അഭിമുഖം: രാജ്യത്ത് ഇപ്പോഴും പ്രകടമായ ബി.ജെ.പി വിരുദ്ധ ചേരിയുണ്ട്| എ.എ. റഹീം/ സഫ്‌വാന്‍ കാളികാവ്
Dool Talk
അഭിമുഖം: രാജ്യത്ത് ഇപ്പോഴും പ്രകടമായ ബി.ജെ.പി വിരുദ്ധ ചേരിയുണ്ട്| എ.എ. റഹീം/ സഫ്‌വാന്‍ കാളികാവ്
സഫ്‌വാന്‍ കാളികാവ്
Tuesday, 22nd March 2022, 3:17 pm
കക്ഷിരാഷ്ട്രീയത്തിന് അപ്പുറത്ത് സമരങ്ങളാണ് ഇന്ന് രാജ്യത്ത് ബദലായി വരേണ്ടത്. ബി.ജെ.പി മുന്നോട്ടുവെക്കുന്നത് ധ്രുവീകരണ രാഷ്ട്രീയമാണ്. അവിടെ, വിശപ്പിന് മതമില്ല, ദാരിദ്ര്യത്തിനും അസമത്വത്തിനും മതമില്ല എന്ന പൊളിറ്റിക്സ്, ആത്മഹത്യ ചെയ്ത കര്‍ഷകരെ മതപരമായി തരംതിരിക്കല്‍ സാധ്യമല്ലെന്ന പൊളിറ്റിക്‌സ്, അങ്ങനെ ദുരിതമനുഭവിക്കുന്നവരുടെ ഏകോപനമാണ് ഉയര്‍ന്നുവരേണ്ടത്.

ഡി.വൈ.ഐ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷനായ എ.എ. റഹീമിനെ രാജ്യസഭയിലേക്ക് അയക്കാനാണ് സി.പി.ഐ.എം തീരുമാനം. 41കാരനായ എ.എ. റഹീം എം.എ. ബേബിക്ക് ശേഷം സി.പി.ഐ.എം രാജ്യസഭയിലേക്ക് അയക്കുന്ന പ്രായം കുറഞ്ഞ നേതാവാണ്. രാജ്യസഭ സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ എ.എ.റഹീം ഡൂള്‍ന്യൂസിനോട്  സംസാരിക്കുന്നു.

സംഘപരിവാര്‍ കാലത്ത് ഒരു ഇടതുപക്ഷ എം.പിക്ക് ഇന്ത്യന്‍ പാര്‍ലമെന്റില്‍ വലിയ ഉത്തരവാദിത്തങ്ങളുണ്ട്, പാര്‍ലമെന്റിലേക്കുള്ള  അവസരത്തെ എങ്ങനെ കാണുന്നു?

ഇനിയുള്ള വര്‍ഷങ്ങള്‍ രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. 2025 ആര്‍.എസ്.എസിന്റെ രൂപീകരണത്തിന്റെ 100 വര്‍ഷം പൂര്‍ത്തീകരിക്കുന്ന സമയമാണ്. തങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗതയില്‍ ആര്‍.എസ്.എസ് സഞ്ചരിക്കുന്ന വര്‍ഷങ്ങളാണ് കടന്നുപോകുന്നത്.

ഇത് ഏതൊരു മതേതര ജനാധിപത്യ വിശ്വാസിക്കും ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കയുളവാക്കുന്ന കാര്യങ്ങളാണ്. അത്തരം സങ്കീര്‍ണമായ ഘട്ടത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ട്ടി എന്നെ ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം ഏറ്റവും ഉയര്‍ന്ന മികവോടുകൂടി, അര്‍ഹിക്കുന്ന രീതിയില്‍ നിര്‍വഹിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

ഭരണഘടനക്കപ്പുറത്തേക്കുള്ള വെല്ലുവിളികളും രാജ്യം നേരിടുന്ന സമയമാണിത്. 1991ല്‍ കോണ്‍ഗ്രസ് പിന്തുടര്‍ന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്ക് ഇന്ന് വേഗത കൂടിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനേക്കാള്‍ വേഗതയില്‍ സംഘപരിവാര്‍ അത് നടപ്പിലാക്കുകയാണ്.

ക്രമേണ ഇന്ത്യയെ കോര്‍പറേറ്റ് വല്‍ക്കരണത്തിന് ഇരയാക്കിക്കൊണ്ടിരിക്കുന്നു. ഇത് കാരണം രാജ്യത്ത് അസമത്വം വര്‍ധിച്ചു, ദാരിദ്രം വര്‍ധിച്ചു, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു, ധനികര്‍ അതിധനികരായി മാറുന്നു, തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നു. ഈയൊരു സമയത്തുകൂടിയാണ് ഈ ചുമതല നിര്‍വഹിക്കപ്പെടേണ്ടത്, എന്ന ബോധ്യം എനിക്കുണ്ട്.

സംഘപരിവാര്‍ വലിയ രീതിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലം അടക്കം സൂചിപ്പിക്കുന്നത്. ഇപ്പോഴും ബി.ജെ.പി വിരുദ്ധ വികാരത്തിന് രാജ്യത്ത് സാധ്യതയുണ്ടോ?

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ ബി.ജെ.പി എല്ലാം കയ്യടക്കി എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വലിയ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച്, വലിയ രീതിയില്‍ പണമിറക്കിയാണ് ബി.ജെ.പി ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

യു.പിയില്‍ അഖിലേഷ് സീറ്റ് വര്‍ധിപ്പിക്കുകയാണുണ്ടായത്. യു.പി സത്യത്തില്‍ സംഘപരിവാറിന്റെ ഒരു പരീക്ഷണ ശാലയാണ്. കാരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണത്.

പഞ്ചാബില്‍ അമരീന്ദര്‍ സിംഗിനെ ഒപ്പം കൂട്ടിയിട്ടും ബി.ജെ.പി നില്‍ക്കുന്ന സ്ഥലത്ത് തന്നെ നില്‍ക്കുകയാണ്. അവര്‍ക്കവിടെ നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ല.

 

രാജ്യത്ത് ഇപ്പോഴും പ്രകടമായ ബി.ജെ.പി വിരുദ്ധ ചേരിയുണ്ട്. കേരളത്തിലും തമഴ്‌നാട്ടിലും ബി.ജെ.പിക്ക് ഒന്ന് അനങ്ങാന്‍ പോലും കഴിയുന്നില്ല.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയില്‍ മാത്രമാണ് ബി.ജെ.പിക്ക് സ്വാധീനമുള്ളത്. അവിടെ ജയിച്ച കോണ്‍ഗ്രസുകാരെ വിലകൊടുത്തുവാങ്ങിയാണ് അവര്‍ ഭരിക്കുന്നത്.

യു.പി കഴിഞ്ഞാല്‍ രാജ്യത്തെ മറ്റൊരു നിര്‍ണായക സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. അവിടേയും ബി.ജെ.പിക്ക് വേരുറപ്പിക്കാനാകുന്നില്ല. ബിഹാറില്‍ മാഹാസഖ്യം പെരുതി നന്നില്ലേ…  ഇതൊന്നും ഒരു ചെറിയ കാര്യമല്ല. വലിയ രീതിയില്‍ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോഴും ചെറുത്തുനില്‍ക്കുന്ന ഒരുപാട് ജനത ഇന്ന് രാജ്യത്തുണ്ട്.

രാജ്യത്ത് സംഘപരിവാറിനെതിരെയുള്ള ബദലായി ഇടതുപക്ഷം എന്തിനേയാണ് കാണുന്നത്?

കക്ഷിരാഷ്ട്രീയത്തിന് അപ്പുറത്ത് സമരങ്ങളാണ് ഇന്ന് രാജ്യത്ത് ബദലായി വരേണ്ടത്. ബി.ജെ.പി മുന്നോട്ടുവെക്കുന്നത് ധ്രുവീകരണ രാഷ്ട്രീയമാണ്. അവിടെ, വിശപ്പിന് മതമില്ല, ദാരിദ്ര്യത്തിനും അസമത്വത്തിനും മതമില്ല എന്ന പൊളിറ്റിക്സ്, ആത്മഹത്യ ചെയ്ത കര്‍ഷകരെ മതപരമായി തരംതിരിക്കല്‍ സാധ്യമല്ലെന്ന പൊളിറ്റിക്‌സ്, അങ്ങനെ ദുരിതമനുഭവിക്കുന്നവരുടെ ഏകോപനമാണ് ഉയര്‍ന്നുവരേണ്ടത്.

അതിന്റെ ഭാഗമായുള്ള സമരങ്ങളാണ് സംഘപരിവാറിന്റെ ബദല്‍. കര്‍ഷക സമരം അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു. ഇങ്ങനെയുള്ള സമരങ്ങളിലൂടെ രാഷ്ട്രീയ മാറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇടതുപക്ഷം കാണുന്നത്. എന്നാല്‍ കോണ്‍ഗ്രസ് കക്ഷിരാഷ്ട്രീയം നോക്കി മാത്രം വര്‍ത്തമാനം പറഞ്ഞ് സമയം കളയുകയാണ്.

 

കോണ്‍ഗ്രസിന് ഇന്ന് രാജ്യത്ത് ഒരു പൊസിഷന്‍ ഇല്ലാതെയായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അതേ സാമ്പത്തിക നിലപാടാണ് ഇപ്പോള്‍ ബി.ജെ.പിയും പിന്തുടരുന്നത്. ഒരു സെന്റര്‍ വലതുപക്ഷ നിലപാടില്‍ നിന്ന് തീവ്ര വലതുപക്ഷ നിലപാടിലേക്കാണ് കോണ്‍ഗ്രസ് പോകുന്നത്.

80കള്‍ മുതല്‍, കൃത്യമായി പറഞ്ഞാല്‍ രാജീവ് ഗാന്ധിയുടെ കാലം മുതല്‍ അത് പ്രകടമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് രാഹുല്‍ ഗാന്ധി ജയ്പൂരില്‍ നടത്തിയ പ്രസംഗം.

ഇന്ത്യ ഹിന്ദുക്കളുടേതാണ് എന്ന ബോധ്യത്തിലാണ് ബാബ്രി മസ്ജിദ് തകര്‍ത്ത ദിവസം ആഘോഷിക്കുന്നവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസും ഉണ്ടാകുന്നത്. ആ സമയത്ത് ഇന്ത്യ ഹിന്ദുക്കളുടേതല്ല സെക്കുലറാണെന്ന് ഉറക്കെ പറയേണ്ടതുണ്ട്. അത് പറയാതിരിക്കുമ്പോഴാണ് കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെടുന്നത്.

കോണ്‍ഗ്രസില്ലാത്ത രാജ്യത്തെ പ്രാദേശിക പാര്‍ട്ടികളുടെ ഐക്യത്തിനാണോ ഇടതുപക്ഷത്തിന്റെ ശ്രമം?

ഈ വിഷയത്തില്‍ അന്തിമ തീരുമാനം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകും. ബി.ജെ.പിയാണ് മുഖ്യ ശത്രു എന്നതില്‍ സംശയമില്ല. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുന്ന എല്ലാ ജനാധിപത്യ പാര്‍ട്ടികളുമായും കൈകോര്‍ക്കാം എന്നാണ് ഇപ്പോഴത്തെ പാര്‍ട്ടി നിലപാട്. അധികാരത്തോടുള്ള താല്‍പര്യത്തിനപ്പുറത്തേക്കുള്ള ഒരു ഐക്യം രൂപപ്പെടണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്.

ഇങ്ങനെ രാജ്യത്തിന്റെ ഭാവിയെ മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ ധാര്‍മികതക്ക് കോണ്‍ഗ്രസ് അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍ തയ്യാറാണോ എന്ന ചോദ്യവും ഇവിടെ ബാക്കിയാണ്. വലതുപക്ഷ നിലപാടുള്ള കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ അതിന് തയ്യാറാകുമെന്ന് ഇടതുപക്ഷം വിശ്വസിക്കുന്നുമില്ല.

ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റാണ് രാജ്യസഭയിലേക്ക് പോകുന്നത്. അത് സംഘടനക്ക് എത്രത്തോളം ഗുണം ചെയ്യും?

പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ എന്ന സംഘടനയെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണം എന്നത് ഞങ്ങളുടെ ആഗ്രഹമാണ്. അതുകൊണ്ടുതന്നെ ഇത് ഡി.വൈ.എഫ്.ഐക്ക് കൂടി ലഭിച്ച അംഗീകാരമായാണ് ഞാന്‍ കാണുന്നത്.

പി.എ. മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ സമയത്ത് രാജ്യത്താകെ പ്രകടമായ ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. അത് തുടരാന്‍ കഴിയുമെന്നാണ് വിശ്വസിക്കുന്നത്.

മെയ് 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന അഖിലേന്ത്യാ സമ്മേളനത്തില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള കൂടുതല്‍ തീരുമാനമുണ്ടാകും. ഇന്ത്യയില്‍ ഇനി ഉയര്‍ന്നുവരേണ്ടത് യുവാക്കളുടെ സമരമാണെന്ന ബോധ്യത്തോടെ ഡി.വൈ.എഫ്.ഐ രാജ്യത്തിന്റെ സമരമുഖത്തുണ്ടാകും. ഈ ശബ്ദം പാര്‍ലമെന്റില്‍ കൂടി കൊണ്ടുവരാന്‍ പുതിയ ഉത്തരവാദിത്തത്തിലൂടെ കഴിയുമെന്ന വിശ്വാസം എനിക്കുണ്ട്.

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ സമരമുഖത്ത് ഡി.വൈ.എഫ്.ഐ ഇല്ല എന്ന വിമര്‍ശനമുണ്ട്. അതേസമയം, ചാരിറ്റി തലത്തിലൊക്കെ വലിയ മുഖമാകാനും ഡി.വൈ.എഫ്.ഐക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഡി.വൈ.എഫ്.ഐയുടെ സമര പ്രസക്തിയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നു?

സമരം എല്ലായ്‌പ്പോഴും ഉണ്ടാകണം എന്നതില്‍ അര്‍ത്ഥമില്ല. സമരങ്ങള്‍ നിശ്ചയിക്കുന്നത് ഭരിക്കുന്ന സര്‍ക്കാരിന്റെ നിലപാടുകളാണ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങളെ സര്‍ക്കാരുകള്‍ എങ്ങനെ സമീപിക്കുന്നു എന്നത് പ്രധാനമാണ്. നിഷേധാത്മകമായി സമീപിക്കുമ്പോഴാണ് സമരം അനിവാര്യമാകുന്നത്.

കേരളത്തില്‍ ഭരണം തുടരുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരില്‍ നിന്ന് അത്തരമൊരു സമീപനം ഉണ്ടാകുന്നില്ല എന്നതാണ് ഒരു യുവജന സംഘടന എന്ന രീതിയില്‍ ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്.

ഡി.വൈ.എഫ്.ഐ കേരളത്തില്‍ സമരം സംഘടിപ്പിക്കുന്നില്ല എന്ന് പറയുന്നതിനോട് യോജിക്കാനാകില്ല. സി.എ.എ, എന്‍.ആര്‍.സി സമയത്ത് രാത്രിയും പകലും വ്യത്യാസമില്ലാതെ സമരം സംഘടിപ്പിച്ച സംഘടനയാണ് ഡി.വൈ.എഫ്.ഐ. അങ്ങനെ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കേരളത്തില്‍ വിലയ സമരങ്ങള്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എ. റഹീമിന് സീറ്റ് നിഷേധിച്ചു എന്നൊക്കെ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നു. പ്രത്യേകിച്ച് നിങ്ങള്‍ പാര്‍ട്ടിയുടെ മുഖമായി നില്‍ക്കുന്ന ഒരു സമയം കൂടിയായിരുന്നു അത്. ഈ രാജ്യസഭാ സീറ്റ് മുന്നില്‍ കണ്ടാണോ അന്ന് സീറ്റ് മാറ്റിവെച്ചത്?

അത് എനിക്ക് പറയാന്‍ കഴിയില്ല. അത് നിശ്ചയിക്കുന്നത് പാര്‍ട്ടിയാണ്. എവിടേക്കെങ്കിലും എത്താന്‍ വേണ്ടി തുഴയുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അങ്ങനെയുള്ള ചിന്തകള്‍ മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

എന്നാല്‍ ഇത്രയും തകര്‍ന്ന് തരിപ്പണമായിക്കൊണ്ടിരിക്കുമ്പോഴും ഒരു സ്ഥാനാര്‍ത്ഥിയ നിശ്ചയിക്കുന്നതില്‍ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്. സി.പി.ഐ.എം അതിനെ അങ്ങനെയല്ല സമീപിക്കുന്നത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ലഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് ഞാനാണ് സ്ഥാനാര്‍ത്ഥി എന്നത് ഞാന്‍ പോലും അറിയുന്നത്. അത്ര സുതാര്യമായാണ് പാര്‍ട്ടിയുടെ നടപടികള്‍.

ഇതൊരു നിയമനമായി ഞാന്‍ കാണുന്നില്ല. പാര്‍ലമെന്റ് രാഷ്ട്രീയ പ്രവര്‍ത്തനവും പാര്‍ലമെന്റിതര രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുപോലെ കാണുന്നയാളാണ് ഞാന്‍. രാഷ്ട്രീയ പ്രവര്‍ത്തനം പാര്‍ലമെന്റിലേക്കുള്ള പ്ലേസ്‌മെന്റാണെന്നുള്ള ധാരണ അടിമുടി മാറണം.

 

ആശയപരമായ വിയോജിപ്പുകള്‍ സ്വഭാവികമാണ്. നിങ്ങളെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ കുശുമ്പ് ഉള്ളില്‍ വെച്ച് വിദ്വേഷ പ്രചരണം നടത്തിയ മാധ്യമപ്രവര്‍ത്തകനടക്കമുള്ളവരോട് എന്താണ് പറയാനുള്ളത്?

കുശുമ്പും കുന്നായ്മയുടെയും പിറകെ നമ്മള്‍ പോകേണ്ട കാര്യമില്ല. അതിന് ഞാന്‍ മറുപടി പറയുന്നില്ല. കാലം മാറിയത് ചിലരൊന്നും അറിഞ്ഞിട്ടില്ല. സാമൂഹ്യ വിമര്‍ശനങ്ങളുടെ സ്വരം ഇന്ന് ഏകപക്ഷീയമല്ല. ഞങ്ങളാണ് സാമൂഹ്യ വിമര്‍ശകര്‍ എന്ന നിലയിലുള്ള അവസ്ഥ മാറി. ഇന്ന് പൊതുജനങ്ങളാണ് അത് നിയന്ത്രിക്കുന്നത്. ആ മാറ്റത്തെ മനസിലാക്കാത്തവരാണ് ഇത്തരം പ്രവര്‍ത്തിയുമായി നടക്കുന്നത്. അത്തരം ഇടപെടലുകള്‍ക്കുള്ള വിമര്‍ശനങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകുന്നു എന്നത് വലിയ കാര്യമാണ്.

എന്നെ അതൊന്നും അലട്ടുന്നില്ല. അതൊക്കെ വ്യക്തിപരമായ പരിമിതിയുള്ളവരുടെ ഓരോ പ്രവര്‍ത്തിയാണ്. ഇത്തരക്കാരെ നമ്മള്‍ ചര്‍ച്ച ചെയ്തതുകൊണ്ട് നന്നാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക എന്നതിലാണ് ഞാന്‍ ശ്രദ്ധിക്കുന്നത്.

Content Highlights: Interview with CPIM Rajya Sabha Candidate AA Rahim

സഫ്‌വാന്‍ കാളികാവ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.