കര്‍ഷകരെ കാര്‍ഷിക വൃത്തിയില്‍ ഉറപ്പിച്ചുനിര്‍ത്താനും വേണ്ടുന്ന യാതൊരു പ്രവര്‍ത്തനങ്ങളും നടക്കുന്നില്ല. ഇതാണ് കാര്‍ഷിക മേഖല തകരാനുണ്ടായ ഒരു കാരണം. നെല്‍കൃഷിയും അതുപോലെത്തന്നെ.

കര്‍ഷകരെ കാര്‍ഷിക വൃത്തിയില്‍ ഉറച്ചുനില്‍ക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് പകരം കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടാനാണ് എല്ലാ സര്‍ക്കാരുകളും ശ്രമിച്ചിരുന്നത്. അത് പറയാതെ വയ്യ. അതിന്റെ താല്‍പര്യങ്ങള്‍ പ്രാദേശികം മാത്രമൊന്നുമല്ല. ഇതിന് പിന്നില്‍ പല ആഗോള താല്‍പര്യങ്ങളുമുണ്ട്. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയുമൊക്കെ ഭാഗമായി ഇന്ത്യയെ നേരിട്ട് ഒരു സൈന്യത്തെ ഉപയോഗിച്ച് ഭരിക്കുന്നതിന് പകരം പരോക്ഷമായി ഒരു കോളനിയായി നിലനിര്‍ത്താനുള്ള ഒരു വലിയ ഗ്ലോബല്‍ അജണ്ടയുടെ ഭാഗമായിത്തന്നെയാണ് വയനാടിനെപ്പോലെയുള്ള പ്രദേശങ്ങളെ ഇങ്ങനെ മരുവല്‍ക്കരിക്കാനുള്ള ശ്രമവും നടക്കുന്നത്. അത് മറച്ചുവച്ചിട്ട് കാര്യമില്ല. അതിപ്പോള്‍ ഇടത് സര്‍ക്കാരായാലും വലത് സര്‍ക്കാരായാലും ഇതൊരു തുടര്‍ച്ചയാണ്. ഇവിടത്തെ ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും എല്ലാം ചേര്‍ന്ന ഒരു വലിയ ഗൂഡ സംഘമാണ് ഇത്. ഇതൊരു മാഫിയയാണ്.

ടൂറിസവും നിര്‍മ്മിതികളും വയനാട്ടില്‍ ബാക്കിയാക്കുന്നത് എന്തെല്ലാം പ്രശ്നങ്ങളാണ്?

ഒരു പ്രദേശത്തെയൊന്നാകെ നശിപ്പിച്ചുകൊണ്ടല്ല ടൂറിസം കൊണ്ടുള്ള വികസനം നടത്തേണ്ട്. ആളുകള്‍ ഇങ്ങോട്ടുവരുന്നത് വയനാടിന്റെ തനതായ ഭംഗി ആസ്വദിക്കാനും കാഴ്ചകള്‍ കാണാനും ഈ നാടിന്റെ ഭൂതകാലത്തെ മനസിലാക്കാനും അതിന്റെ പാരിസ്ഥിതികമായ വൈവിധ്യം തിരിച്ചറിയാനും വയനാടന്‍ കാലാവസ്ഥ അനുഭവിക്കാനുമൊക്കെയാണ്. അതു മൊത്തത്തില്‍ ഇല്ലാതാക്കിയിട്ട് ടൂറിസം പ്രൊമോഷന്‍ എന്ന പേരില്‍ നഗരങ്ങള്‍ക്ക് സമാനമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടാക്കിവച്ചിട്ട് എന്താണ് കാര്യം?.

കൊമേഷ്യല്‍ ടൂറിസത്തിന്റെ പേരിലുണ്ടായ കടന്നുകയറ്റമാണ് വയനാട്ടിലുണ്ടായ എറ്റവും വലിയ വിപത്ത്. ലോലമായ പാരിസ്ഥിതിക ഘടനയുള്ള മലകളും മലഞ്ചെരിവുകളും മലമുകളില്‍ മുഴുവന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുകയാണ്. അതൊരു കാര്യം. മറ്റൊന്ന് സമുദ്രനിരപ്പില്‍നിന്നും മൂവായിരം അടി ഉയരത്തിലുള്ള ഇത്രയും ചെറിയൊരു ജില്ലയാണ് വയനാട്. അവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഇരുപത് അണക്കെട്ടുകളില്‍ രണ്ടെണ്ണമുള്ളത്.

ഈ വെള്ളത്തിന്റെ മര്‍ദ്ദം താങ്ങാനുള്ള ശേഷി ഈ പ്രദേശത്തിനുണ്ടാകാന്‍ വഴിയില്ല. കൂടാതെ ഈ അണക്കെട്ടിനോട് ചേര്‍ന്നുകിടക്കുന്നുള്ള പാറക്കുന്നുകള്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വലിയ സ്‌ഫോടനങ്ങള്‍ നടത്തി ഖനനം ചെയ്യുകയാണ്. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ അവിടെ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലം ഉണ്ടാവുമെന്നും ആ പ്രദേശത്ത് ജീവിക്കുന്ന ആളുകളുടെ ജീവന് അപകടമുണ്ടാകുമെന്നും മനസിലാക്കാന്‍ സാങ്കേതിക ജ്ഞാനത്തിന്റെ ആവശ്യമില്ല. അതിന് സാമാന്യ യുക്തിതന്നെ ധാരാളമാണ്. ഇതൊക്കെ ചെയ്യുന്നവര്‍ വയനാട്ടുകാരല്ല എന്നതാണ് ഇതിന്റെ മറ്റൊരു വസ്തുത. ഇത് യഥാര്‍ത്ഥത്തില്‍, ബ്രിട്ടീഷുകാര്‍ നടത്തിയപോലെത്തന്നെ ഒരു അധിനിവേശം തന്നെയാണ്. ഒരു ഭാഗത്തുനിന്നും മൂലധനത്തിന്റെ അധിനിവേശം വയനാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കാര്‍ഷിക വൃത്തി ലാഭകരമല്ലാതായതോടുകൂടി സാമ്പത്തീക വളര്‍ച്ച എന്ന പേരില്‍ വയനാട്ടിലെ ഭൂമി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെയും ടൂറിസം വ്യവസായത്തിന്റെ ലോബിയുടെയും പിടിയിലകപ്പെട്ടിരിക്കുകയാണ്.