മനുഷ്യരാശിയെ ആക്രമിക്കുന്ന, പ്രതികരിക്കുന്ന സംഘടനകളെ നിയമവിരുദ്ധമാക്കുന്ന ഒരു സര്‍ക്കാരുമായാണ് നിങ്ങള്‍ കൈകോര്‍ക്കുന്നത്; ഇ.യു- ഇസ്രഈല്‍ ഉച്ചകോടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍
World News
മനുഷ്യരാശിയെ ആക്രമിക്കുന്ന, പ്രതികരിക്കുന്ന സംഘടനകളെ നിയമവിരുദ്ധമാക്കുന്ന ഒരു സര്‍ക്കാരുമായാണ് നിങ്ങള്‍ കൈകോര്‍ക്കുന്നത്; ഇ.യു- ഇസ്രഈല്‍ ഉച്ചകോടിക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd October 2022, 5:32 pm

ടെല്‍ അവീവ്: വരാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍- ഇസ്രഈല്‍ ഉച്ചകോടിയെ അപലപിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍.

ഫലസ്തീനികള്‍ക്കെതിരായ അക്രമങ്ങളെയും വിവേചനത്തെയും നിയമവിധേയമാക്കാന്‍ മാത്രമേ ഈ ഉച്ചകോടി സഹായിക്കൂ എന്നാണ് സംഘടനകള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

”ഫലസ്തീനികള്‍ക്കെതിരെയുള്ള വര്‍ണവിവേചന കുറ്റകൃത്യമാണ് ഇസ്രഈല്‍ ചെയ്യുന്നത്. ഏത് സഹകരണവും ഇസ്രഈലിന്റെ ക്രൂരമായ അടിച്ചമര്‍ത്തലും ആധിപത്യവും തകര്‍ക്കുന്നതിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്,” ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട ഒരു പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇസ്രഈല്‍ അധികാരികള്‍ ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുക്കുന്നു, നിയമവിരുദ്ധമായി കൊലപാതകങ്ങള്‍ നടത്തുന്നു, കടുത്ത സഞ്ചാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഫലസ്തീനികള്‍ക്ക് മനുഷ്യത്വവും തുല്യ ദേശീയതയും പദവിയും നിഷേധിക്കുന്നു,” പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഉച്ചകോടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

”മനുഷ്യരാശിക്കെതിരായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന, ഇതിനെതിരെ പ്രതികരിക്കുന്ന പ്രമുഖ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ഒരു ഗവണ്‍മെന്റിന്റെ പ്രതിനിധികളുമായാണ് അവര്‍ കൈ കോര്‍ക്കാന്‍ പോകുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞിരിക്കണം,” ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ, ഈ വര്‍ഷമാദ്യം ഏഴ് ഫലസ്തീനിയന്‍ എന്‍.ജി.ഒകളുടെ ഓഫീസുകള്‍ ഇസ്രഈല്‍ സൈന്യം റെയ്ഡ് ചെയ്യുകയും അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

അതേസമയം, യൂറോപ്യന്‍ യൂണിയന്റെ ഔദ്യോഗിക പോളിസിയില്‍ മാറ്റമില്ലാത്തത് കൊണ്ട് ഉച്ചകോടിയുമായി മുമ്പോട്ട് പോകാനാണ് ഇസ്രഈലിന്റെ നീക്കം.

തിങ്കളാഴ്ചയാണ് ഉച്ചകോടി നടക്കുന്നത്. ഇ.യു- ഇസ്രഈല്‍ അസോസിയേഷന്‍ കൗണ്‍സില്‍ (EU- Israel Association Council) എന്നായിരിക്കും ഉച്ചകോടിയെ ഔദ്യോഗികമായി വിശേഷിപ്പിക്കുക.

2012ന് ശേഷം ആദ്യമായാണ് യൂറോപ്യന്‍ യൂണിയന്‍- ഇസ്രഈല്‍ ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിയിലൂടെ ഇസ്രഈലുമായുള്ള ബന്ധം വീണ്ടും ശക്തിപ്പെടുത്താനായിരിക്കും യൂറോപ്യന്‍ യൂണിയന്‍ നീക്കം.

റഷ്യ- ഉക്രൈന്‍ യുദ്ധം മൂലം യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇസ്രഈല്‍ ഈ ഉച്ചകോടി ഉപയോഗിക്കുമെന്ന വിലയിരുത്തലുകളും പുറത്തുവരുന്നുണ്ട്.

Content Highlight: International human rights groups condemn the upcoming EU-Israeli summit