ഇ.ഡി ഉദ്യോഗസ്ഥനുള്‍പ്പെട്ട കോഴക്കേസില്‍ ആഭ്യന്തര അന്വേഷണം; ദല്‍ഹി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കേസ് അന്വേഷിക്കും
Kerala News
ഇ.ഡി ഉദ്യോഗസ്ഥനുള്‍പ്പെട്ട കോഴക്കേസില്‍ ആഭ്യന്തര അന്വേഷണം; ദല്‍ഹി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് കേസ് അന്വേഷിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th May 2025, 1:34 pm

ന്യൂദല്‍ഹി: ഇ.ഡി. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കോഴക്കേസില്‍ ഇ.സി.ഐ.ആര്‍ (എന്‍ഫോഴ്‌സ്‌മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തു. ദല്‍ഹി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനാണ് അന്വേഷണച്ചുമതല.

വിജിലന്‍സ് കേസിന് കാരണമായ ആരോപണങ്ങളടക്കം ടാസ്‌ക് ഫോഴ്‌സ് അന്വേഷിക്കും. കേസിലെ പരാതിക്കാരായ അനീഷ് ബാബുവിന് നാളെ (വെള്ളി) ദല്‍ഹിയില്‍ ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്.

എന്നാല്‍ ഈ സമന്‍സിനെതിരെ അനീഷ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അനീഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി അന്വേഷണത്തോട് സഹകരിക്കാന്‍ ഹരജിക്കാരനോട് ആവശ്യപ്പെട്ടിരുന്നു. അനീഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാവും ഇ.ഡി മറ്റ് നടപടികളിലേക്ക് കടക്കുക.

കോഴ ആരോപണത്തില്‍ ഒന്നാം പ്രതിയായ ഇ.ഡി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ ജാമ്യാപേക്ഷ അടുത്താഴ്ച്ച ഹൈക്കോടതി പരിഗണിക്കും. ശേഖര്‍ കുമാറാണ് കേസില്‍ ഉള്‍പ്പെട്ട ഏക ഇ.ഡി ഉദ്യോഗസ്ഥന്‍. മറ്റുള്ളവര്‍ എല്ലാം തന്നെ ഇടനിലക്കാരാണ്.

കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടത്തിയെന്ന് പറഞ്ഞാണ് വ്യവസായിയായ അനീഷ് കുമാറിന് ഇ.ഡി ഓഫീസറുടെ പേരില്‍ കോള്‍ ലഭിക്കുന്നത്. അതിന് ശേഷം ഇടനിലക്കാര്‍ ഇദ്ദേഹത്തെ സമീപിച്ച് രണ്ട് കോടി നല്‍കിയാല്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ഇ.ഡി ഓഫീസില്‍ നിന്ന് സമന്‍സും ലഭിച്ചു.

അനീഷിന്റൈ കൈയില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിക്കുന്നതിനിടെയാണ് ഇടനിലക്കാരായ വില്‍സന്‍ വര്‍ഗീസ്, മുരളി മുകേഷ് എന്നിവര്‍ വിജിലന്‍സ് പിടിയിലാവുന്നത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ പങ്കിലേക്ക് എത്തുന്നത്. ഇദ്ദേഹമാണ് കേസിലെ ഒന്നാം പ്രതി.

തമ്മനം വട്ടതുണ്ടിയില്‍ വില്‍സണ്‍ രണ്ടാം പ്രതിയും രാജസ്ഥാന്‍ തക്കത് ഖര്‍ സ്വദേശി മുകേഷ് കുമാര്‍ മൂന്നാം പ്രതിയുമാണ്. മറ്റൊരു ഇടനിലക്കാരനായ കൊച്ചി സ്വദേശി രജ്ഞിത്ത് നാലാം പ്രതിയാണ്.

Content Highlight: Internal inquiry into bribery case involving ED officer; Delhi Special Task Force will investigate the case