ഈ വാദങ്ങളെല്ലാം മാതൃഭാഷയ്ക്കുവേണ്ടിയാണ്. ഇതിനര്‍ത്ഥം മറ്റുഭാഷകള്‍ പഠിക്കേണ്ടതില്ല എന്നല്ല. എത്രയധികം ഭാഷകള്‍ നന്നായി പഠിക്കുന്നുവോ അത്രയും നല്ലത്, അവയില്‍ അനായാസം വിനിമയം നടത്താന്‍ കഴിയുന്നത് അതിലേറെ നല്ലത്. പക്ഷേ ഒരു കുഞ്ഞിന്റെ നൈസര്‍ഗ്ഗികമായ ഭാഷാ വളര്‍ച്ചയില്‍ മാതൃഭാഷയ്ക്കുള്ള സ്ഥാനം അംഗീകരിച്ചു കൊടുക്കണം.
![]()
എസ്സേയിസ് / ഇ.ദിനേശന്‍
![]()
“ലോകമാതൃഭാഷാ ദിന”മാണ് ഫെബ്രുവരി 21. ലോകമാതൃഭാഷ എന്ന പ്രയോഗം സാധുവാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു കണ്ടു. കാരണം ലോകമാതൃഭാഷ എന്നൊന്നുണ്ടോ? ഇല്ല. ലോകത്തിനാകെ ഒരു മാതൃഭാഷയില്ല. അപ്പോള്‍ എന്താണ് ലോകമാതൃഭാഷാ ദിനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ലോകത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെക്കുറിച്ചു ചിന്തിക്കുന്ന, ഇതര ഭാഷകളെ സ്‌നേഹത്തിലും ബഹുമാനത്തിലും കാണുന്ന, ഒരര്‍ത്ഥത്തില്‍ ഭാഷകളുടെ സമത്വത്തെ, സാഹോദര്യത്തെ പ്രഖ്യാപിക്കുന്ന ദിനമാണത്.[]
അങ്ങനെ നോക്കുമ്പോള്‍ ലോകമാതൃഭാഷ എന്നത് ലോകത്തിലെ മാതൃഭാഷകളെയെല്ലാം ചേര്‍ത്ത് പറയുന്ന ഏകവചനമാണെന്നു വരുന്നു. രണ്ടായിരമാണ്ടിലാണ് ഐക്യരാഷ്ട്രസഭ ഇങ്ങനെയൊരു ദിനം പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തത്.
എന്താണ് ഫെബ്രുവരി-21 ന്റെ പ്രത്യേകത? 1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21.
പാക്കിസ്ഥാന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ത്തന്നെ ഉര്‍ദു ഏക ഔദ്യോഗികഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. അപ്പോള്‍ത്തന്നെ എതിര്‍പ്പുകളും അവിടെ ഉയര്‍ന്നുവന്നിരുന്നു. ബംഗാളി സംസാരിക്കുന്ന, ബംഗാളി മാതൃഭാഷയായ ജനതയാണ് കിഴക്കന്‍ പാക്കിസ്ഥാനില്‍-ഇന്നത്തെ ബംഗ്ലാദേശ്- അവരുടെ ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത്.
മാതൃഭാഷയായ ബംഗാളിക്കുവേണ്ടി അവര്‍ ആവശ്യമുന്നയിച്ചു. മറുപടി പോലീസിന്റെ വെടിയുണ്ടകളായിരുന്നു. 1952 ഫെബ്രുവരി 21-നും പിറ്റേന്നുമായി പലവട്ടം വെടിവെപ്പു നടന്നു. നിരവധിപേര്‍ മരിച്ചു വീണു.
മറ്റൊരു ഭാഷയ്‌ക്കെതിരായ സമരമായിരുന്നില്ല ഇത്. തങ്ങളുടെ മാതൃഭാഷ ഔദ്യോഗികഭാഷയായി അംഗീകരിച്ചു കിട്ടാനുള്ള സമരമായിരുന്നു. ഇവിടെ ഭാഷ ഒരു പൗരാവകാശ പ്രശ്‌നമായി മാറുന്നു എന്നു കാണാം.
1952-ല്‍ കിഴക്കന്‍ പാക്കിസ്ഥാനില്‍ ഉര്‍ദു ഭരണഭാഷയായി അടിച്ചേല്‍പ്പി ക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ധാക്ക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ഫെബ്രുവരി 21.
ഒരു പ്രദേശത്തെ, രാജ്യത്തെ ജനതയ്ക്ക് അവരുടെ ഭാഷയില്‍ വിനിമയങ്ങള്‍ നടത്താന്‍ കഴിയാത്ത സ്ഥിതി മൗലികാവകാശത്തിന്റെ ലംഘനമാണെന്ന തിരിച്ചറിവ് നമുക്കിപ്പോഴും കൈവന്നിട്ടില്ല.
സാമ്പത്തികമായി, ഭൂപരവുമായി ഒരു പ്രദേശത്തെ കീഴടക്കി ഭരിക്കുന്നതുപോലെയോ അതിലേറെയോ ആണ് സാംസ്‌കാരികമായി കീഴടക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍. ഈയിടെ ചില ഇംഗ്ലീഷ് മാധ്യമ വിദ്യാലയങ്ങളില്‍ മലയാളം സംസാരിച്ചതിന് വിദ്യാര്‍ത്ഥികളെ പിഴയടപ്പിച്ച സംഭവം നാം കേള്‍ക്കുകയുണ്ടായി.
ചിലയിടങ്ങളില്‍ കുട്ടികളുടെ കഴുത്തില്‍ “മലയാളം പണ്ഡിറ്റ്” എന്ന ഒരു ബോര്‍ഡ് എഴുതി തൂക്കി എന്നും അറിയാന്‍ കഴിഞ്ഞു. മാളയിലും തിരുവനന്തപുരത്തും ഒക്കെ നടന്ന സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍, മനസ്സില്‍ വരുന്നത് ആഫ്രിക്കയില്‍ വെള്ളക്കാര്‍ നടത്തിയ വിദ്യാലയങ്ങളില്‍ കറുത്തവരും അവരുടെ ഭാഷകളും അവഹേളിക്കപ്പെട്ടതിനെക്കുറിച്ച എന്‍ഗൂഗി എഴുതിയ കാര്യങ്ങളാണ്.
മാളയിലെയും തിരുവനന്തപുരത്തെയും മറ്റും സംഭവം ഒരു സൂചനയാണ്. ഒരുപാടു സൂചനകള്‍ ഈ തരത്തില്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് മലയാളത്തിനുവേണ്ടി ശബ്ദിക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട്.
പലരും പറയുന്നത് മലയാളം കൊണ്ട് ഒന്നിനും കഴിയില്ല എന്നാണ്. ഇത് ഒരുഅന്ധവിശ്വാസം പോലെ പ്രചരിപ്പിക്കപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ കേരളത്തിനകത്തെ എല്ലാ വിനിമയങ്ങളും നടക്കേണ്ടത് മലയാളത്തിലാണ്.
1957-ല്‍ ആദ്യത്തെ ജനാധിപത്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍, സെക്രട്ടറിയേറ്റുവരെയുള്ള ഭരണ നടപടികളും സര്‍വകലാശാലാതലം വരെ വിദ്യാഭ്യാസവും മലയാളത്തിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഭരണം മലയാളത്തിലാക്കുന്നതിനെക്കുറിച്ചാലോചിക്കാന്‍ ആ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു. കോമാട്ടില്‍ അച്യുതമേനോനായിരുന്നു സമിതിയുടെ അദ്ധ്യക്ഷന്‍. കെ.ദാമോദരന്‍, പി.ടി.ഭാസ്‌ക്കരപണിക്കര്‍ തുടങ്ങിയ പ്രഗത്ഭരൊക്കെ അംഗങ്ങളായ ആ സമിതി പറഞ്ഞത് “ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ ഭരണം ഏതു വിഷയം അധികരിച്ചുള്ളതായാലും ജനങ്ങളുടെ ഭാഷയില്‍ത്തന്നെ വേണം” എന്നാണ്.
അരനൂറ്റാണ്ടു കഴിഞ്ഞു. ജനങ്ങളുടെ ഭാഷയില്‍ ഭരണം വന്നില്ല എന്നു നമുക്കറിയാം. ഏറ്റവും സാധാരണ മനുഷ്യര്‍ ആശ്രയിക്കുന്ന മാവേലിസ്‌റ്റോറിലെ ബില്ലുകള്‍ നല്‍കുന്നത് ഇംഗ്ലീഷിലാണ്. കടുകിന്റെയും ഉലുവയുടെയും പരിപ്പിന്റെയുമൊക്കെ ഇംഗ്ലീഷ് പേരുകള്‍ അച്ചടിച്ച ബില്ലാണ് നല്‍കുന്നത്. അത് മലയാളത്തില്‍ നല്‍കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല. കമ്പ്യൂട്ടറില്‍ ചെറിയ ഒരു സോഫ്റ്റ്‌വെയര്‍ വെച്ചാല്‍ മതി.
അടുത്ത പേജില്‍ തുടരുന്നു ![]()
നമ്മുടെ അനുഭവങ്ങള്‍ സ്വരുക്കൂട്ടുന്നത് മാതൃഭാഷയിലാണ്. നമ്മുടെ ലോകബോധത്തിന്റെയും വൈകാരികതയുടെയും പലമട്ടിലുള്ള പ്രകാശനങ്ങളാണ് സാഹിത്യം. ഇന്നലെകളുടെ അനുഭവങ്ങളില്ലാതെ ഏതുതരം നാളെകളെയാണ് നാം നിര്‍മ്മിക്കുക.
തമിഴ്‌നാട്ടിലെയും കര്‍ണ്ണാടകയിലെയും സര്‍ക്കാര്‍ ബസുകള്‍ നമ്മുടെ നിരത്തിലൂടെ പോകുന്നുണ്ടല്ലോ.അവര്‍ നല്‍കുന്ന ടിക്കറ്റില്‍ അവരുടെ മാതൃഭാഷ കാണാം. നമ്മുടെ സര്‍ക്കാര്‍ ബസ്സിലെ ടിക്കറ്റില്‍ നമ്മുടെ ഭാഷ കാണുകയില്ല.
ഭരണത്തിന്റെ ഏണിപ്പടികള്‍ കയറുന്നതിനനുസരിച്ച് മാതൃഭാഷയുടെ ഉപയോഗം കുറഞ്ഞുകുറഞ്ഞു വരും. സെക്രട്ടറിയേറ്റില്‍ മലയാളത്തില്‍ എത്ര എഴുത്തുകുത്ത് നടക്കുന്നു എന്നന്വേഷിച്ചാല്‍ കാര്യം ബോധ്യമാകും.[]
നമുക്ക് നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല. നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയില്ലാത്തതുകൊണ്ടാണ്. ഭരണഭാഷ മലയാളത്തിലാക്കുന്നതിനെക്കുറിച്ചുള്ള ഉത്തരവുകള്‍ പലതും ഇംഗ്ലീഷില്‍ പുറത്തിറങ്ങിയ നാടാണ് നമ്മുടേത്! നമ്മുടെ കോടതികളുടെ കാര്യവും ഇതുപോലെ തന്നെയാണ്.
നിങ്ങള്‍ എപ്പോഴെങ്കിലും അവസരം കിട്ടുമ്പോള്‍ നമ്മുടെ ജയിലുകളില്‍ പോകുക. അവിടെ വിവിധ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് കഴിയുന്നവരോട്, അവരുടെ ശിക്ഷയ്ക്ക് ആധാരമായ വിധിയെക്കുറിച്ചു ചോദിക്കുക. ഭൂരിപക്ഷത്തിനും അതറിയില്ല. കാരണം കോടതിയിലെ വാദപ്രതിവാദങ്ങള്‍, വിധിന്യായങ്ങള്‍ എല്ലാം അന്യഭാഷകളിലാണ്.
കേരളത്തിലെ കോടതികളില്‍ വിനിമയങ്ങള്‍ മലയാളത്തിലാക്കാന്‍ കഴിയുന്നില്ല. താന്‍ എങ്ങനെ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്നറിയാനുള്ള അവകാശം ഒരു പൗരനില്ലാതിരിക്കുന്നു എന്നതാണവസ്ഥ.
താന്‍ ചെയ്ത കുറ്റത്തെക്കുറിച്ച് ന്യായാധിപന്മാര്‍ തര്‍ക്കിക്കുന്നതെന്താണ് എന്നറിയാന്‍ കഴിയാത്ത അവസ്ഥ. പിന്നെ എന്തു പൗരാവകാശത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ മാതൃഭാഷയില്‍ വിനിമയങ്ങള്‍ നടക്കുന്നില്ല എന്നത് മൗലികാവകാശത്തിന്റെ ലംഘനമായിത്തീരുന്നതെങ്ങനെയെന്നാണ് ഇത്തരം അനുഭവങ്ങള്‍ തെളിയിക്കുന്നത്. മാതൃഭാഷ ഒരു പൗരന്റെ അവകാശമാണ് എന്ന തിരിച്ചറിവാണ് യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശിലെ രക്തസാക്ഷികള്‍ ലോകത്തിനുപകര്‍ന്നു നല്‍കിയ പാഠം.
പക്ഷേ നാം മലയാളികള്‍ ഇതൊന്നും ചെവിക്കൊള്ളുന്നവരല്ല. കേരളത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ തന്നെ മലയാളം വളരെ അപ്രധാനമായി തള്ളപ്പെടുന്നതു നാം കാണുന്നു.
മാതൃഭാഷ രണ്ടാംഭാഷയായി പഠിക്കുന്ന ഒരേ ഒരിടം കേരളമാണ് എന്ന് നാം ഓര്‍ക്കണം. എന്നിട്ട് ആ രണ്ടാം ഭാഷയും ഇനി വേണ്ടതില്ല എന്നു തീരുമാനിക്കുന്ന വിദ്യാഭ്യാസ വിദഗ്ധരെക്കുറിച്ചും അവരുടെ താല്പര്യത്തെക്കുറിച്ചും നാം ചിന്തിക്കണം.
2007-ല്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോള്‍ ഒരു ഭാഷ പഠിച്ചാല്‍ മതി എന്നു നാം നിശ്ചയിച്ചു. നമ്മുടെ ബോധമനുസരിച്ച് ആ ഒരു ഭാഷ ഇംഗ്ലീഷായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.
2009-ല്‍ ബിരുദതലത്തില്‍ പാഠ്യപദ്ധതി പുനസംഘാടനം ചെയ്തപ്പോഴും ഭാഷയുടെ, സാഹിത്യത്തിന്റെ സവിശേഷമായി മാതൃഭാഷയുടെ സമയം വീണ്ടും കുറച്ചത് നാം കണ്ടു.[]
മാതൃഭാഷ രണ്ടാംഭാഷയായി പഠിക്കുന്ന ഒരേ ഒരിടം കേരളമാണ് എന്ന് നാം ഓര്‍ക്കണം. എന്നിട്ട് ആ രണ്ടാം ഭാഷയും ഇനി വേണ്ടതില്ല എന്നു തീരുമാനിക്കുന്ന വിദ്യാഭ്യാസ വിദഗ്ധരെക്കുറിച്ചും അവരുടെ താല്പര്യത്തെക്കുറിച്ചും നാം ചിന്തിക്കണം.
കാരണം നമുക്ക് ഉപയോഗമുള്ളത് പഠിച്ചാല്‍മതി എന്നായിരിക്കുന്നു. ഭാഷ പഠിച്ചിട്ട്, സാഹിത്യം പഠിച്ചിട്ട്, ചരിത്രം പഠിച്ചിട്ട് നിങ്ങക്കെന്താണ് ഉപയോഗം എന്നു ചോദിക്കുന്ന വിദഗ്ധര്‍ രൂപപ്പെട്ടുക്കൊണ്ടിരിക്കുന്നു.
നമ്മുടെ അനുഭവങ്ങള്‍ സ്വരുക്കൂട്ടുന്നത് മാതൃഭാഷയിലാണ്. നമ്മുടെ ലോകബോധത്തിന്റെയും വൈകാരികതയുടെയും പലമട്ടിലുള്ള പ്രകാശനങ്ങളാണ് സാഹിത്യം. ഇന്നലെകളുടെ അനുഭവങ്ങളില്ലാതെ ഏതുതരം നാളെകളെയാണ് നാം നിര്‍മ്മിക്കുക.
അതുകൊണ്ട് മനുഷ്യബന്ധത്തിന്റെ പശിമ നിലനില്‍ക്കണമെങ്കില്‍ മാതൃഭാഷ ഉണ്ടായിരിക്കണം. കരയുകയും ചിരിക്കുകയും ചിന്തിക്കുകയും ചെയ്യണമെങ്കില്‍, ഏതൊരാള്‍ക്കും അവളുടെ/അയാളുടെ മാതൃഭാഷ വേണം.
ഈ മാനുഷികത ആവശ്യമുണ്ടോ എന്നാണ് മാതൃഭാഷ പഠിക്കേണ്ടതില്ല എന്നു പറയുന്നവരോട് തിരിച്ചു ചോദിക്കേണ്ടത്. വെള്ളവും വായുവുമടക്കം പ്രകൃതിയപ്പാടെ വില്‍പനയ്ക്കുവെക്കുകയും പ്രായമായവരെ വൃദ്ധസദനത്തിലാക്കുകയും മാലിന്യം കുപ്പക്കൂട്ടമായി പുറംതള്ളുകയും ചെയ്യുന്ന, വിറ്റുവരവിന്റെ കണക്കുകള്‍ മാത്രം സൂക്ഷിക്കുന്ന ഒരു സാമൂഹികസ്ഥിതിയില്‍ ഈ പറഞ്ഞ പശിമ ആവശ്യം വരില്ല.
പക്ഷേ മാനുഷികതയെക്കുറിച്ച് – പ്രകൃതിയെയും ചുറ്റുപാടിനെയുംക്കുറിച്ചാകെ-ഉത്കണ്ഠപ്പെടുന്നവര്‍ക്ക് മാതൃഭാഷയുടെ നഷ്ടം സംസ്‌കാരത്തിന്റെ നഷ്ടമായേ തിരിച്ചറിയാന്‍ കഴിയൂ.
അടുത്ത പേജില്‍ തുടരുന്നു
നമ്മുടെയുള്ളില്‍ ഒരു പൊങ്ങച്ചമുണ്ട്. അതു പൊങ്ങച്ചം മാത്രമല്ല, ഒരു വര്‍ഗ താല്പര്യമാണ്. ആ പൊങ്ങച്ചത്തിന്റെ വര്‍ഗ താല്പര്യത്തിലാണ് കുഞ്ഞുണ്ണിമാഷ് പറഞ്ഞപ്പോലെ നാം “ഭാര്യയുടെ പേറങ്ങ്” ഇംഗ്ലണ്ടിലാക്കുന്നത്.

വിദ്യാഭ്യാസത്തെക്കുറിച്ചു പറയുമ്പോള്‍, വിഞ്ജാനം കൈകാര്യം ചെയ്യാന്‍ പറ്റിയ ഭാഷയല്ല മലയാളം എന്നാണ് ഒരു വാദം. നാം മലയാളത്തില്‍ വിഞ്ജാനം കൈകാര്യം ചെയ്യാന്‍ എന്തു ശ്രമം നടത്തി എന്നു തിരിച്ചു ചോദിക്കാം.
ഇന്ത്യയില്‍ എഴുതപ്പെട്ട ഏറ്റവും ഗഹനമായ കൃതികളിലൊന്നായ അര്‍ത്ഥശാസ്ത്രത്തിന് “ഭാഷാകൗടലീയം” എന്ന പേരില്‍ എണ്ണൂറ് വര്‍ഷംമുമ്പെ തര്‍ജ്ജമയുണ്ടായ ഭാഷയാണ് മലയാളം.ജ്യോതിശാസ്ത്രവും വൈദ്യശാസ്ത്രവുമടക്കമുള്ള മേഖലകളിലെ ശാസ്ത്രകൃതികള്‍ മലയാളത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പേ ഉണ്ടായിട്ടുണ്ട്.[]
എന്നിട്ടും മലയാളത്തിന് വൈജ്ഞാനികശേഷിയില്ല എന്നു പറഞ്ഞുകൊണ്ടിരിക്കുക. വൈഞ്ജാനിക പ്രവര്‍ത്തനം മാതൃഭാഷയില്‍ നടക്കുന്നില്ല, നടത്താന്‍ സാഹചര്യമൊരുക്കിന്നില്ല എന്നത് പറയാതിരിക്കുക.
മൂന്നുവയസ്സുമുതല്‍ കുട്ടികളെ അന്യഭാഷകളില്‍ മാത്രം പഠിപ്പിച്ചാല്‍ അവര്‍ എങ്ങനെ പുതിയ വിജ്ഞാനം മലയാളത്തില്‍ ഉല്പാദിപ്പിക്കും. നമ്മുടെ പഠന മാധ്യമം സര്‍വകലാശാലാതലം വരെ മലയാളത്തിലാക്കാന്‍ നമുക്ക് കഴിയുന്നില്ല.
മുമ്പ് പറഞ്ഞല്ലോ, സര്‍വകലാശാലതലം വരെ വിദ്യാഭ്യാസം മലയാളത്തിലാക്കും എന്നുപറഞ്ഞിട്ട് നാം അംഗന്‍വാടി മുതല്‍ ഇംഗ്ലീഷിലാക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പറഞ്ഞുവന്നത് ഇതാണ്, കേരളത്തിനകത്ത് ഏതു വൈജ്ഞാനികവിഷയവും മലയാളത്തില്‍ ഗവേഷണം ചെയ്യാന്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാന്‍, ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന സ്ഥിതിയുണ്ടാക്കിയിട്ടുവേണം, പരിമിതികളെ മറികടക്കാന്‍.
ഭാഷയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഭാഷ വളരുന്നത്. ഈ പ്രാഥമിക തത്വം പോലും നമ്മുടെ വിദഗ്ധര്‍ മറന്നു പോകുന്നു. നമ്മെക്കാള്‍ ജനസംഖ്യ കുറഞ്ഞ ചെറിയ ഭാഷകള്‍ ഇക്കാര്യങ്ങള്‍ ഭംഗിയായി നടത്തുന്നതിന്റെ അനുഭവങ്ങള്‍ ലോകത്തില്‍ ഏറെയുണ്ട്.
വിഞ്ജാനം ആര്‍ക്കുവേണ്ടിയാണ് ഉല്പാദിപ്പിക്കുന്നത് എന്നുകൂടി നാം ചോദിക്കേണ്ടിയിരിക്കുന്നു. കാര്‍ഷിക വിളകളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധങ്ങള്‍, കൃഷി ചെയ്യുന്നവരെക്കൂടി ഉദ്ദേശിച്ചാവണമല്ലോ എഴുതപ്പെടുന്നത്.
ഭാഷയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഭാഷ വളരുന്നത്. ഈ പ്രാഥമിക തത്വം പോലും നമ്മുടെ വിദഗ്ധര്‍ മറന്നു പോകുന്നു. നമ്മെക്കാള്‍ ജനസംഖ്യ കുറഞ്ഞ ചെറിയ ഭാഷകള്‍ ഇക്കാര്യങ്ങള്‍ ഭംഗിയായി നടത്തുന്നതിന്റെ അനുഭവങ്ങള്‍ ലോകത്തില്‍ ഏറെയുണ്ട്.
എങ്കില്‍ അത് കൃഷിക്കാരുടെയും ആ മണ്ഡലത്തില്‍ തൊഴിലെടുക്കുന്നവരുടെയും ഭാഷയില്‍ എഴുതപ്പെടണം. വിഞ്ജാനത്തിന്റെ ജനാധിപത്യവല്ക്കരണം സാധ്യമാകണമെങ്കില്‍ അത് മാതൃഭാഷയില്‍ ആവിഷ്‌കരിക്കപ്പെടണം.
ഭരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും മാത്രമല്ല, നമ്മുടെ ജീവിതത്തിന്റെയാകെ ഭാഷ മലയാളമായിരിക്കണം. എറണാകുളമോ, തൃശ്ശൂരോ പോലുള്ള നഗരങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ തോന്നുക, ഇംഗ്ലണ്ടിലൂടെയാണോ സഞ്ചരിക്കുന്നത് എന്നാണ്.
മലയാളത്തിനുവേണ്ടിയുള്ള വാദങ്ങള്‍ ഇതരഭാഷകള്‍ ക്കെതിരല്ല എന്നു വ്യക്തമാക്കപ്പെടുമ്പോള്‍ തന്നെ, ഇതരഭാഷകള്‍ മതി മലയാളം വേണ്ട എന്ന വാദത്തെ പ്രതിരോധിക്കേണ്ടത് എന്തുകൊണ്ട് എന്നും നമുക്കു തിരിച്ചറിയണം.
കാരണം നഗരത്തിലെ ബോര്‍ഡുകളെല്ലാം ഇംഗ്ലീഷിലാണ്. മിക്കയിടങ്ങളിലും മലയാളമില്ല. കടകളുടെ ബോര്‍ഡുകള്‍ മലയാളത്തില്‍ക്കൂടി എഴുതണമെന്നാവശ്യപ്പെട്ട് മലായാള ഐക്യവേദി ഒരു പ്രചാരണം നടത്തിയിരുന്നു.
നമ്മുടെ കടകളില്‍ വരുന്നവര്‍ക്ക്, സാധനങ്ങള്‍ കൊടുക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും മലയാളമറിയാം. അപ്പോള്‍ മലയാളനാട്ടില്‍ മറ്റു ഭാഷകള്‍ക്കൊപ്പം മലയാളം കൂടിവെച്ചുകൂടേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രചാരണം.
അന്നത് അത്ര കാര്യമായി പലരും ഗൗനിച്ചില്ല. പക്ഷേ ചെറുകിട വ്യാപാര മേഖലയില്‍ വിദേശകുത്തകകള്‍ വരുന്നു എന്നു വന്നപ്പോള്‍ വ്യാപാരികള്‍ സമരരംഗത്തിറങ്ങി. അപ്പോള്‍ മലയാള ഐക്യവേദി പ്രവര്‍ത്തകര്‍ വീണ്ടും ഇറങ്ങി.
ഇവിടെയുള്ളവര്‍ക്ക് ഇവിടുത്തെ വിപണി എന്നു പറയുന്നവര്‍ക്ക് മലയാളത്തില്‍ ഒരു ബോര്‍ഡു വെച്ചു കൂടേ എന്നു ചോദിച്ചു. അപ്പോഴാണ് ഭാഷയും നമ്മുടെ സമ്പദ്‌വിനിമയവും തമ്മിലുള്ള ബന്ധം അവര്‍ക്ക് വ്യക്തമായത്.
പരസ്പരമറിയുന്നമലയാളികള്‍ എന്തിനാണ് കല്യാണകത്തുകള്‍ ഇംഗ്ലീഷില്‍ അച്ചടിച്ചു നല്കുന്നത് എന്ന് നാം ചിന്തിക്കണം. നമ്മുടെയുള്ളില്‍ ഒരു പൊങ്ങച്ചമുണ്ട്. അതു പൊങ്ങച്ചം മാത്രമല്ല, ഒരു വര്‍ഗ താല്പര്യമാണ്. ആ പൊങ്ങച്ചത്തിന്റെ വര്‍ഗ താല്പര്യത്തിലാണ് കുഞ്ഞുണ്ണിമാഷ് പറഞ്ഞപ്പോലെ നാം “ഭാര്യയുടെ പേറങ്ങ്” ഇംഗ്ലണ്ടിലാക്കുന്നത്.[]
ഈ വാദങ്ങളെല്ലാം മാതൃഭാഷയ്ക്കുവേണ്ടിയാണ്. ഇതിനര്‍ത്ഥം മറ്റുഭാഷകള്‍ പഠിക്കേണ്ടതില്ല എന്നല്ല. എത്രയധികം ഭാഷകള്‍ നന്നായി പഠിക്കുന്നുവോ അത്രയും നല്ലത്, അവയില്‍ അനായാസം വിനിമയം നടത്താന്‍ കഴിയുന്നത് അതിലേറെ നല്ലത്. പക്ഷേ ഒരു കുഞ്ഞിന്റെ നൈസര്‍ഗ്ഗികമായ ഭാഷാ വളര്‍ച്ചയില്‍ മാതൃഭാഷയ്ക്കുള്ള സ്ഥാനം അംഗീകരിച്ചു കൊടുക്കണം.
മാതൃഭാഷയില്‍ ജീവിക്കാന്‍ കുട്ടികള്‍ക്കു സ്വാതന്ത്ര്യം നല്‍കണം. മലയാളികളായ നാം ഒരു സമൂഹമായി ജീവിക്കുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ് എന്ന് ഓര്‍ക്കണം. ആധുനിക സമൂഹങ്ങളെല്ലാം ഭാഷാ സമൂഹങ്ങളാണ്.
മത ജാതി വംശീയതകള്‍ക്കപ്പുറത്ത് സമൂഹത്തെ നിര്‍മ്മിക്കുന്ന പശിമയാണ് മാതൃഭാഷ. ആ പശിമ നഷ്ടപ്പെടുമ്പോള്‍ സമൂഹം ജാതിയോ മതമോ വംശമോ ആയി ചിതറുമെന്നും നാം അറിയണം.
അതുകൊണ്ട് എല്ലാ ജനവിഭാഗങ്ങള്‍ക്കും അവരുടെ മാതൃഭാഷയില്‍ ജീവിക്കുവാനും വിനിമയങ്ങള്‍ നടത്താനുമുള്ള അവകാശത്തെ അംഗീകരിച്ചുകൊടുക്കാന്‍ കഴിയണം. ഭാഷകളെ സംബന്ധിച്ച് ഏറ്റവും ജനാധിപത്യപരമായ നിലപാടായിരിക്കും അത്.
മലയാളത്തിനുവേണ്ടിയുള്ള വാദങ്ങള്‍ ഇതരഭാഷകള്‍ക്കെതിരല്ല എന്നു വ്യക്തമാക്കപ്പെടുമ്പോള്‍ത്തന്നെ, ഇതരഭാഷകള്‍ മതി മലയാളം വേണ്ട എന്ന വാദത്തെ പ്രതിരോധിക്കേണ്ടത് എന്തുകൊണ്ട് എന്നും നമുക്കു തിരിച്ചറിയണം. ഈ തിരിച്ചറിവിലേക്കു ഉണരുന്നതിന്റെ ഓര്‍മ്മപ്പെടുത്തലായിരിക്കട്ടെ ഈ ലോക മാതൃഭാഷാദിനം.
