ഹമാസിനോടുള്ള നിലപാട് മാറ്റണം, ഫലസ്തീന്‍ സര്‍ക്കാരിന്റെ ഭാഗമാകാന്‍ അനുവദിക്കണം; വിദേശരാജ്യങ്ങളോട് ക്രൈസിസ് ഗ്രൂപ്പ്
World News
ഹമാസിനോടുള്ള നിലപാട് മാറ്റണം, ഫലസ്തീന്‍ സര്‍ക്കാരിന്റെ ഭാഗമാകാന്‍ അനുവദിക്കണം; വിദേശരാജ്യങ്ങളോട് ക്രൈസിസ് ഗ്രൂപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th August 2021, 9:15 am

ഗാസ: ഹമാസിനോടുള്ള നിലപാടില്‍ വിദേശരാജ്യങ്ങള്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോകസംഘടനകള്‍. ഫലസ്തീനില്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഹമാസിനെ അനുവദിക്കണമെന്നും ഹമാസിനെ ഔദ്യോഗിക ഭരണകേന്ദ്രമായി അംഗീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ തയ്യാറാകണമെന്നുമാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ഫലസ്തീന്‍-ഇസ്രാഈല്‍ പ്രശ്‌നം പരിഹരിക്കുന്നതിനായി ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പ് (ഐ.സി.ജി), യു.എസ്/മിഡില്‍ ഈസ്റ്റ് പ്രോജക്ട്(യു.എസ്.എം.ഇ.പി) എന്നീ ഗ്രൂപ്പുകള്‍ നടത്തിയ സംയുക്ത പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളിലായി ഗാസയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണസംഭവങ്ങളെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്ക് സംഘടനകള്‍ കടന്നത്.

അമേരിക്ക, റഷ്യ, ഐക്യരാഷ്ട്ര സംഘടന, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളോടാണ് ഹമാസിനെതിരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങളില്‍ മാറ്റം വരുത്തണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം തന്നെ ഇസ്രാഈലിനെ അംഗീകരിക്കാനും അക്രമത്തെ അപലപിക്കാനും ഫലസ്തീനും ഇസ്രാഈലും തമ്മിലുള്ള ഉടമ്പടികള്‍ അംഗീകരിക്കാനും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

2006ല്‍ ഫലസ്തീനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച ഹമാസ് ഗാസ മുനമ്പിലെ സര്‍ക്കാര്‍ സംവിധാനമായിരുന്നു. ഈ തെരഞ്ഞെടുപ്പിനെയും ഹമാസിന്റെ വിജയത്തെയും യൂറോപ്യന്‍ യൂണിയന്‍ ആദ്യ ഘട്ടത്തില്‍ അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് നിരാകരിക്കുകയായിരുന്നു. അമേരിക്കയുടെയും ഇസ്രാഈലിന്റെയും നിലപാടുകളോടായിരുന്നു യൂറോപ്യന്‍ യൂണിയന്‍ ചേര്‍ന്നുനിന്നത്.

ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തെ പിന്തുണക്കുന്നുവെന്നാണ് ലോകരാഷ്ട്രങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഹമാസിനോടുള്ള ഇവരുടെ നിലപാട് ഫലസ്തീന്‍-ഇസ്രാഈല്‍ പ്രശ്‌നം പരിഹരിക്കുന്നതിന് തടസമാകുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

കിഴക്കന്‍ ജറുസലേമിലെ ഫലസ്തീന്‍ പൗരന്മാരെ കൂടി ഉള്‍പ്പെടുത്തുന്ന രീതിയില്‍ ഫലസ്തീനില്‍ തെരഞ്ഞെടുപ്പ് നടക്കണമെന്നും ആ തെരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കാന്‍ വിദേശരാജ്യങ്ങള്‍ തയ്യാറാകണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ഹമാസിനെ അംഗീകരിക്കാതിരിക്കുന്നത് വഴി ഫലസ്തീനെ വീണ്ടും വിഭജിക്കുന്നത് സമാധാനത്തിലേക്കോ കീഴടങ്ങലിലേക്കോ നയിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹമാസ് നടത്തിയ ആക്രമണങ്ങളും, ഇസ്രാഈല്‍ നടത്തുന്ന വ്യവസ്ഥാപിതമായ വിവേചനവും കുടിയൊഴിപ്പിക്കലും ഭൂമി കയ്യടക്കലും, എതിരഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്കെതിരെ ഫലസ്തീന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തലും തുടങ്ങി എല്ലാ വശങ്ങളിലെയും കുറ്റകരമായ നടപടികളെ കൂടി അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ആഴത്തില്‍ മനസിലാക്കണമെന്നും നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കല്‍, മസ്ജിദുല്‍ അഖ്‌സയെ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരല്‍, കിഴക്കന്‍ ജറുസലേമില്‍ നിന്നും ഫലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത് നിര്‍ത്തലാക്കല്‍ തുടങ്ങിയവ നടപ്പിലാകണമന്നും റിപ്പോര്‍ട്ട് പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: International Crisis Group calls for inclusion of Hamas in Palestinian politics